പച്ചക്കറി വ്യാപാരിയെ തട്ടിക്കൊണ്ടുപോയ സംഭവം: അഞ്ചുപേർ പിടിയിൽ
വെള്ളറട: ആനപ്പാറയിൽ നിന്നു പച്ചക്കറി വ്യാപാരിയെ കാറിൽ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ അഞ്ചുപേർ പിടിയിലായി. പോത്തൻകോട് സ്വദേശികളായ ഷാജി ഷാഹുൽ, ഷാജഹാൻ, നിസാം, തമിഴ്നാട് സ്വദേശി ഷിബു, വെള്ളനാട് സ്വദേശി സിദ്ദിഖ് എന്നിവരാണ് പിടിയിലായത്. ആനപ്പാറ കിഴക്കേക്കര ബിനു ഭവനിൽ ബിനുവിനെ വ്യാഴാഴ്ച വൈകിട്ട് മൂന്നോടെ കാറിലെത്തിയ അഞ്ചംഗ സംഘം തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് ഭാര്യ സുനിത വെള്ളറട പൊലീസിൽ പരാതി നൽകിയിരുന്നു. പോത്തൻകോട് സ്വദേശി ഷാഹുലിന്റെ നേതൃത്വത്തിലാണ് തട്ടിക്കൊണ്ടുപോയതെന്ന് ഇവർ അറിയിച്ചതിനെ തുടർന്ന് വെള്ളറട പൊലീസ് മറ്റു പൊലീസ് സ്റ്റേഷനുകളിലും പോത്തൻകോട് പൊലീസിലും വിവരം കൈമാറി. ഇതിനിടെ പോത്തൻകോട് എസ്.ഐ അജീഷിന്റെ നേതൃത്വത്തിലുള്ള സംഘം ഇവരെ രാത്രി തന്നെ പിടികൂടി. പ്രതികളെ അറസ്റ്റുചെയ്‌ത ശേഷം ബിനുവിനെ വിട്ടയച്ചു. പോത്തൻകോട് സ്വദേശിയായ പച്ചക്കറി മൊത്തവ്യാപാരി ഷാജി ഷാഹുലിന് പച്ചക്കറിയെടുത്ത വകയിൽ ഒരുലക്ഷത്തിലേറെ രൂപ ബിനു നൽകാനുണ്ട്. പലതവണ ചോദിച്ചിട്ടും പണം നൽകാത്തതിനെ തുടർന്നാണ് ഇന്നലെ തട്ടിക്കൊണ്ടുപോയതെന്നാണ് പൊലീസ് പറയുന്നത്. പിടിയിലായവരെയും വാഹനവും വെള്ളറട സി.ഐ എം. ശ്രീകുമാർ, എസ്.ഐ സതീഷ് ശേഖർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പോത്തൻകോട്ടെത്തി കസ്റ്റഡിയിലെടുത്തു. കേസെടുത്ത ശേഷം പ്രതികളെ ജാമ്യത്തിൽ വിട്ടയച്ചു.