ദിവസം രണ്ടുപേർക്ക് മാത്രം ലഭിക്കുന്ന അവസരം, കപാലി ജാതകം എഴുതിയാൽ....
ആരായിരിക്കണം യഥാർത്ഥ ജ്യോതിഷി എന്ന് അറിയണമെങ്കിൽ കപാലി എന്ന മഹാജ്യോതിഷ പണ്ഡിതന്റെ ജീവിതത്തിലൂടെ നമുക്ക് സഞ്ചരിക്കേണ്ടിയിരിക്കുന്നു. അന്ധകാരമാകുന്ന അജ്ഞതയിലേക്ക് വെളിച്ചം വീശുന്നത് എന്നാണ് ജ്യോതിഷം എന്ന വാക്കിന്റ അർത്ഥം പ്രതിധ്വനിപ്പിക്കുന്നത്. ഹൈന്ദവ വിശ്വാസമനുസരിച്ച് 'വേദങ്ങളുടെ കണ്ണ് " ആണ് ജ്യോതിഷശാസ്ത്രം. അതുകൊണ്ടു തന്നെ വേദാംഗമായ ജ്യോതിഷത്തെ അറിയുന്നയാളാകണം ജ്യോതിഷി. ഗ്രന്ഥങ്ങൾ മാത്രം അവലംബിച്ചതുകൊണ്ട് ഒരാൾ ജ്യോതിഷിയാകുന്നില്ല. ആരായിരിക്കണം യഥാർത്ഥ ജ്യോതിഷി എന്ന് അറിയണമെങ്കിൽ കപാലി എന്ന മഹാജ്യോതിഷ പണ്ഡിതന്റെ ജീവിതത്തിലൂടെ നമുക്ക് സഞ്ചരിക്കേണ്ടിയിരിക്കുന്നു. 1942ൽ കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് മുക്കുന്ന് ദേശത്താണ് എം.എം കപാലിയുടെ ജനനം. തുടർന്നുള്ള ജീവിതം അദ്ദേഹത്തിന്റെ വാക്കുകളിൽ.
രാഷ്ട്രീയത്തിൽ നിന്ന് ജ്യോതിഷത്തിലേക്ക് ? രണ്ടാം ക്ലാസ് വരെയേ പഠിച്ചുള്ളൂ. അച്ഛന്റെ നിർബന്ധത്തെ തുടർന്ന് ഉപനയനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ നടത്തേണ്ടതുണ്ടായിരുന്നു. പതിനൊന്നു വയസുള്ളപ്പോഴായിരുന്നു അച്ഛന്റെ മരണം. അച്ഛൻ വേണ്ടെന്ന് പറഞ്ഞതിനാൽ പിന്നെ പഠിക്കാൻ തോന്നിയില്ല. പിന്നീട് വീടു നോക്കേണ്ടി വന്നു. 24ാം വയസിൽ വിവാഹിതനായി. അക്കാലത്ത് ഭാരതീയ ജനസംഘത്തിന്റെ പ്രവർത്തകനായിരുന്നു. പാർട്ടി പിരിവുമായി ബന്ധപ്പെട്ട് പ്രമുഖ ജ്യോതിഷനായ പി.കെ. കൃഷ്ണൻ നായരുടെ വീട് സന്ദർശിച്ചത് വഴിത്തിരിവായി. സംഭാഷണത്തിനിടെ ജ്യോതിഷത്തോടുള്ള എന്റെ താത്പര്യവും വാസനയും അദ്ദേഹം തിരിച്ചറിഞ്ഞു. ജ്യോതിഷം പഠിച്ചുകൂടേ എന്ന അദ്ദേഹത്തിന്റെ ചോദ്യമാണ് ഈ കർമ്മപഥത്തിൽ എത്തിച്ചത്. അന്ന് ഗുരുനാഥൻ ഒന്നേ ആവശ്യപ്പെട്ടുള്ളൂ, രാഷ്ട്രീയം ഉപേക്ഷിക്കണം. ഒരു രാഷ്ട്രീയ പാർട്ടിയോടുള്ള അനുഭാവവും ഈ രംഗത്ത് പറ്റില്ലെന്ന് അദ്ദേഹം നിഷ്കർഷിച്ചു. ഗുരുവചനം മനസാ സ്വീകരിച്ച് രാഷ്ട്രീയം ഉപേക്ഷിച്ചു. അവിടുന്നിങ്ങോട്ട് ഈ 78-ാം വയസിലും ജ്യോതിശാസ്ത്രം തന്നെയാണ് ജീവിതം. പരമസത്യമായ ആ ശാസ്ത്രത്തെ ഇപ്പോഴും പഠിച്ചു കൊണ്ടേയിരിക്കുന്നു.
ആരായിരിക്കണം ജ്യോതിഷി? ബ്രഹ്മാവിൽ നിന്നാണ് ജ്യോതിഷശാസ്ത്രത്തിന്റെ ഉത്ഭവം. വസിഷ്ഠൻ തുടങ്ങി പരാശരൻ വരെയുള്ള 18 ഋഷിമാർക്ക് ബ്രഹ്മാവ് അത് പകർന്നു നൽകി. ഭാരതീയ ജ്യോതിഷ ശാസ്ത്രത്തിന്റെ ആദ്യ പ്രൊഫസർമാരായി കണക്കാക്കുന്നത് ഇവരെയാണ്. ആദ്യത്തെ ആധികാരികമായ ഗ്രന്ഥങ്ങളൊന്നും ഇന്ന് ലഭ്യമല്ല. ഒരു മനുഷ്യ ജന്മം കൊണ്ട് പഠിക്കാൻ കഴിയുന്ന ശാസ്ത്രമല്ലിത്. കച്ചവട സമ്പ്രദായത്തിൽ സമീപിക്കേണ്ട ഒന്നല്ല ജ്യോതിഷ ശാസ്ത്രം. അതു ലക്ഷ്യമാക്കിയുള്ള പ്രവചനങ്ങൾ ഒന്നും തന്നെ ഫലിക്കാനും പോകുന്നില്ല. സ്വന്തം സമ്പാദ്യത്തിനു വേണ്ടിയാകമ്പോൾ പ്രവചനം ഫലപ്രദവുമാകില്ലെന്ന് മാത്രമല്ല, വിജയിക്കുകയുമില്ല.
ചൊവ്വാദോഷം എന്നൊക്കെ പറയാറുണ്ട്. ഗ്രഹങ്ങൾ എങ്ങനെയാണ് മനുഷ്യന് ദോഷം ചെയ്യുക? ചൊവ്വ എന്നല്ല എല്ലാ ഗ്രഹങ്ങളെ കൊണ്ടും ഗുണവുമുണ്ട് ദോഷവുമുണ്ട്. ഒരാളെയും ഉപദ്രവിക്കണമെന്ന് ആഗ്രഹമുള്ളവരല്ല ഗ്രഹേശ്വരന്മാർ ആരും. അവരവർ ചെയ്ത കർമ്മഫലങ്ങളെ സൂചിപ്പിക്കുക മാത്രമേ ഗ്രഹങ്ങൾ ചെയ്യുന്നുള്ളൂ. അതിന്റെ ലക്ഷണം കാണിക്കുന്നുവെന്നേയുള്ളൂ. അതുകൊണ്ട് ഗ്രഹങ്ങളെ കുറ്റം പറഞ്ഞിട്ട് ഒരു കാര്യവുമില്ല. ലോകോപകാരത്തിന് നിലകൊള്ളുന്നവരാണ് നവഗ്രഹങ്ങൾ. വാക്കു കൊണ്ട് ഇന്നത് പറഞ്ഞു, കൈ കൊണ്ട് ഇന്നത് പ്രവർത്തിച്ചു അതിന്റെ ഗുണദോഷങ്ങൾ സൂചിപ്പിച്ച് അത് അനുഭവിപ്പിക്കലാണ് അവരുടെ പ്രവർത്തനം.
കർമ്മഫലം അനുഭവിക്കണമെന്ന് പറഞ്ഞു. അങ്ങനെയെങ്കിൽ അതിന് പ്രതിവിധി തേടുന്നതു കൊണ്ട് ഫലമുണ്ടോ? പൂർവജന്മത്തിലോ അല്ലെങ്കിൽ മാതൃകുലത്തിലോ പിതൃകുലത്തിലോ ചെയ്യുന്ന കർമ്മദോഷങ്ങൾ പരിഹരിക്കുവാൻ സത്കർമ്മികൾക്ക് കഴിയും. രോഗകാരണം കണ്ടെത്തി ചികിത്സിക്കുന്നത് പോലെയുള്ളൂ ഇതും. ദോഷങ്ങൾ ഒരു പരിധിവരെ പരിഹരിക്കാം എന്നല്ലാതെ തീരെ ഇല്ലാതാക്കാനൊന്നും കഴിയില്ല.
ഒരു ദിവസം രണ്ടുപേർക്ക് മാത്രമാണല്ലോ കാണാൻ അവസരം നൽകുന്നത്? അതിപ്പോൾ രണ്ടു പേരെ നോക്കാൻ തന്നെ പ്രയാസമാണ്. ഒന്നു നോക്കി തുടങ്ങിയാൽ എപ്പോഴാണ് തീരുക എന്ന് പറയാനാവില്ല. സമയത്തിന്റെ കാര്യമല്ല. എല്ലാം വിശദമാക്കണമല്ലോ. അതിനെത്ര സമയമാണോ വേണ്ടത്, അത് വിനിയോഗിക്കും.
നിമിഷനേരം കൊണ്ട് ഇപ്പോൾ ചിലർ ഫലം പറയുന്നുണ്ട്? അവരുടെ ആ സിദ്ധി എനിക്കില്ല. അഞ്ചോ പത്തോ മിനിട്ടു കൊണ്ട് പറഞ്ഞു തീർക്കാൻ എനിക്ക് കഴിയുകയുമില്ല.
വൈറസിനു മുന്നിൽ മനുഷ്യൻ തോൽക്കുകയാണോ? നമ്മുടെ ആചാരങ്ങളെല്ലാം മാറ്റിമറിക്കപ്പെട്ടിരിക്കുന്നു. ഒരേ മേശപ്പുറത്ത് പരസ്പരം നിയന്ത്രണങ്ങളോ ജാഗ്രതയോ ഇല്ലാതെ കൂടിയിരുന്ന് കഴിക്കുന്നതാണല്ലോ ഇപ്പോഴത്തെ പതിവ്. ഒരാൾ കഴിച്ചതിന്റെ ഉച്ഛിഷ്ടം മറ്റൊരു ജീവിക്കും കൊടുക്കരുതെന്നാണ്. നായ, പശു തുടങ്ങി എല്ലാത്തിനും ഇത് ബാധകമാണ്. അത്തരം പ്രവണതകൾ കൂടിയതിന്റെ ഫലമാണ് ഇപ്പോൾ സാമൂഹിക അകലത്തിലേക്ക് മനുഷ്യനെ കൊണ്ടെത്തിച്ചിരിക്കുന്നത്. എന്തു തന്നെയായാലും കഷ്ടതകൾക്ക് പരിഹാരമുണ്ടാകും. അത് പ്രകൃതിയുടെ നിയമമാണ്. അതുവരെ ഭരണ സംവിധാനങ്ങൾ പറയുന്നത് അനുസരിക്കുക. അത് ലംഘിക്കുന്നത് കുഴപ്പത്തിലേക്കെ നയിക്കൂ.
50 വർഷത്തിനിടെ ജ്യോതിഷസംബന്ധിയായ ഒരു പുസ്തകം പോലും എഴുതിയില്ല? പുസ്തകം എഴുതി പ്രചരിപ്പിച്ചതു കൊണ്ടൊന്നും ജ്യോതിഷം പഠിക്കാനോ പഠിപ്പിക്കാനോ കഴിയില്ല. ആയുർവേദത്തിൽ ഓരോ രോഗിയേയും രോഗത്തിന്റെ സ്വഭാവം അനുസരിച്ച് വ്യത്യസ്തമായ രീതിയിലാണ് ചികിത്സിക്കുക. അതുപോലെ തന്നെയാണ് ജ്യോതിഷവും. ഋഷിമാരാൽ വിരചിതമായ ഗ്രന്ഥങ്ങളെ മാത്രമേ നമുക്ക് ആശ്രയിക്കാൻ കഴിയുകയുള്ളൂ. സന്ദർഭം അനുസരിച്ച് അത് ഉപയോഗിക്കാൻ പഠിക്കണം. എന്തെങ്കിലും എഴുതിയാൽ അത് പുസ്തകമായേക്കാം. പക്ഷേ അതുകൊണ്ടൊന്നും ഫലമില്ല. പുസ്തകത്തിലുള്ളതല്ല, മസ്തകത്തിലുള്ളത് പ്രയോഗിക്കുക.