കേശവാനന്ദ ഭാരതി കേസ്; ജനാധിപത്യത്തിന്റെ രക്ഷാകവചം
കേശവാനന്ദ ഭാരതി കേസ് ഇന്ത്യൻ ജനാധിപത്യത്തിന്റെയും ജുഡിഷ്യറിയുടെയും രക്ഷാകവചമെന്നാണ് അറിയപ്പെടുന്നത്. ഇന്ത്യൻ ഭരണഘടന ഭേദഗതി ചെയ്യാനുള്ള പാർലമെന്റിന്റെ അധികാരം പരിമിതമെന്ന് വിലയിരുത്തിയ കേശവാനന്ദ ഭാരതി കേസ് അരനൂറ്റാണ്ട് പിന്നിടുമ്പോഴും കൂടുതൽ മേഖലകളിൽ ചർച്ച ചെയ്യപ്പെടുകയാണ്. യഥാർത്ഥത്തിൽ പാർലമെന്റും ജുഡിഷ്യറിയും തമ്മിലുള്ള പോരാട്ടമായിരുന്നു ഇൗ കേസ്. 1973 ഏപ്രിൽ 24 ലെകേശവാനന്ദ ഭാരതി കേസിൽ തുടങ്ങി 1980 ലെ മിനർവ മിൽ കേസിലൂടെ അംഗീകാരം ലഭിച്ച് ഏറ്റവും ഒടുവിൽ ജസ്റ്റിസ് പുട്ടസ്വാമി കേസിലെത്തി നിൽക്കുന്ന ഇൗ പോരാട്ടത്തെ സുപ്രീം കോടതിയുടെ വെള്ളിരേഖയെന്നാണ് വിശേഷിപ്പിക്കേണ്ടത്. കേശവാനന്ദ ഭാരതി കേസിന് മറ്റൊരു മാനദണ്ഡം കൂടിയുണ്ട്. ഭരണഘടനയുടെ അടിസ്ഥാന ഘടന ഭേദഗതി ചെയ്യാൻ പാർലമെന്റിന് അധികാരം ഇല്ലെന്ന വിധിക്കു പിന്നിൽ രസകരമായ മറ്റൊരു വസ്തുതയുണ്ട്. സുപ്രീം കോടതിയിലെ 13 അംഗ ബെഞ്ചിൽ ചീഫ് ജസ്റ്റിസ് എസ്.എം. സിക്രി ഉൾപ്പെടെ ഒമ്പതു ജഡ്‌ജിമാർ പാർലമെന്റിന് ഭരണഘടന ഭേദഗതി ചെയ്യാനുള്ള അധികാരം പരിമിതമാണെന്ന് പറഞ്ഞപ്പോൾ ജസ്റ്റിസ് എ.എൻ. റേ ഉൾപ്പെടെ മൂന്നു ജഡ്ജിമാർ പാർലമെന്റിന് അനിയന്ത്രിതമായ അധികാരമുണ്ടെന്ന നിലപാടാണ് സ്വീകരിച്ചത്. ഇങ്ങനെ രണ്ടു തലത്തിൽ നിൽക്കുമ്പോൾ ജസ്റ്റിസ് എച്ച്. ആർ. ഖന്ന മദ്ധ്യവർത്തി നിലപാട് സ്വീകരിച്ചു. ഭരണഘടന ഭേദഗതി ചെയ്യാൻ പാർലമെന്റിന് പരിപൂർണ്ണ അധികാരമുണ്ടെന്നും ഇതു പക്ഷേ, ഭരണഘടന പൊളിച്ചെഴുതാനോ മാറ്റി എഴുതാനോ ചട്ടക്കൂടുകൾ മാറ്റാനോ ഉള്ള അധികാരമല്ലെന്നുമാണ് ജസ്റ്റിസ് ഖന്ന നിലപാട് എടുത്തത്. യഥാർത്ഥത്തിൽ ഇൗ നിലപാടാണ് കേശവാനന്ദ ഭാരതി കേസിന്റെ അന്തസത്തയായി പുറത്തു വന്നത്.
വിധിക്കു പിന്നാലെ സ്റ്റേറ്റ്മെന്റ്
അഞ്ചു മാസം നീണ്ടു നിന്ന വാദങ്ങൾക്കൊടുവിൽ വിധിയെത്തുടർന്ന് ചീഫ് ജസ്റ്റിസ് എസ്. എം. സിക്രി ഒരു പത്രിക (സ്റ്റേറ്റ്മെന്റ് ) ഉണ്ടാക്കി. ഇതിൽ ഒമ്പതു ജഡ്ജിമാർ ഒപ്പു വച്ചു. മെജോറിറ്റി വ്യൂ എന്നറിയപ്പെടുന്ന ഇൗ സ്റ്റേറ്റ്മെന്റാണ് വിധിയായി മാറിയത്. രസകരമായ മറ്റൊരു സംഗതി, വിധിന്യായത്തിനു ശേഷം ജഡ്ജിമാർ നടത്തുന്ന പ്രസ്താവനകൾക്ക് നിയമ പരമായ സാധുതയില്ലെന്ന് 1980 ലെ മിനർവ മിൽ കേസിൽ അന്നത്തെ ചീഫ് ജസ്റ്റിസ് ഭഗവതി വ്യക്തമാക്കി. കേശവാനന്ദ ഭാരതി കേസിന്റെ തുടർച്ചയാണ് മിനർവമിൽ കേസെന്ന് പറയാം. ഭരണഘടനാ ഭേദഗതിക്ക് പാർലമെന്റിന് അനിയന്ത്രിതമായ അധികാരമില്ലെന്നു തന്നെയാണ് ഇൗ കേസും വ്യക്തമാക്കുന്നത്. കേശവാനന്ദ ഭാരതി കേസിൽ നിർണായക വിധി പറഞ്ഞതിന്റെ തൊട്ടടുത്ത ദിവസം ചീഫ് ജസ്റ്റിസ് സിക്രി വിരമിച്ചു. തിരക്കിട്ട് വിധി പറയേണ്ടി വന്നതിനാൽ ബെഞ്ചിലുണ്ടായിരുന്ന നാലു ജഡ്ജിമാരുടെ വിധിന്യായങ്ങൾ വായിക്കാൻ കഴിഞ്ഞിരുന്നില്ലെന്ന് ബെഞ്ചിൽ അന്നുണ്ടായിരുന്ന ജസ്റ്റിസ് ചന്ദ്രചൂഢ് പിന്നീടു വെളിപ്പെടുത്തിയിട്ടുണ്ട്. കേശവാനന്ദ ഭാരതി കേസിനു ശേഷമാണ് തിരഞ്ഞെടുപ്പിൽ അയോഗ്യയാക്കിയതിനെതിരെ ഇന്ദിരാഗാന്ധി നൽകിയ അപ്പീൽ സുപ്രീം കോടതി പരിഗണിച്ചത്. ഇതു നിലനിൽക്കെ പ്രധാനമന്ത്രി, രാഷ്ട്രപതി, ഉപരാഷ്ട്രപതി, സ്പീക്കർ എന്നിവരുടെ തിരഞ്ഞെടുപ്പു ചോദ്യം ചെയ്യാൻ പാടില്ലെന്ന ഭരണഘടനാ ഭേദഗതി കൊണ്ടുവന്നിരുന്നു. ഭരണഘടനയിൽ 329 എ എന്നൊരു അനുച്ഛേദം കൂട്ടിച്ചേർത്തു. എന്നാൽ കേശവാനന്ദ ഭാരതി കേസിന്റെ വെളിച്ചത്തിൽ സുപ്രീം കോടതി ഇതു രണ്ടും റദ്ദാക്കി 1975 നവംബർ ഒമ്പതിനു വിധി പറഞ്ഞു. അന്നത്തെ ചീഫ് ജസ്റ്റിസ് റേ ഇതിനോടു വിയോജിക്കുന്ന നിലപാടാണ് എടുത്തത്. തുടർന്ന് കേശവാനന്ദ ഭാരതി കേസ് സുപ്രീം കോടതി സ്വമേധയാ പുന:പരിശോധിക്കാനൊരുങ്ങി. ഇതിനായി 13 അംഗ ബെഞ്ചിനും ചീഫ് ജസ്റ്റിസ് റേ രൂപം നൽകി. എന്നാൽ പ്രമുഖ അഭിഭാഷകൻ ഫൽക്കിവാല ഇതു വാദിച്ചു തകർത്തു. ഒടുവിൽ ബെഞ്ച് പിരിച്ചു വിടേണ്ടി വന്നു. അങ്ങനെ അഭിഭാഷക സമൂഹത്തിന്റെ കൂടി വിജയമായി അതു മാറി.
( മുൻ പ്രോസിക്യൂഷൻ ഡയറക്ടർ ജനറലാണ് ലേഖകൻ)