ആറന്മുള സംഭവം: ആരോഗ്യമന്ത്രി രാജിവയ്ക്കണമെന്ന് കെ. സുരേന്ദ്രൻ
കൊല്ലം: ആറന്മുളയിൽ കൊവിഡ് രോഗിയായ യുവതിയെ ആംബുലൻസ് ഡ്രൈവർ പീഡിപ്പിച്ച സംഭവത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് ആരോഗ്യമന്ത്രി രാജിവയ്ക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടു. കൊല്ലത്ത് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഭവത്തിൽ ആരോഗ്യവകുപ്പിന് ഗുരുതര വീഴ്ചയുണ്ടായി.
ക്രിമിനൽ പശ്ചാത്തലമുള്ള ആംബുലൻസ് ഡ്രൈവർക്കൊപ്പം രാത്രി 12ന് രണ്ട് യുവതികളെ അയച്ചത് മനുഷ്യത്വമില്ലായ്മയാണ്. ആരോഗ്യവകുപ്പിന്റെ ചട്ടങ്ങൾ ലംഘിച്ച് പാർട്ടിക്കാരെ തിരുകിക്കയറ്റിയ മന്ത്രി ശൈലജയാണ് സംഭവത്തിന് പ്രധാന ഉത്തരവാദി. കർണാട ശക്തമായ നടപടി തുടങ്ങിയതോടെ മയക്കുമരുന്ന് മാഫിയയ്ക്ക് കേരളം സുരക്ഷിത കേന്ദ്രമായി. കർണാടകയിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ സുഹൃത്ത് അനൂപ് മുഹമ്മദ് ഉൾപ്പെടെയുള്ള മലയാളികൾ നടത്തുന്ന മയക്കുമരുന്ന് റാക്കറ്റിനെതിരെ അന്വേഷണം നടത്താൻ സംസ്ഥാന സർക്കാർ തയ്യാറാവണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.