ബോംബ് സ്ഫോടനം: ജുഡീഷ്യൽ അന്വേഷണം വേണമെന്ന് പി.കെ. കൃഷ്ണദാസ്

Sunday 06 September 2020 1:58 AM IST

കണ്ണൂർ: കതിരൂർ പൊന്ന്യത്തെ ബോംബ് നിർമ്മാണത്തെകുറിച്ചും സ്‌ഫോടനത്തെ കുറിച്ചും ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ബി.ജെ.പി ദേശീയ സമിതി അംഗം പി.കെ. കൃഷ്ണദാസ് ആവശ്യപ്പെട്ടു. ബോംബ് നിർമ്മാണത്തിനിടെ കഴിഞ്ഞദിവസമുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും മൗനം പാലിക്കുകയാണ്. കണ്ണൂരിൽ ഉള്ളവർ മാത്രമല്ല, കോഴിക്കോട് നിന്നുള്ള വൈദഗ്ധ്യവും കൂടി ചേർന്നാണ് ബോംബ് ഉണ്ടാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ നിന്ന് മറ്റ് ജില്ലകളിലേക്ക് ബോംബുകൾ എത്തിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്നും കൃഷ്ണദാസ് ആവശ്യപ്പെട്ടു.

സംഭവം നടന്ന സ്ഥലത്തേക്ക് ആദ്യം ആരെയും പോകാൻ അനുവദിക്കാത്തതും അതിനുശേഷം പൊലീസ് അവിടെ എത്തിയത് തെളിവ് നശിപ്പിക്കാനാണെന്നും കൃഷ്ണദാസ് ആരോപിച്ചു.

ബി.ജെ.പി ജില്ല പ്രസിഡന്റ് എൻ. ഹരിദാസ് അനുഷ്ഠിക്കുന്ന ഏകദിന ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു കൃഷ്ണദാസ്. രഞ്ജിത്ത്, പി. സത്യപ്രകാശ്, എ.പി .ഗംഗാധരൻ എന്നിവർ സംബന്ധിച്ചു.