പതിനേഴുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി, മൂന്ന് യുവാക്കൾ റിമാൻഡിൽ

Sunday 06 September 2020 12:47 AM IST

പത്തനാപുരം:കുന്നിക്കോട് പതിനേഴുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ മൂന്ന് യുവാക്കൾ പൊലീസിന്റെ പിടിയിലായി. ചക്കുവരയ്ക്കൽ ചാരുംകുഴി വിഷ്ണുഭവനിൽ രതീഷ് മോൻ(30) ചാരുംകുഴി സുജിത് ഭവനിൽ സജി കുമാരൻ(42) ചാരുംകുഴിയിൽ വാടകയ്ക്ക് താമസിക്കുന്ന മൈലം പള്ളിക്കൽ മാങ്കുന്നം വീട്ടിൽ രതീഷ്(35) എന്നിവരാണ് അറസ്റ്റിലായത്. പെൺകുട്ടിയുമായി സൗഹൃദത്തിലായ യുവാക്കൾ കഴിഞ്ഞ ഒരു വർഷത്തോളമായി തുടർച്ചയായി പീഡിപ്പിച്ച് വരികയായിരുന്നെന്ന് പൊലീസ് പറഞ്ഞു. വയറുവേദന അനുഭവപ്പെട്ട പെൺകുട്ടിയെ ദിവസങ്ങൾക്ക് മുമ്പ് പുനലൂർ താലൂക്ക് ആശുപത്രിയിൽ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. പരിശോധനയിൽ പെൺകുട്ടി ഗർഭിണിയാണെന്ന് കണ്ടെത്തി. തുടർന്ന് താലൂക്കാശുപത്രി അധികൃതർ പൊലീസിന് വിവരം കൈമാറുകയായിരുന്നു. പുനലൂർ ഡി.വൈ.എസ്‌.പി. എസ്‌.അനിൽദാസ്, കുന്നിക്കോട് സ്റ്റേഷൻ ഹെഡ് ഓഫീസർ മുബാറക്ക് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. മൂവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.