ഉദ്ഘാടന ദിവസം പദ്ധതിയും നിലച്ചു
പാലോട്: കാടിന്റെ മക്കൾക്ക് തെളിനീര് നൽകാൻ പെരിങ്ങമ്മല ഗ്രാമപഞ്ചായത്തിൽ നടപ്പാക്കിയ കുറുപ്പൻകാല കുടിവെള്ള പദ്ധതിയുടെ നട്ടെല്ലൊടിഞ്ഞിട്ട് ഒരു പതിറ്റാണ്ട്. ചിറ്റൂർ മിനി വാട്ടർ സപ്ലെ സ്കീം പദ്ധതിയിലൂടെ വാമനപുരം ബ്ലോക്ക് പഞ്ചായത്താണ് 2010ൽ പദ്ധതി നടപ്പാക്കിയത്. 11 ലക്ഷത്തിന്റെ പദ്ധതി എം.എൽ.എയായിരുന്ന ജെ. അരുന്ധതിയാണ് നാടിന് സമർപ്പിച്ചത്. കുറുപ്പൻകാലയിലെ ആദിവാസികളുടെ കുടിവെള്ള പ്രശ്നം ശാശ്വതമായി പരിഹരിക്കുന്നതിനായി സ്വകാര്യ വ്യക്തി ബ്ലോക്ക് പഞ്ചായത്തിന് നൽകിയ 30 സെന്റിലാണ് പമ്പ് ഹൗസും വാട്ടർ ടാങ്കും നിർമ്മിച്ചത്. എന്നാൽ ഉദ്ഘാടന ദിവസം മാത്രമാണ് ആദിവാസികളുൾപ്പെടെയുള്ളവർക്ക് വെള്ളം ലഭിച്ചത്. നൂറിലധികം കുടുംബങ്ങളാണ് ഇവിടെയുള്ളത്. പലരും കിലോമീറ്ററുകൾ നടന്ന് കാട്ടരുവിയിൽ നിന്നാണ് വെള്ളമെടുക്കുന്നത്. പക്ഷേ ഇപ്പോഴും പ്രവർത്തിക്കുന്ന പമ്പ് ഹൗസിൽ നിന്ന് ഞാറനീലി ട്രൈബൽ സി.ബി.എസ്.ഇ സ്കൂളിലേക്ക് കുടിവെള്ളമെത്തിക്കുന്നത്. ഇതിനോടനുബന്ധിച്ച് വീടുകളിൽ പൈപ്പുകൾ സ്ഥാപിച്ചെങ്കിലും ഇതുവരെ ഒരു തുള്ളി വെള്ളം പോലും കിട്ടിയിട്ടില്ല. പരാതികളും നിവേദനങ്ങളുമായി നാട്ടുകാർ ഓഫീസുകൾ കയറിയിറങ്ങിയെങ്കിലും അവഗണന മാത്രമായിരുന്നു ഫലം.
സുഭദ്രഅമ്മയ്ക്ക് കിട്ടിയ
ഉറപ്പും പാഴായി
ഞാറനീലി കുറുപ്പൻകാല പടിഞ്ഞാറ്റിൻകര വീട്ടിൽ സുഭദ്രഅമ്മയാണ് (70) കുടിവെള്ളപദ്ധതിക്കായി 30 സെന്റും അങ്കണവാടിക്കായി അഞ്ച് സെന്റും സൗജന്യമായി നൽകിയത്. സ്ഥലം കൊടുത്തപ്പോൾ അധികാരികൾ കുടുംബത്തിലെ ഒരാൾക്ക് തൊഴിൽ നൽകുമെന്ന് ഉറപ്പ് നൽകിയെങ്കിലും ജലരേഖയായി. കുറച്ചുദിവസം ഞാറനീലി സ്കൂളിൽ താത്കാലികമായി ജോലി നൽകിയെങ്കിലും പിരിച്ചുവിട്ടു.