മുഖ്യമന്ത്രിയടക്കം 6 മന്ത്രിമാർ നിരീക്ഷണത്തിൽ

Tuesday 08 September 2020 12:25 AM IST

തിരുവനന്തപുരം: ധനമന്ത്രി ഡോ. തോമസ് ഐസക്കിന് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ അഞ്ചു മന്ത്രിമാരും, ഗൺമാന് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് മന്ത്രി എ.കെ. ബാലൻ നേരത്തേയും സ്വയം നിരീക്ഷണത്തിൽ പോയതോടെ ഇന്ന് ചേരാനിരുന്ന മന്ത്രിസഭായോഗം 16ലേക്ക് മാറ്റി. ഫലത്തിൽ ഐസക് ഉൾപ്പെടെ ഏഴു പേരുടെ അഭാവമാണുണ്ടായത്.

കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച മന്ത്രി തോമസ് ഐസക്കിനോടൊപ്പം വെള്ളിയാഴ്ച സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ മുഖ്യമന്ത്രിയുൾപ്പെടെ അഞ്ച് മന്ത്രിമാരുണ്ടായിരുന്നു. ഇ.പി. ജയരാജൻ, ടി.പി. രാമകൃഷ്ണൻ, എം.എം. മണി എന്നിവരാണ് സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളായ മറ്റ് മന്ത്രിമാർ. കേന്ദ്രകമ്മിറ്റി അംഗമെന്ന നിലയിൽ മന്ത്രി കെ.കെ. ശൈലജയും പങ്കെടുത്തു. പതിനാറംഗ സെക്രട്ടേറിയറ്റിൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനടക്കമുള്ളവരെല്ലാം സ്വയം നിരീക്ഷണത്തിലാണ്. അന്നത്തെ യോഗത്തിലുണ്ടായിരുന്ന പോളിറ്റ്ബ്യൂറോ അംഗം എസ്. രാമചന്ദ്രൻ പിള്ളയും, കേന്ദ്രകമ്മിറ്റി അംഗം കെ. രാധാകൃഷ്ണനും നിരീക്ഷണത്തിൽ പോയി.