യു.പിയിൽ വിവിധ കമ്മിറ്റികൾ പ്രഖ്യാപിച്ച് കോൺഗ്രസ്

Monday 07 September 2020 2:09 AM IST

ന്യൂഡൽഹി: 2022-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി യു.പിയിൽ കോൺഗ്രസ് വിവിധ പാർട്ടി സമിതികൾ രൂപീകരിച്ചു. യു.പിയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ മേൽനോട്ടത്തിലാണ് കമ്മിറ്റികളുടെ രൂപീകരണം.

മുതിർന്ന നേതാക്കളേയും യുവാക്കളേയും ഉൾപ്പെടുത്തിയുള്ളതാണ് കമ്മിറ്റികൾ. തിരഞ്ഞെടുപ്പ് പ്രകടനപത്രിക, മെമ്പർഷിപ്പ്, മീഡിയ, പരിപാടി നടപ്പാക്കൽ തുടങ്ങിയ പ്രവർത്തനങ്ങള്‍ക്കുള്ള സമിതികളാണ് രൂപീകരിച്ചിട്ടുള്ളത്.

പ്രകടന പത്രിക സമിതിയ്ക്ക് സൽമാൻ ഖുർഷിദിഷും , മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻ ഉപദേശക സമിതിയ്ക്ക് റാഷിദ് ആൽവിയും മെമ്പർഷിപ്പ് സമിതിയ്ക്ക് അനുരാഗ് നാരായൺ സിംഗും, പഞ്ചായത്ത് രാജ് തിരഞ്ഞെടുപ്പ് കമ്മിറ്റിക്ക് രാജേഷ് മിശ്രയും നേതൃത്വം നൽകും. യു.പി കോൺഗ്രസ് അദ്ധ്യക്ഷൻ അജയ്കുമാർ ലല്ലു എല്ലാ സമിതികളുടെയും മേൽനോട്ടം നിർവഹിക്കും.