വാഗ്ദാനത്തിലൊതുങ്ങിയ തൂക്കുപാലം

Tuesday 08 September 2020 4:59 AM IST

ആര്യനാട്: ആര്യനാട് പഞ്ചായത്തിലെ കോട്ടയ്ക്കകം - ഈഞ്ചപ്പുരി വാർഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന തൂക്ക് പാലം വാഗ്ദാനത്തിലൊതുങ്ങി. പഞ്ചായത്തിലെ മൈലമൂട്, കണിയാൻവിളാകം, ചെറുമഞ്ചൽ, കൊടുങ്ങന്നി, ചോതിക്കുഴി, ഈഞ്ചപ്പുരി മേഖലയിലെ പ്രദേശവാസികൾ വിവിധ ആവശ്യങ്ങൾക്കായി കോട്ടയ്ക്കകം വഴി ആര്യനാട്ട് എത്താനുള്ള എളുപ്പമാർഗമാണിത്.

തൂക്കുപാലത്തിന്റെ നിർമ്മാണത്തിനായി കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി 33 ലക്ഷം രൂപ അനുവദിച്ചിരുന്നു. 53 ലക്ഷം രൂപയുടെ രണ്ട് പദ്ധതികളാണ് ഇതിന് വേണ്ടി ഉദേശിച്ചിരുന്നത്. പാലം നിർമ്മിക്കാൻ പഞ്ചായത്ത് ഫണ്ടും, ഇരുകരകളിലായി പാലം ഉറപ്പിച്ച് നിറുത്തുന്നതിനായി സംരക്ഷണഭിത്തി നിർമ്മിക്കുന്നതിന് മറ്റൊരു ഫണ്ട് കണ്ടെത്താനുമായിരുന്നു കണക്ക് കൂട്ടൽ. പഞ്ചായത്തിന് ഫണ്ട് വിനിയോഗിക്കാനായി ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരവും ലഭിച്ചു. പഞ്ചായത്ത് ഫണ്ട് അനുവദിച്ചെങ്കിലുംബാക്കിയുള്ള തുക കണ്ടെത്താനാകത്തതോടെ പാലം പണി അവതാളത്തിലായി. എന്നാൽ തുടർന്ന് വന്ന പഞ്ചായത്ത് ഭരണസമിതിക്കും കൂടുതൽ തുക അനുവദിക്കാനായില്ല.

കഴിഞ്ഞ ഭരണസമിതി അനുവദിച്ച തുക തുടർന്ന് വന്ന ഭരണസമിതി രണ്ട് വർഷക്കാലവും പദ്ധതിയിൽ വകയിരുത്തി. എന്നിട്ടും അധിക തുക കണ്ടെത്താനാകത്തതോടെ ഫണ്ട് വകമാറ്റി. ഇതോടെ ഇവിടുത്തെ തൂക്കുപാലം പാലം നിർമ്മാണവും അനിശ്ചിതത്വത്തിലായി.