വികസനത്തിന്റെ ഹൈടെക് മാതൃക

Monday 07 September 2020 3:55 AM IST

നെടുമങ്ങാട്: മലനാടിന്റെ വികസന നേട്ടങ്ങളിൽ പൊൻതൂവലായ ഹൈടെക് ഗേൾസ് സ്കൂളും ശാന്തിതീരം സെക്കൻഡ് ബ്ലോക്കും നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി ഉദ്‌ഘാടനത്തിനൊരുങ്ങി. സമയ ബന്ധിതമായി പൂർത്തീകരിച്ച പദ്ധതികൾ, എൻജിനിയറിംഗ് വൈദഗ്ദ്ധ്യത്തിനും അർപ്പണ ബോധത്തിനും മികവാർന്ന ഉദാഹരണങ്ങളാണ്. ഒന്നര നൂറ്റാണ്ടിന്റെ ചരിത്രമുള്ള നെടുമങ്ങാട് ഗേൾസ് സ്കൂളിൽ സ്മാർട്ട് ക്ലാസ് റൂമുകൾ, മൾട്ടി മീഡിയ തിയേറ്റർ സമുച്ചയം, കളിക്കളം, കോൺഫറൻസ് ഹാൾ, ലൈബ്രറി, റീഡിംഗ് റൂം, ലാബുകൾ, ടാലന്റ് ലാബുകൾ, ലാംഗ്വേജ് ലാബുകൾ തുടങ്ങി അത്യാധുനിക സൗകര്യങ്ങളാണ് സജ്ജമാക്കിയിട്ടുള്ളത്. സർക്കാർ നിയോഗിച്ച വിദഗ്ദ്ധ സമിതികളായ കൈറ്റും വാപ്‌കോസും ചേർന്ന് രൂപരേഖ തയ്യാറാക്കി. കിഫ്ബിയിൽ നിന്നും 5 കോടി രൂപ സർക്കാർ വിഹിതവും അതിലേറെ തദ്ദേശ സ്ഥാപനങ്ങളും ബഹുജനങ്ങളും ചേർന്നും സ്വരൂപിച്ച ആകെ 17 കോടി രൂപയുടെ വികസനമാണ് പൂർത്തിയാക്കിയത്.

ടൈൽ പാകി മനോഹരമാക്കിയ ക്ലാസ് മുറികൾ, തറയോടിട്ടു സുരക്ഷിതമാക്കിയ മുറ്റവും പൊതു വഴിയും. 3,500 സ്‌ക്വ. ഫീറ്റ് മിനി തിയേറ്റർ, ഏഴ് ലബോറട്ടറികൾ, ഡൈനിംഗ് ഹാൾ, അമിനിറ്റി സെന്റർ, ഇൻഡോർ സ്റ്റേഡിയം എന്നിവയും ഹൈടെക് സ്‌കൂളിന്റെ സവിശേഷതയാണ്. 9 ന് രാവിലെ 11 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഹൈടെക് സ്കൂളിന്റെ ഉദ്‌ഘാടനം നിർവഹിക്കും.