യു.ഡി.എഫ് എന്നും മാണിക്കൊപ്പം: ബെന്നി ബെഹനാൻ
Wednesday 09 September 2020 12:00 AM IST
തൃശൂർ: യു.ഡി.എഫ് എന്നും കെ.എം മാണിക്കൊപ്പമാണെന്ന് യു.ഡി.എഫ് കൺവീനർ ബെന്നി ബെഹനാൻ. ലീഡർ കെ. കരുണാകരനൊപ്പം യു.ഡി.എഫ് രൂപീകരണത്തിനായി യത്‌നിച്ച നേതാവാണ് കെ.എം മാണി. അദ്ദേഹത്തോട് ജീവിച്ചിരിക്കുമ്പോൾ യു.ഡി.എഫ് നീതി പുലർത്തിയിട്ടുണ്ട്.
യു.ഡി.എഫ് തീരുമാനം അംഗീകരിക്കാത്തതിനാലാണ് ജോസ് കെ. മാണി വിഭാഗത്തെ യോഗത്തിലേക്ക് വിളിക്കാതിരുന്നത്. തെറ്റ് തിരുത്താൻ രണ്ട് അവസരമുണ്ടായിട്ടും അത് ഉപയോഗപ്പെടുത്താൻ ജോസ് കെ. മാണി വിഭാഗം തയ്യാറായില്ല. മുന്നണിയുടെ അച്ചടക്കത്തിന് എതിരായി പ്രവർത്തിച്ചവർ പുറത്താണെന്ന കാര്യത്തിൽ സംശയം വേണ്ട. ബെന്നി ബെഹനാൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
സെക്രട്ടേറിയറ്റിനു മുന്നിലും ജില്ല കേന്ദ്രങ്ങളിലും ഈ മാസം 22ന് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യു.ഡി.എഫ് പ്രതിഷേധം സംഘടിപ്പിക്കുമെന്നും ബെന്നി ബഹനാൻ അറിയിച്ചു.