പുനരുപയോഗിക്കാവുന്ന ബഹിരാകാശ പേടകം വിക്ഷേപിച്ച് ചൈന
ബീജിംഗ്: പുനരുപയോഗിക്കാൻ സാധിക്കുന്ന ബഹിരാകാശ പേടകം ചൈന വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചതായി റിപ്പോർട്ട്. ഗോബി മരുഭൂമിയിലുള്ള ജിയുക്വാൻ ഉപഗ്രഹ വിക്ഷേപണ കേന്ദ്രത്തിൽ നിന്ന് ലോംഗ് മാർച്ച് 2എഫ് റോക്കറ്റ് പേടകത്തെ വെള്ളിയാഴ്ച ഭ്രമണപഥത്തിലെത്തിച്ചെന്ന് ചൈനീസ് വാർത്താ ഏജൻസിയായ ഷിൻഹുവ റിപ്പോർട്ട് ചെയ്തു. എന്നാൽ, ദൗത്യത്തിന്റെ വിശദാംശങ്ങൾ രഹസ്യമാക്കിവച്ചിരിക്കുകയാണ്. പരിക്രമണ പ്രവർത്തനത്തിന്റെ ഒരു കാലയളവിന് ശേഷം പേടകം ചൈനയിൽ മുൻകൂട്ടി നിശ്ചയിച്ച ലാൻഡിംഗ് സ്ഥാനത്ത് ഇറങ്ങും.
വിശദാംശങ്ങൾ രഹസ്യമാക്കുന്നതിനായി വിക്ഷേപണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥർക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നതായും റിപ്പോർട്ടുണ്ട്.
വിക്ഷേപണത്തിന്റെ ചിത്രമെടുക്കുന്നതിനോ വീഡിയോ ചിത്രീകരിക്കുന്നതിനോ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ ഇതേക്കുറിച്ച് ചർച്ചചെയ്യാനോ പാടില്ലെന്നും നിർദ്ദേശമുണ്ട്.
വിക്ഷേപണ രീതിയും പേടകവും എല്ലാം നൂതനവും വ്യത്യസ്തവുമായതിനാലാണ് അധിക സുരക്ഷ ഉറപ്പാക്കുന്നതെന്ന് ചൈനീസ് സൈനിക വൃത്തങ്ങൾ വ്യക്തമാക്കി. അമേരിക്കൻ വ്യോമസേനയുടെ യു.എസ് എക്‌സ്-37 ബി പദ്ധതിയുമായി ഈ ദൗത്യത്തിന് ബന്ധമുണ്ടെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.