562 പേർക്ക് കൂടി കൊവിഡ്

Wednesday 09 September 2020 2:09 AM IST

തിരുവനന്തപുരം:ജില്ലയിൽ 562 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെയും സംസ്ഥാനത്ത് ഏറ്റവുമധികം രോഗബാധ സ്ഥിരീകരിച്ചത് തലസ്ഥാന ജില്ലയിലാണ്. 504 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ.35 പേരുടെ ഉറവിടം കണ്ടെത്താനായില്ല. ഇതിലൊരാൾ അന്യ സംസ്ഥാനത്തുനിന്നെത്തിയ ആളാണ്. വീട്ടുനിരീക്ഷണത്തിൽ കഴിഞ്ഞ 18 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു.19 ആരോഗ്യപ്രവർത്തകരും രോഗബാധിതരായി. ജില്ലയിൽ നാല് മരണം കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. അഞ്ചിന് മരിച്ച പാറശാല സ്വദേശി പ്രഭാകരൻ ആശാരി (55),മൂന്നിന് മരിച്ച ചെങ്കൽ സ്വദേശി നെൽസൺ (89), ഒന്നിന് മരിച്ച അഞ്ചാലുംമൂട് സ്വദേശിനി റഹുമാബീവി (66),ആഗസ്റ്റ് 30ന് മരിച്ച മുളയറ സ്വദേശി മഹേഷ് (44) എന്നിവരുടെ മരണമാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്.

മണക്കാട്,​രാജാജിനഗർ,​പാച്ചല്ലൂർ,​പാറശാല,​കാരക്കോണം,​ഉള്ളൂർ,​മുട്ടത്തറ,​പ്രശാന്ത് നഗർ എന്നിവിടങ്ങളിലാണ് ഇന്നലെ ഏറ്റവുമധികം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.ഇന്നലെ 389 പേർ രോഗമുക്തി നേടി. നിലവിൽ 4750 പേരാണ് ജില്ലയിൽ ചികിത്സയിലുള്ളത്. ഇന്നലെ പുതുതായി 1,​016 പേർ കൂടി നിരീക്ഷണത്തിലായി. 811 പേർ നിരീക്ഷണകാലയളവ് പൂർത്തിയാക്കി.

 നിരീക്ഷണത്തിലുള്ളവർ - 23,009

 വീടുകളിൽ - 19,002

 ആശുപത്രികളിൽ - 3,450

 കൊവിഡ് കെയർ സെന്ററുകളിൽ - 557

 പുതുതായി നിരീക്ഷണത്തിലായവർ - 1,016