മുറുക്കി ചുവപ്പിച്ച് പ്രതിസന്ധി
പാക്കിസ്ഥാനികളുടെ ചുണ്ട് വരെ മുറുക്കി ചുവപ്പിച്ച പാരമ്പര്യമുണ്ട് തിരൂർ വെറ്റിലയ്ക്ക്. രുചിയിലും ഭംഗിയിലും മുമ്പനായതിനാൽ വെറ്റില ചെല്ലങ്ങളിൽ നിറഞ്ഞുനിന്നിരുന്നു. വിദേശങ്ങളിലേക്കും രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലേക്കും പ്രതിദിനം 20 ക്വിന്റലിലേറെ വെറ്റില കയറ്റി അയച്ചിരുന്ന സ്ഥാനത്ത് ഇന്ന് നാമമാത്രമാണ്. കൊവിഡോടെ കയറ്റുമതി വീണ്ടും കുറഞ്ഞു. ഏറെ കാത്തിരിപ്പിന് ശേഷം ലഭിച്ച ഭൗമസൂചിക പദവിക്കും കർഷകരുടെ ജീവിതത്തിൽ സ്വാധീനമുണ്ടാക്കാനായിട്ടില്ല. ജനുവരിയിൽ കൃഷി മന്ത്രി വി.എസ്.സുനിൽകുമാറാണ് ഭൗമസൂചിക പദവി പ്രഖ്യാപനം നടത്തിയത്. പാലക്കാടൻ മട്ട, ആറന്മുള കണ്ണാടി, ആലപ്പുഴ കയർ പോലെ ഭൗമസൂചികാ പദവിയിലൂടെ ലോകവിപണിയിലടക്കം കൂടുതൽ സ്വീകാര്യത കൈവരിക്കാനാവുമെന്ന പ്രതീക്ഷയിലായിരുന്നു വെറ്റില കർഷകരെങ്കിലും ഇതിനുള്ള യാതൊരു നടപടിയും സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. തിരൂർ വെറ്റിലയെ വീണ്ടും വിദേശ വിപണിയിലെത്തിക്കാനാണ് കർഷക കൂട്ടായ്മയായ തിരൂർ വെറ്റില ഉത്പാദക സംഘത്തിന്റെ നീക്കം. വെറ്റിലയ്ക്ക് ഏറെ ആവശ്യക്കാരുള്ള ബംഗ്ലാദേശിനെയാണ് ലക്ഷ്യമിടുന്നത്. ഇതിന് കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ പിന്തുണ അനിവാര്യമാണ്. ഉത്തർപ്രദേശ്, ഡൽഹി, മഹാരാഷ്ട്ര, രാജസ്ഥാൻ എന്നിവിടങ്ങളിലേക്ക് അയയ്‌ക്കുന്നത് വർദ്ധിപ്പിക്കാനും കർഷകർക്ക് പദ്ധതിയുണ്ട്.
തിരൂർ, തിരൂരങ്ങാടി, താനൂർ, ചെമ്മാട്, വളാഞ്ചേരി, ആതവനാട്, വേങ്ങര, കോട്ടയ്ക്കൽ, ഒതുക്കുങ്ങൽ, തുവ്വക്കാട്, വൈലത്തൂർ, എടരിക്കോട് മേഖലകളിലായി 6,000ത്തോളം പാരമ്പര്യ കർഷകരുണ്ട്.
തിരൂർ വെറ്റില
ചില്ലറക്കാരനല്ല
ഒരുനൂറ്റാണ്ടിലേറെ പാരമ്പര്യമുണ്ട് തിരൂരിലെ വെറ്റില കൃഷിക്ക്. ഈ പ്രദേശങ്ങളിലെ മണ്ണിന്റെ പ്രത്യേകതയിൽ തഴച്ചു വളരുന്നുണ്ട് തിരൂർ വെറ്റില. ഭംഗി, എരിവ്, കനംകുറവ്, ഔഷധ ഗുണം എന്നിവയിൽ മുന്നിലാണെന്നതിനാൽ വെറ്റിലയുടെ പ്രശസ്തി കടൽ കടന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വെറ്റില കച്ചവടക്കാർ തിരൂരിലേക്കെത്തി. ഇതോടെ പാൻ ബസാറെന്ന പേരിൽ തിരൂരിൽ പ്രത്യേക ചന്ത തന്നെ തുടങ്ങി. വിദേശ രാജ്യങ്ങളിലെ കച്ചവടക്കാരുമായി കത്തുകളിലൂടെയായിരുന്നു ഇടപാടുകൾ. പാക്കിസ്ഥാനിലേക്കും ബംഗ്ലാദേശിലേക്കുമുള്ള കത്തുകൾ കൊണ്ട് സമീപ പോസ്റ്റ് ഓഫീസുകൾ നിറഞ്ഞതോടെ വെറ്റില കർഷകർക്കും വ്യാപാരികൾക്കും മാത്രമായി പ്രത്യേക തപാൽ ഓഫീസ് തന്നെ തപാൽ വകുപ്പ് അനുവദിച്ചു. പഴയകാല പ്രൗഢിയുടെ പ്രതീകമായി ഇന്നും അവിടെയുണ്ട് ഈ പോസ്റ്റ് ഓഫീസ്. പല നാടുകളിലേക്ക് തിരൂർ വെറ്റില പറിച്ചുനട്ടെങ്കിലും അവിടങ്ങളിലൊന്നും വേണ്ടത്ര വേരുപിടിച്ചില്ല. മറ്റേത് വെറ്റിലകളെയും കവച്ചുവെയ്ക്കാൻ തിരൂർ വെറ്റിലയ്ക്ക് കഴിയുമെന്ന ഉറച്ച വിശ്വാസം കർഷകർക്കുണ്ടെങ്കിലും വിപണിയിൽ എത്തിപ്പെടുകയാണ് മുന്നിലെ വെല്ലുവിളി. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ സഹായം ഇതിൽ നിർണായകമാണ്.
തിരിച്ചുപിടിക്കണം പ്രതാപം
ശ്രീലങ്കയിൽ വെറ്റില കൃഷി തുടങ്ങിയതോടെയാണ് തിരൂർ വെറ്റിലയുടെ പ്രതാപത്തിന് ഇടിവ് തട്ടിയത്. നയതന്ത്ര പ്രശ്നങ്ങളെ തുടർന്ന് വെറ്റിലയുടെ പ്രധാന ആവശ്യക്കാരായിരുന്ന പാക്കിസ്ഥാനിലേക്ക് കയറ്റുമതി നിന്നു. ഇത് ശ്രീലങ്ക അവസരമാക്കി. ഇതിനുപിന്നാലെ പ്രാദേശിക വിപണിയിൽ ഇടനിലക്കാരുടെ ചൂഷണം മൂലം ഉത്പാദനച്ചെലവ് പോലും തിരിച്ചുകിട്ടാതെ വന്നതോടെ തിരൂർ വെറ്റിലയുടെ പ്രതാപം കൂടുതൽ മങ്ങി. നൂറ് വെറ്റിലകളടങ്ങുന്ന ഒരുകെട്ടിന് 100 രൂപ കിട്ടിയിരുന്ന സ്ഥാനത്തിപ്പോൾ 50 രൂപയിൽ താഴെയാണ് ലഭിക്കുന്നത്. വിലയിൽ മിക്കപ്പോഴും സ്ഥിരതയില്ല. ഉത്പാദനം കൂടുമ്പോൾ ഏജന്റുമാർ വെറ്റില വില കുത്തനെ കുറയ്ക്കും. ഇത്തരത്തിൽ 15 രൂപയിലേക്ക് വരെ വില താഴ്ന്നിട്ടുണ്ട്. നേരത്തെ തിരൂർ, തുവക്കാട്, വളാഞ്ചേരി എന്നിവിടങ്ങളിൽ വെറ്റിലച്ചന്തകൾ ഉണ്ടായിരുന്നെങ്കിൽ നിലവിൽ കൽപ്പകഞ്ചേരിയിലും കോട്ടയ്ക്കലിലും ആഴ്ച ചന്തകളാണുള്ളത്. കൊവിഡിൽ ഇത് പലപ്പോഴും മുടങ്ങി.
വേണം നടപടികൾ
ചില ആയുർവേദ മരുന്നുകളിൽ വെറ്റില ഉപയോഗിക്കുന്നുണ്ട്. ഔഷധ ഗുണം കൂടുതലാണെന്നതിനാൽ തിരൂർ വെറ്റിലയാണ് പലരും തിരഞ്ഞെടുക്കുന്നത്. എന്നാൽ വിലക്കുറവ് ലക്ഷ്യമിട്ട് സെക്കന്റ് ക്വാളിറ്റി വെറ്റിലകൾക്കാണ് ആവശ്യക്കാർ കൂടുതൽ. ഭംഗിയും കേടുപാടുകളുമില്ലാത്ത വെറ്റില ഇലകളാണ് ഫസ്റ്റ് ക്വാളിറ്റിയിൽ ഉൾപ്പെടുക. വെറ്റിലയുടെ ഔഷധഗുണം സംബന്ധിച്ച് കൂടുതൽ പഠനം നടത്തണമെന്നാണ് കർഷകരുടെ ആവശ്യം.
രണ്ട് പ്രളയങ്ങളിലും വെറ്റില കർഷകർക്ക് കാര്യമായ നഷ്ടങ്ങളുണ്ടായിട്ടുണ്ട്. എന്നാൽ നഷ്ടപരിഹാരമായി ലഭിച്ചത് നാമമാത്രമായ തുകയാണ്. വിളനഷ്ടപരിഹാരമായി ഒരു കുരുമുളക് വള്ളിക്ക് 150 രൂപ ലഭിക്കുമ്പോൾ വെറ്റിലയ്ക്ക് സെന്റിന് 300 രൂപയാണ് ലഭിക്കുന്നത്. കാർഷിക വിളയായി അംഗീകരിക്കാത്തതാണ് പ്രധാന തടസം.
ലോക്കായി കർഷകർ
ഉത്തർപ്രദേശ്, ഡൽഹി, മഹാരാഷ്ട്ര, രാജസ്ഥാൻ എന്നിവിടങ്ങളിലേക്ക് ട്രെയിൻ മാർഗ്ഗം പ്രതിദിനം 25,000 കെട്ട് വെറ്റില കയറ്റിയയച്ചിരുന്നു. ഒരുകെട്ടിൽ 80 വെറ്റിലയെന്ന നിരക്കിൽ 20 ലക്ഷം വെറ്റിലകളുണ്ടാവും. വിളവിൽ നല്ലൊരുപങ്കും ഇവിടങ്ങളിലേക്കായിരുന്നു. കൊവിഡിൽ ട്രെയിൻ താളംതെറ്റിയതോടെ കയറ്റുമതിയും കുറഞ്ഞു. നിലവിൽ ആഴ്‌ചയിൽ രണ്ട് ദിവസം നിസാമുദ്ദീൻ എക്സ്‌പ്രസ് വഴിയാണ് വെറ്റില കയറ്റിയയക്കുന്നത്. നിസാമുദ്ദീൻ തിരൂരിൽ നിർത്തുന്ന സമയം തീരെ കുറവായതിനാൽ ഷൊർണ്ണൂരിലും എറണാകുളത്തും വെറ്റില എത്തിച്ചാണ് ട്രെയിനിൽ കയറ്റുന്നത്. അധിക ചെലവ് പരിഗണിച്ച് തിരൂരിൽ ലഗേജ് കയറ്റാൻ സമയം അനുവദിക്കണമെന്ന കർഷകരുടെ ആവശ്യം പരിഗണിക്കുന്നില്ല.
ആഴ്ച്ചയിൽ 50,000 കെട്ടാണ് സംസ്ഥാനത്തിനകത്ത് വിറ്റിരുന്നത്. അന്യസംസ്ഥാന തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങിയതും ജോലി കുറഞ്ഞതും കേരളത്തിൽ ചില്ലറ വില്‌പന കുറയാൻ കാരണമായി. ബംഗാളികളും തമിഴരുമാണ് പ്രധാന ആവശ്യക്കാർ. കർഷകരുടെ ദുരവസ്ഥ വെറ്റില കച്ചവടക്കാർ അവസരമാക്കിയതോടെ ചെലവ് തുക പോലും ലഭിക്കുന്നില്ല. കൊവിഡിൽ കച്ചവടം കുറഞ്ഞതോടെ ഒരുകെട്ടിന് 15 രൂപയായി. ഓഫ് സീസണിൽ പോലും 35 രൂപയെങ്കിലും കിട്ടുന്ന സ്ഥാനത്താണിത്. മാസത്തിലൊരിക്കൽ വെറ്റില നുള്ളിയിട്ടില്ലെങ്കിൽ ഭാരം താങ്ങാനാവാതെ വെറ്റിലയുടെ താങ്ങ് തകർന്ന് വലിയ നഷ്ടമുണ്ടാവും എന്നതിനാൽ കിട്ടിയ വിലയ്ക്ക് വിൽക്കാൻ കർഷകർ നിർബന്ധിതരാവുകയാണ്.
കൃഷിയുടെ വേരറുക്കരുത്
വെറ്റില കൃഷി വലിയ നഷ്ടത്തിലാണ് മുന്നോട്ടുപോവുന്നത്. ഇങ്ങനെ പോയാൽ കൃഷിയുടെ വേര് തന്നെ അറുക്കപ്പെടും. വെറ്റിലയുടെ ഔഷധമൂല്യം പ്രയോജപ്പെടുത്താൻ കൂടുതൽ പഠനങ്ങൾക്ക് സർക്കാർ മുൻകൈയെടുക്കണം.
വീരാൻകുട്ടി ,
തിരൂർ വെറ്റില ഉത്പാദക സംഘം
സെക്രട്ടറി