ഇവളുടെ ഓൺലൈൻ പഠനം ചോളപ്പാടത്തിന് നടുവിൽ!

Sunday 06 September 2020 1:21 AM IST

ഹൈദരാബാദ്: ഓൺലൈൻ ക്ളാസിൽ പങ്കെടുക്കാൻ വീട്ടിൽ ഇന്റർനെറ്റ് കിട്ടുന്നില്ല. പിന്നെന്താണ് വഴി. സഫ നേരെ ചോളപ്പാടത്തേക്കിറങ്ങി. ആൾപ്പൊക്കത്തിൽ കൂരകെട്ടി അവിടിരുന്ന് പഠനം തുടങ്ങി...

പഠനത്തോടുള്ള ഈ പെൺകുട്ടിയുടെ അഭിനിവേശത്തെ ആശംസകൾകൊണ്ട് നിറയ്ക്കുകയാണ് ഇപ്പോൾ സോഷ്യൽ മീഡിയ. ചോളപ്പാടത്തിന് മധ്യത്തിലായി കെട്ടിയുണ്ടാക്കിയ ചെറിയ കുടിലിലിരുന്നാണ് സഫ സറീൻ പഠിക്കുന്നത്. സഫയുടെ പഠനമുറിയുടെ ചിത്രം പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ ഇത് വൈറലായി.

തെലങ്കാനയിലെ നിർമൽ ജില്ലയിലെ രജാര ഗ്രാമത്തിലാണ് സറീൻ താമസിക്കുന്നത്. തെലങ്കാനയിലെ നിർമലിലുള്ള പിന്നാക്ക വിഭാഗക്കാർക്കായുള്ള (തെലങ്കാന മൈനോരിറ്റി റെസിഡൻഷ്യൽ സ്‌കൂൾ ടിഎംആർഎസ്)ലാണ് സഫ പഠിക്കുന്നത്. ഇന്റർനെറ്റ് സൗകര്യം കുറഞ്ഞ സ്ഥലമാണ് രജാര. നെറ്റ് വർക്ക് ലഭിക്കുന്നത് അപൂർവ്വമാണ്.

ഇതുകൊണ്ടൊന്നും സഫയെ തളർത്താനാകില്ല. തന്റെ ചോളപ്പാടത്തിന് നടുക്ക് കെട്ടിയുണ്ടാക്കിയ കൂരയിൽ ഇരുന്ന് പഠിക്കാൻ അവൾ തീരുമാനിച്ചു. ഇവിടെ നെറ്റ്‌വർക്ക് സൗകര്യം ലഭ്യമാണ്. വീട്ടിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെയാണ് ഈ ചോളപ്പാടം. ഓൺലൈനിലൂടെ 14 ലക്ഷം കുട്ടികളാണ് തെലങ്കാനയിൽ പഠിക്കുന്നത്. സെപ്തംബർ ഒന്നുമുതൽ 2020-21 അധ്യയന വർഷം ആരംഭിച്ചു. മൂന്നാം ക്ലാസ് മുതൽ 10ാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കാണ് ഓൺലൈൻ ക്ലാസ് സൗകര്യം ഒരുക്കിയിരിക്കുന്നത്.