കൊവിഡ് രോഗിയെ പീഡിപ്പിച്ച സംഭവം മൃഗീയം: മുല്ലപ്പള്ളി

Monday 07 September 2020 12:00 AM IST

തിരുവനന്തപുരം: കൊവിഡ് രോഗിയെ ആംബുലൻസ് ഡ്രൈവർ പീഡിപ്പിച്ച സംഭവം കാടത്തവും മൃഗീയവുമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

കൊവിഡ് രോഗിക്ക് പോലും സുരക്ഷിതത്വമില്ല. കേസിൽ അറസ്റ്റിലായ കായംകുളം സ്വദേശി നൗഫൽ നിരവധി കേസിലെ പ്രതിയാണ്. രോഗിയെ ആശുപത്രിയിലേക്ക് മാറ്റുന്ന സമയം ആംബുലൻസിൽ ആരോഗ്യപ്രവർത്തകർ ഇല്ലാതിരുന്നത് ഗുരുതരമായ വീഴ്ചയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

ഒരു കൊടുംക്രമിനൽ എങ്ങനെയാണ് 108 ആംബുലൻസിൽ ഡ്രൈവറായതെന്ന് ആരോഗ്യമന്ത്രി വിശദീകരിക്കണം. ക്രിമിനലുകളെ റിക്രൂട്ട് ചെയ്യുന്ന ഏജൻസികൾക്ക് കരാർ നൽകിയതിന്റെ ഇരയാണ് പീഡനത്തിന് വിധേയായ പെൺകുട്ടിയെന്നും മുല്ലപ്പള്ളി പറഞ്ഞു.

സ്ത്രീസുരക്ഷ നഷ്ടപ്പെട്ട സംസ്ഥാനമെന്ന ദുഷ്‌പ്പേര് കേരളം ഇതിനകം നേടിയെടുത്തു. മുഖ്യമന്ത്രിക്ക് ഇക്കാര്യങ്ങൾ ശ്രദ്ധിക്കാൻ ഒട്ടും സമയമില്ല.