ലൈംഗികാരോപണം 'ട്രെൻഡായെന്ന്' ചീഫ് ജസ്റ്റിസ്
ന്യൂഡൽഹി: എതിർകക്ഷിയോടുള്ള വൈരാഗ്യത്തെ തുടർന്നുള്ള ലൈംഗികാരോപണം 'ട്രെൻഡായി" മാറിയെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ. മദ്ധ്യപ്രദേശിലെ ജില്ലാ ജഡ്ജിക്കെതിരെ സഹപ്രവർത്തക നൽകിയ ലൈംഗികാരോപണ കേസിന്റെ വാദത്തിനിടെയാണ് ചീഫ് ജസ്റ്റിസുൾപ്പെട്ട മൂന്നംഗ ബെഞ്ചിന്റെ പ്രതികരണമുണ്ടായത്.
പരാതി റദ്ദാക്കണമെന്നായിരുന്നു മദ്ധ്യപ്രദേശ് ജില്ലാ ജഡ്ജിയുടെ ആവശ്യം. ജഡ്ജിക്കെതിരെയുള്ള അച്ചടക്ക നടപടികൾ സ്റ്റേ ചെയ്‌ത സുപ്രീംകോടതി വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസും നൽകി. മാർച്ച് 2018ലാണ് മദ്ധ്യപ്രദേശിലെ മുതിർന്ന ജില്ലാ ജഡ്ജി ലൈംഗികമായി ആക്രമിച്ചുവെന്നാരോപിച്ച് യുവതി ജുഡിഷ്യറിയിലെ ആഭ്യന്തര കമ്മിറ്റിക്ക് പരാതി നൽകിയത്. എന്നാൽ 32 വർഷമായി കുറ്റമറ്റ ഔദ്യോഗിക ജീവിതം നയിക്കുന്ന തനിക്ക് ഹൈക്കോടതി ജഡ്ജിയായി നിയമനം ലഭിക്കാതിരിക്കാനുള്ള ആരോപണം മാത്രമാണിതെന്നാണ് ജഡ്ജിയുടെ വാദം.