മയക്കുമരുന്ന് ഇടപാടിലെ ഉന്നത ബന്ധം അന്വേഷിക്കണം: മുല്ലപ്പള്ളി

Friday 04 September 2020 12:45 AM IST

തിരുവനന്തപുരം: സമുന്നത സി.പി.എം നേതാവിന്റെ മകന് മയക്കുമരുന്ന് ശൃംഖലയുമായി ബന്ധമുണ്ടെന്ന വെളിപ്പെടുത്തൽ ഗൗരവമുള്ളതാണെന്നും ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. കോൺഗ്രസ് ഓഫീസുകൾക്കെതിരായ സി.പി.എമ്മിന്റെ അക്രമം അവസാനിപ്പിക്കണമെന്നും സമാധാനം പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് ഡി.സി.സി അദ്ധ്യക്ഷൻമാരുടെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സത്യാഗ്രഹത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ഡി.സി.സി ഓഫീസിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

പെരിയ ഇരട്ടക്കൊലയുടെ പൂർണ ഉത്തരവാദിത്വം സി.പി.എമ്മിനാണെന്ന കുറ്റസമ്മതമാണ് സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പരസ്യപ്രസ്താവനയിലൂടെ പുറത്തുവന്നത്. യഥാർത്ഥ പ്രതികളുടെ പേര് അദ്ദേഹം വെളിപ്പെടുത്തണം. ജനങ്ങളോട് പ്രതിബദ്ധതയുണ്ടെങ്കിൽ ആയുധം താഴെവയ്ക്കാൻ അണികൾക്ക് മുഖ്യമന്ത്രിയും പാർട്ടിസെക്രട്ടറിയും നിർദ്ദേശം നൽകണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.