മയക്കുമരുന്ന് കടത്ത് കേസിൽ സമഗ്രാന്വേഷണം വേണം: ചെന്നിത്തല

Friday 04 September 2020 12:32 AM IST

തിരുവനന്തപുരം: ഭരണമുന്നണിയിലെ ഉന്നത നേതാക്കളുടെ മക്കൾക്കും ബന്ധുക്കൾക്കും മയക്കുമരുന്ന് കടത്തുമായി ബന്ധമുണ്ടെന്ന വാർത്തകളുടെ സാഹചര്യത്തിൽ സമഗ്രമായ അന്വേഷണം നടത്താൻ മുഖ്യമന്ത്രി നർകോട്ടിക് സെല്ലിനോട് നിർദ്ദേശിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സി.പി.എം ആക്രമണങ്ങൾക്കെതിരെ കെ.പി.സി.സിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച ഉപവാസത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി.പി.എം ഭരണത്തിന്റെ തണലിൽ കേരളത്തിൽ മയക്കുമരുന്ന് മാഫിയ അരങ്ങ് തകർക്കുകയാണ്. ഇതേക്കുറിച്ചെല്ലാം വിശദമായി അന്വേഷിക്കണം.

 മുഖം രക്ഷിക്കാൻ രക്തസാക്ഷികളെ സൃഷ്ടിക്കുന്നു
ഇടതുസർക്കാർ മുഖം രക്ഷിക്കാൻ രക്തസാക്ഷികളെ സൃഷ്ടിക്കുകയാണ്. കോൺഗ്രസിന്റെ ഓഫീസുകൾക്കും രക്താസാക്ഷി സ്തൂപങ്ങൾക്കും നേരെ സി.പി.എം ആക്രമണം അഴിച്ചുവിടുകയാണ്. വെഞ്ഞാറമൂട്ടിലെ കൊലപാതകമന്വേഷിക്കുന്ന ഡിവൈ.എസ്.പിയും സി.ഐയും കേസിൽ രാഷ്ട്രീയമില്ലെന്ന് പറഞ്ഞു. എസ്.പിയാണ് രാഷ്ട്രീയ കൊലപാതകമാണെന്ന് ആദ്യം പറഞ്ഞത്. കേട്ടപാതി കേൾക്കാത്ത പാതി കോടിയേരി ബാലകൃഷ്ണൻ ചാടിവീഴുകയായിരുന്നു. ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹിം എന്തിനാണ് വെളുപ്പിന് 2.45 പൊലീസ് സ്റ്റേഷനിലെത്തി സാക്ഷിയെ കണ്ട് സംസാരിച്ചതെന്ന് വ്യക്തമാക്കണം. വെഞ്ഞാറമൂട് സംഭവത്തിൽ സി.ബി.ഐ അന്വേഷണം വേണമെന്ന അടൂർ പ്രകാശ് എം.പിയുടെ നിലപാടിനെ പിന്തുണയ്ക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.