നാദാപുരത്ത് സി പി എം സ്ഥാപിച്ച ബസ് സ്റ്റോപ്പ് സി പി എം പ്രവർത്തകർ തന്നെ തകർത്തു

Saturday 05 September 2020 4:39 PM IST

കോഴിക്കോട്: നാദാപുരത്ത് സി.പി.എം സ്ഥാപിച്ച ബസ് സ്റ്റോപ്പ് ത‍ക‍ർത്ത സംഭവത്തിൽ പുതിയ വഴിത്തിരിവ്. ബസ് സ്റ്റോപ്പ് തക‍ർത്തത് സി.പി.എം പ്രവ‍ർത്തകർ തന്നെയാണെന്നാണ് നാദാപുരം പൊലീസിന്റെ കണ്ടെത്തൽ.

കഴിഞ്ഞ ദിവസം നാദാപുരത്തെ കോൺ​ഗ്രസ്, എൽ.ജെ.ഡി, മുസ്ലീംലീ​ഗ് ഓഫീസുകൾ അക്രമിച്ച സംഭവത്തിൽ പിടിയിലായ സി.പി.എം പ്രവ‍ർത്തകരാണ് കൂത്തുപറമ്പ് രക്തസാക്ഷികളുടെ സ്മരണയ്ക്കായി നി‍ർമ്മിച്ച ബസ് സ്റ്റോപ്പും തക‍ർത്തത്. വെള്ളൂർ സ്വദേശികളായ പി. ഷാജി (32), സി.കെ. വിശ്വജിത്ത് (32), മുടവന്തേരി സ്വദേശി എം.സുഭാഷ് (39) എന്നിവരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്.

യൂത്ത് ലീഗ് പ്രവർത്തകൻ അസ്ലമിനെ വധിച്ച കേസിലെ പ്രതിയാണ് ഷാജി. പാ‍ർട്ടി ഓഫീസുകൾ ആക്രമിച്ച കേസിൽ പൊലീസ് പിടിയിലായ സി.പി.എം പ്രവ‍ർത്തകരെ വിശദമായി ചോദ്യം ചെയ്തപ്പോൾ ആണ് ബസ് സ്റ്റോപ്പ് ത‍കർത്തതും ഇവ‍ർ തന്നെയാണെന്ന് വ്യക്തമായത്.