സമാധാനം പുലർത്താൻ പരസ്പര വിശ്വാസം വേണം:രാജ്നാഥ്സിംഗ്

Friday 04 September 2020 10:42 PM IST

ന്യൂഡൽഹി: മേഖലയിൽ സമാധാനം നിലനിറുത്താനും പുരോഗതി കൈവരിക്കാനും പരസ്പര വിശ്വാസത്തിന്റെയും അക്രമരാഹിത്യത്തിന്റെയും അന്തരീക്ഷം ആവശ്യമാണെന്നും അതാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും റഷ്യയിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ ഓർഗനൈസേഷൻ രാജ്യങ്ങളുടെ സമ്മേളനത്തിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. ചൈനീസ് പ്രതിരോധമന്ത്രി വേയ്ഫെൻഹെയും പങ്കെടുക്കുന്ന യോഗത്തിലാണ് അതിർത്തി സംഘർഷം പരാമർശിച്ച് ഇങ്ങനെ പറഞ്ഞത്.

ഇന്ത്യയും പാകിസ്ഥാനും അടക്കം എട്ട് ഏഷ്യൻ രാജ്യങ്ങളിലെ പ്രതിരോധ മന്ത്രിമാർ പങ്കെടുക്കുന്ന സമ്മേളനം ഇന്ന് സമാപിക്കും.

ലോക ജനസംഖ്യയുടെ 40 ശതമാനം വസിക്കുന്ന മേഖലയിൽ രാജ്യങ്ങൾക്കിടയിൽ പരസ്‌‌പര വിശ്വാസവും സഹകരണവും സഹാനുഭൂതിയും അന്താരാഷ്‌ട്ര നിയമങ്ങളുടെ പാലനവുമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. അതത് രാജ്യങ്ങളുടെ താത്പര്യങ്ങൾ സംരക്ഷിക്കാനും ഭിന്നതകൾ സമാധാനപരമായി പരിഹരിക്കാനും നടപടികൾ വേണം. പേർഷ്യൻ ഗൾഫ് കടലിലെ സംഘർഷങ്ങളെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. ഗൾഫ് മേഖലകളിലെ രാജ്യങ്ങളുമായി ഇന്ത്യയ്‌ക്ക് സാംസ്‌കാരികവും പരമ്പരാഗതവുമായ ബന്ധമുണ്ട്. രാജ്യങ്ങളുടെ അഖണ്ഡതയെ മാനിച്ചും പരസ്‌പര ബഹുമാനം നിലനിറുത്തിയും അഭ്യന്തര കാര്യങ്ങളിൽ പരസ്‌പരം ഇടപെടാതെയുമുള്ള നടപടികൾ വേണം.

ഭീകരപ്രവർത്തനം, മയക്കുമരുന്നുകടത്ത്, കുറ്റകൃത്യങ്ങൾ എന്നിവ സംയുക്തമായി നേരിടണം. എല്ലാ തരത്തിലുമുള്ള ഭീകരതയെ ഇന്ത്യ എതിർക്കുന്നു. ഷാങ് ഹായ് സഹകരണ സംഘടനയുടെ ഭീകരവിരുദ്ധ നടപടികളെ സ്വാഗതം ചെയ്ത രാജ്നാഥ്, അഫ്ഗാനിസ്ഥാനിലെ സമാധാന ശ്രമങ്ങൾക്ക് മുൻതൂക്കം നൽകണമെന്ന് ചൂണ്ടിക്കാട്ടി.