ചരിത്രത്തിലേക്കൊരു സമ്മേളനകാലം

Wednesday 09 September 2020 12:00 AM IST

രാജ്യതലസ്ഥാനത്ത്,​ അധികാരകേന്ദ്രമായ റെയ്സീന കുന്നിലേക്കുള്ള ചെറുകയറ്റത്തിന് താഴെ ട്രാഫിക് ഐലന്റിനെ ചുറ്റി ചെറിയൊരു ഫുട്ബോൾ ഗ്രൗണ്ടു പോലെ വിശാലമായ വിജയ്ചൗക്കിൽ പകൽ പെയ്‌ത മഴയുടെ ബാക്കി പത്രമായി അവിടവിടെയായി വെള്ളം കെട്ടിക്കിടക്കുന്നു. അതിൽ മഴക്കാറ് മാറി തെളിഞ്ഞ അമ്പിളിക്കലയുടെ ഉലഞ്ഞൊരു പ്രതിബിംബം. വിജയ് ചൗക്കിന് വലതുവശത്തെ പാർലമെന്റ് മന്ദിരവും മുന്നിൽ റെയ്‌സീനാ കുന്നിനു മുകളിലൂടെ ദൃശ്യമാകുന്ന രാഷ്‌ട്രപതി ഭവനും അധികാര കൊത്തളമായ സൗത്ത്-നോർത്ത് ബ്ളോക്കുകളും നിദ്രപൂണ്ടു. സൗത്ത് ബ്ളോക്കിന് പിന്നിലൂടെയും റാഫി മാർഗിൽ നിന്ന് വലതു തിരിഞ്ഞ് രാജ്പഥിലൂടെയും രാത്രി സഞ്ചാരികളുമായി വരുന്ന ഓൺലൈൻ ടാക്‌സികളുടെയും ബീഹാറി ഭയ്യമാർ ഒരു കാൽ മടക്കി സീറ്റിൽ വച്ച് ഓടിക്കുന്ന ഓട്ടോകളുടെയും ഇരമ്പലും ഇന്ത്യാ ഗേറ്റിലേക്ക് നീണ്ടു കിടക്കുന്ന രാജ്പഥിന്റെ വലതു വശത്തുള്ള പൂന്തോട്ടത്തിനരികിൽ നിറുത്തിയിട്ട ഡൽഹി പൊലീസ് പി.സി.ആർ വാഹനത്തിലെ വയർലെസ് സെറ്റിൽ നിന്നുള്ള സന്ദേശങ്ങളും മാത്രം കേൾക്കാം. ല്യൂട്ടൻസ് സായ്‌വ് രൂപകൽപന ചെയ്‌ത ആധുനിക ഇന്ത്യയുടെ തലസ്ഥാനമായ ന്യൂഡൽഹിയുടെ രാത്രി ഇങ്ങനെയാണ്. പകൽ ലോകത്തെ തന്നെ പിടിച്ചുലയ്‌ക്കുന്ന രാഷ്‌ട്രീയ നീക്കങ്ങളൊക്കെ നടക്കുന്ന നഗരഹൃദയം രാത്രി നിശബ്‌ദമായുറങ്ങും.. ബ്യൂറോക്രാറ്റുകൾ നിയന്ത്രിക്കുന്ന നഗരമെന്ന പേരുള്ളതിനാലാകാം വൈകിട്ട് ആറു മണിക്ക് ഫയലുകൾ ക്ളോസ് ചെയ്‌ത്(ഇപ്പോൾ കംപ്യൂട്ടർ ഫയലുകൾ) അവർ ഓഫീസ് പടിയിറങ്ങുന്നതോടെ തീരും ഡൽഹിയുടെ ദിവസം. ഇരുട്ടു പരക്കാനും (തണുപ്പ് കാലത്ത് പ്രത്യേകിച്ച്) കേജ്‌രിവാളിന്റെ എൽ.ഇ.ഡി ബൾബിന്റെ മഞ്ഞനിറത്തിനുള്ളിൽ ചുരുണ്ടുകൂടി ഉറങ്ങാനും അധികനേരം വേണ്ട. ഇക്കഴിഞ്ഞ ലോക്ക് ഡൗൺ കാലത്ത് പകലും ഡൽഹി ഉറങ്ങിയിരുന്നു. അൺലോക്ക് പ്രഖ്യാപിച്ച ശേഷം വാഹനങ്ങളിറങ്ങി പകലുകൾ ശബ്‌ദമുഖരിതമാകുന്നതു വരെ.

ഡൽഹിയുടെ പകലിനും രാത്രിക്കും ഒരുപോലെ ജീവൻ വയ്‌ക്കുന്ന ചില സമയങ്ങളുണ്ട്. മൂന്നുമാസത്തിലൊരിക്കൽ പാർലമെന്റ് സമ്മേളിക്കുന്ന ദിവസങ്ങൾ അതിലൊന്നാണ്. ആ സമയത്ത് ല്യൂട്ടൻസ് ഡൽഹി മയക്കം വിട്ട് ഉഷാറാകും. റാഫി മാർഗിലും റെഡ്‌ക്രോസ് റോഡിലും റെയ്‌സീനാ റോഡിലും മന്ത്രിവാഹനങ്ങളും എസ്‌കോർട്ട് ജീപ്പുകളും നിലവിളി ശബ്‌ദവുമായി തലങ്ങും വിലങ്ങും പായും. പ്രധാന റൗണ്ട് എബൗട്ടുകളിൽ സ്‌പെഷൽ ഡ്യൂട്ടി പാസ്,​ ഷർട്ടിൽ ഒട്ടിച്ച പൊലീസുകാരും പ്രധാനമന്ത്രിയുടെ 'വി.വി.ഐ.പി മൂവ്മെന്റ് ' റൂട്ടുകളിൽ യന്ത്രതോക്കുകളുമേന്തി കമാൻഡോകളും നിരക്കും. പ്രധാന മന്ത്രാലയങ്ങൾക്ക് മുന്നിൽ നീലയും ചുവപ്പും ലൈറ്റിട്ട, ചുവപ്പ് മഷിയിൽ 'ഗവൺമെന്റ് ഓഫ് ഇന്ത്യ' എന്നെഴുതിയ ഉദ്യോഗസ്ഥ വാഹനങ്ങൾ നിരക്കും. കാര്യസാദ്ധ്യത്തിനായി വരുന്ന ഹരിയാനയിലെയും യു.പിയിലെയും 'വൻസ്രാവുകൾ'ഡൽഹിയിലെ നിയമം തങ്ങൾക്ക് ബാധകമല്ലെന്ന രീതിയിൽ കാൽനടക്കാരെ പുറത്താക്കി ,​ തങ്ങളുടെ എസ്.യു.വികൾ ഫുട്‌പാത്തിലേക്ക് കയറ്റി പാർക്ക് ചെയ്യും. രാത്രികളിൽ മന്ത്രിമന്ദിരങ്ങൾ അലങ്കാരദീപങ്ങളിൽ കുളിച്ച് സൽക്കാരങ്ങൾക്ക് വേദിയാകും. ഭരണപ്രതിപക്ഷ വിദ്വേഷം മറന്ന് നേതാക്കൾ ഫോട്ടോയ്‌ക്ക് പോസ് ചെയ്യും.

കുറച്ചുകാലം മുൻപു വരെ പാർലമെന്റ് സമ്മേളനത്തിന് കൊടികയറുന്നതിനൊപ്പം കേരളഹൗസ് സ്ഥിതി ചെയ്യുന്ന ജന്ദർമന്ദർ റോഡിലെ സ്ഥിരം സമരവേദിയും ഉണരുമായിരുന്നു. കേരളം മുതൽ കാശ്‌മീർ വരെയുള്ള പരാധീനക്കാർ പന്തൽക്കെട്ടി അവിടെ രാപ്പകൽ സമരം നടത്തിയിരുന്നു. പാർലമെന്റ് മാർച്ചിനെന്ന് പറഞ്ഞ് കേരളത്തിൽ നിന്ന് ഫ്രീ ട്രെയിൻ ടിക്കറ്റും താമസവും ഓഫർ ചെയ്‌ത് കൊണ്ടുവരുന്ന അണികൾ പാർലമെന്റ് മന്ദിരം ഒന്നരകിലോമീറ്റർ അകലെയാണെന്നറിഞ്ഞ് നേതാക്കളെ പഴിക്കുമായിരുന്നു.

പാർലമെന്റും വിജയ്ചൗക്കും രാഷ്‌ട്രപതിഭവനും എല്ലാം ഉൾപ്പെടുന്ന അതിസുരക്ഷാമേഖലയിൽ സമരങ്ങൾ അനുവദിക്കാറില്ല (ഡൽഹി കൂട്ടമാനഭംഗത്തെ തുടർന്ന് കോളേജ്കുട്ടികൾ നടത്തിയ സമരം ഒരപവാദം). ജന്ദർമന്ദറിലെ പ്രതിഷേധക്കാരെ നിയന്ത്രിക്കലും അറസ്‌റ്റു ചെയ്‌തു നീക്കലുമൊക്കെയായി,​ തൊട്ടടുത്ത പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്‌റ്റേഷനിലെ ഏമാൻമാർക്കും പാർലമെന്റ് സമ്മേളനകാലത്ത് പിടിപ്പത് പണിയായിരുന്നു. സമീപത്തെ വി.ഐ.പി താമസക്കാരുടെ പരാതിയെ തുടർന്ന് കുറച്ചുകാലം മുമ്പാണ് ജന്ദർമന്ദറിലെ സമരവേദി ന്യൂഡൽഹി സ്‌റ്റേഷന് സമീപം രാംലീലാ മൈതാനിയിലേക്ക് മാറ്റിയത്. എങ്കിലും ചില പ്രതിഷേധങ്ങൾ ഇപ്പോഴും അണപൊട്ടി ജന്ദർമന്ദറിലേക്ക് പ്രവഹിക്കാറുണ്ട്.

പാർലമെന്റിലേക്ക് വരുന്ന സന്ദർശകർക്കുള്ള പ്രധാന റിസപ്ഷനിലേക്ക് പോകേണ്ട റെയ്‌സീന റോഡിൽ പാർലമെന്റ് സമ്മേളനകാലത്ത് സ്‌കൂൾ - കോളേജ് വിദ്യാർത്ഥികൾ അടക്കം സന്ദർശകരുടെ തിരക്കാകും. ഒപ്പം നിരത്തിയിട്ട പൊലീസ്-പട്ടാള വാഹനങ്ങളുടെ നിരയും.
കൊവിഡിനെ തുടർന്ന് മാർച്ച് മാസം മുതൽ തിരക്കിനെ ഹറാമായി കാണുന്ന ഡൽഹിയിലേക്ക് പാർലമെന്റിന്റെ മറ്റൊരു സമ്മേളനം വരികയാണ്. ചരിത്രത്തിന്റെ ഭാഗമാകാൻ.

സാധാരണ സമ്മേളനകാലത്ത് പാർലമെന്റിൽ രാജ്യസഭയിലെ 243 എംപിമാരും ലോക്‌സഭയിലെ 542 എം.പിമാരും എത്തുമ്പോൾ തന്നെ വലിയ ആൾക്കൂട്ടമാണ്. സഭാ നടപടികളിൽ അടക്കം മന്ത്രിമാരെ സഹായിക്കാൻ ഉദ്യോഗസ്ഥരുടെ ഒരു പട തന്നെ ഒപ്പമുണ്ടാകും. എം.പിമാർക്കൊപ്പവും സെക്രട്ടറിമാരും സഹായികളും ഉണ്ടാകും. മന്ത്രിമാരെ കാണാനെത്തുന്ന

സംസ്ഥാന മന്ത്രിമാർ, പാർട്ടി നേതാക്കൾ തുടങ്ങിയവരുടെ തിരക്ക് വേറെ. രാവിലെ 11 മുതൽ വൈകിട്ട് അഞ്ചുമണിവരെ പല ബാച്ചുകളിലായി ലോക്‌സഭയിലെയും രാജ്യസഭയിലെയും ഗാലറികളിൽ സന്ദർശകരെ കയറ്റാറുണ്ട്. ഇതിനു പുറമെ സമ്മേളനം റിപ്പോർട്ട് ചെയ്യുന്ന മാദ്ധ്യമ പ്രവർത്തകരുമുണ്ടാകും.

സെപ്‌തംബർ 14ന് തുടങ്ങുന്ന സമ്മേളനത്തിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിക്കാനായി സന്ദർശകരെ പ്രവേശിപ്പിക്കില്ല. മന്ത്രിമാർക്കൊപ്പം വരുന്ന ഉദ്യോഗസ്ഥർക്കും എം.പിമാരുടെ സഹായികൾക്കും നിയന്ത്രണം വരും. എം.പിമാർക്കും ഷിഫ്റ്റ് ആണ്. രാജ്യസഭാ എം.പിമാർ രാവിലയും ലോക്‌സഭാ എം.പിമാർ ഉച്ചയ്‌ക്കും വന്നാൽ മതി. അങ്ങനെ തിരക്കും ബഹളവുമില്ലാത്ത സമ്മേളനമെന്ന പേരിലാകും വരുംകാലത്ത് ഈ മഴക്കാല സമ്മേളനം അറിയപ്പെടുക. സന്ദർശന നിയന്ത്രണങ്ങൾ പുറത്തും പ്രതിഫലിച്ചേക്കും. ആളെക്കൂട്ടിയുള്ള പ്രതിഷേധങ്ങൾക്ക് വിലക്കുള്ളതിനാൽ ജന്ദർമന്ദറിലും ബഹളങ്ങൾ പ്രതീക്ഷിക്കേണ്ട. അപ്പോഴും ആശ്വാസത്തിന് മന്ത്രി വാഹന വ്യൂഹങ്ങളുടെ നിലവിളി ശബ്‌ദങ്ങളും മന്ത്രാലയങ്ങൾക്ക് മുന്നിലെ തിരക്കും മാത്രം തുടരുമായിരിക്കും. കൊവിഡ് കാലമാകെ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടുകയാണല്ലോ. ആ പട്ടികയിലേക്ക് ഒരു മൺസൂൺ സമ്മേളനവും കടന്നുവരുന്നു.