കൊട്ടിയത്തെ യുവതിയുടെ ആത്മഹത്യ; യുവജന കമ്മിഷൻ കേസെടുത്തു

Tuesday 08 September 2020 7:05 AM IST

കൊല്ലം: വിവാഹത്തിൽ നിന്ന് വരൻ പിന്മാറിയതിൽ മനം നൊന്ത് കൊട്ടിയത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ കേരള സംസ്ഥാന യുവജന കമ്മിഷൻ സ്വമേധയാ കേസെടുത്തു. ഇരവിപുരം വാളത്തുംഗലിൽ നിന്ന് കൊട്ടിയം കൊട്ടുംപുറം പള്ളിക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന 24 കാരിയാണ് കഴിഞ്ഞ വ്യാഴാഴ്ച വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ചത്. എട്ടുവർഷത്തെ പ്രണയത്തിനൊടുവിൽ ഇരുവരുടെയും വിവാഹം നിശ്ചയിച്ച് വളയിടീൽ ചടങ്ങും നടത്തിയിരുന്നു. പലപ്രാവശ്യം യുവാവ് വീട്ടുകാരിൽനിന്ന് പണവും ബിസിനസ് ആവശ്യത്തിനായി സ്വർണവും കൈപ്പറ്റിയിരുന്നതായും യുവതിയുടെ രക്ഷിതാക്കൾ പറയുന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്നോടെയാണ് കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വിഷയത്തിൽ ജില്ലാ പൊലീസ് മേധാവി സമഗ്ര റിപ്പോർട്ട് രണ്ടാഴ്ചകം നൽകണമെന്ന് യുവജന കമ്മിഷൻ ആവശ്യപെട്ടു. യുവതിയുടെ കുടുംബത്തിന് എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്ന് കമ്മിഷൻ അദ്ധ്യക്ഷ ചിന്താ ജെറോം അറിയിച്ചു.