ഞാൻ, പുരുഷൻ, ലജ്ജിക്കുന്നു
കൊവിഡ് ബാധിച്ച പെൺകുട്ടിയെ ആശുപത്രിയിലേക്കുള്ള യാത്രാമദ്ധ്യേ പീഡിപ്പിച്ച ആംബുലൻസ് ഡ്രൈവർ; രോഗമുക്തി സർട്ടിഫിക്കറ്റ് ആവശ്യമുള്ള യുവതിയെ വീട്ടിൽ വരുത്തി കെട്ടിയിട്ട് പീഡിപ്പിച്ച ഹെൽത്ത് ഇൻസ്പെക്ടർ. കഴിഞ്ഞ ആഴ്ച നമ്മെ നടുക്കിയ സംഭവങ്ങളാണിവ. പീഡനത്തിന്റെ കുറെയേറെ ഭയാനക വാർത്തകൾ അടുത്ത കാലത്തായി നാം വായിക്കുകയും അറിയുകയും ചെയ്യുന്നുണ്ട്. വീട്ടമ്മമാർ, വൃദ്ധകൾ, യുവതികൾ , മൂന്നും നാലും വയസ് മാത്രം പ്രായമുള്ള ശിശുക്കൾ, ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന പെൺകുട്ടികൾ, എന്ന് വേണ്ട എല്ലാ പ്രായത്തിലും സാഹചര്യതയിലുമുള്ളവർ ആക്രമിക്കപ്പെടുന്നു. കേരളത്തിൽ മാത്രമല്ല ഇന്ത്യയുടെ നാനാ ഭാഗത്തും ഇത്തരം നീചസംഭവങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. കൂട്ടംചേർന്ന് പീഡിപ്പിക്കുക, പിന്നെ കൊന്നുകളയുക. ഇങ്ങനെ എത്ര സംഭവങ്ങളാണ് നമ്മൾ അറിഞ്ഞത്?
ജോലിസ്ഥലത്തും വീട്ടിലും യാത്രയിലും ബന്ധുവീട്ടിലും വഴിയിലും ഒരിടത്തും സ്ത്രീ സുരക്ഷിതയല്ല. കേരളത്തെ നടുക്കിയ സൂര്യനെല്ലി, വിതുര, കവിയൂർ സംഭവങ്ങൾ ആരും മറന്നിട്ടില്ല. ഡൽഹിയിലെ ബസിൽ നടന്ന ക്രൂരപീഡനഹത്യയ്ക്കു ശേഷം (നിർഭയ കേസ്) ശിക്ഷാ നിയമങ്ങൾ കർശനമാക്കി. വധശിക്ഷ പ്രാബല്യത്തിൽ വന്നു. വിശാഖാകേസിലെ വിധിക്കു ശേഷം ജോലിസ്ഥലത്തും സ്ത്രീകളുടെ സുരക്ഷയ്ക്ക് സുപ്രീംകോടതി തന്നെ വിപുലമായ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ഏതൊരു തൊഴിലിടത്തും സ്ത്രീയുടെ സുരക്ഷിതത്വം ഉറപ്പാക്കാനും പരാതികൾ അന്വേഷിക്കാനും ക്രമീകരണങ്ങൾ ഇന്ന് ആവശ്യമാണ്.
കർശന നിയമങ്ങൾ നിലവിൽ വന്നിട്ടും ഇത്തരം നീചസംഭവങ്ങൾക്കു ശമനമില്ല. പെണ്ണായി പിറന്ന ഏതു പ്രായത്തിലുള്ളവരെ കണ്ടാലും അവർ ഒറ്റയ്ക്കാണെങ്കിൽ ലൈംഗികമായി ഉപയോഗപ്പെടുത്താമെന്ന ചിന്ത പുരുഷമനസുകളിൽ ഉണ്ടാകുന്നത് എന്തുകൊണ്ട്? ഇതിനു പ്രേരിപ്പിക്കുന്ന പുരുഷ മനോഭാവവും മനഃശാസ്ത്രവും എന്താണ്? ചിന്തിക്കുന്ന ആരെയും ഈ ചോദ്യം അന്ധാളിപ്പിക്കണം. സ്ത്രീ സുരക്ഷയ്ക്ക് വേണ്ട പുതിയ നിയമങ്ങളെക്കുറിച്ചോ, സ്ത്രീ ശാക്തീകരണത്തിന്റെ ആവശ്യത്തെക്കുറിച്ചോ ഒന്നുമല്ല ഈ കുറിപ്പ്. പുരുഷൻ എന്ന ബുദ്ധിയില്ലാത്ത ജന്തുവിനെക്കുറിച്ചുള്ള ലജ്ജയിൽ നിന്നു ചിലത് ചിന്തിച്ചു പോകുന്നു എന്നുമാത്രം. യൂറോപ്പിലും അമേരിക്കയിലും സ്ത്രീപീഡനം എന്ന നാണംകെട്ട തുടർക്കഥ നടക്കാത്തത് എന്തുകൊണ്ടാണ്? ഇവിടെ ഒറ്റയ്ക്കിരിക്കുന്ന പെണ്ണിനെക്കണ്ടാൽ പുരുഷൻ ഞരമ്പ് രോഗിയാകുന്നതെന്തു കൊണ്ട് ? സാമൂഹ്യ ശാസ്ത്രജ്ഞരും മനഃശാസ്ത്രജ്ഞരും ആലോചിക്കേണ്ട വിഷയമാണ്. ഞാൻ ഇത് രണ്ടുമല്ല.
വീടിന്റെയും സമൂഹത്തിന്റെയും പശ്ചാത്തലത്തിൽ ആരുടെയോ മകനും സഹോദരനുമായ ഒരു പുരുഷന് ഈ വാസന അടക്കാൻ കഴിയാത്തതെന്തു കൊണ്ടാണ്? നിയമത്തിന്റെ കാർക്കശ്യത്തെക്കുറിച്ച് കുറ്റകൃത്യം നടത്തുന്ന സമയത്ത് കുറ്റവാളികൾ ഓർക്കാറില്ല. നിയമത്തെക്കുറിച്ചു അറിയാമെങ്കിലും ആ സന്ദർഭത്തിൽ അത് മറക്കുകയോ, എനിക്കൊന്നും സംഭവിക്കില്ല , ഇതാരും അറിയാൻ പോകുന്നില്ല എന്നൊക്കെയുള്ള മൂഢവിശ്വാസങ്ങൾക്കു അയാൾ അടിമയാകുന്നു. മറ്റാരുമില്ലാത്ത സാഹചര്യത്തിൽ ഒരു പെൺകുട്ടിയുമായി സമ്പർക്കത്തിൽ വരുമ്പോൾ അവളെ ലൈംഗികമായി ഉപയോഗിക്കാമെന്ന ഒരു രഹസ്യ സന്ദേശം ആന്തരികമായി ഇത്തരം പുരുഷന്മാർക്ക് കിട്ടുന്നുണ്ട്. എല്ലാ പുരുഷന്മാരിലും ഇതുണ്ടാകാം. എന്നാൽ സ്വന്തം മാനസിക വളർച്ചയുടെയും വ്യക്തിത്വ വികാസത്തിന്റെയും അച്ചടക്കത്തിന്റെയും ഭാഗമായി അനേകം ആണുങ്ങൾ ഈ പ്രേരണയെ അതിജീവിക്കുകയും പരിഷ്കൃത സമൂഹത്തിലെ അംഗീകൃത മനോഭാവങ്ങൾ സ്വായത്തമാക്കുകയും ചെയ്യുന്നു. ഒരു വ്യക്തിയുടെ ആത്മസംസ്കാരമാണത്. അത് അയാൾ സ്വയം ഏറ്റെടുക്കുന്ന തുടർപ്രക്രിയയാണ്. ചില വ്യക്തികൾക്ക് ഇതിനു സാധിക്കാറില്ല. അവരുടെ പരിചയ വലയവും സാഹചര്യങ്ങളും ഈ വിധമുള്ള ആത്മസംസ്കാരത്തിന്റെ പ്രാധാന്യത്തെ അംഗീകരിക്കുന്നില്ല. ആണിനെക്കുറിച്ചുള്ള വികല മാതൃക എങ്ങനെയാണ് ഇവരെ പിടികൂടുന്നത്? നമ്മുടെ സിനിമകൾ, സീരിയലുകൾ, പുരുഷന്മാർ മാത്രം ആസ്വദിക്കുന്ന അശ്ലീലങ്ങൾ, അശ്ലീലം കലർന്ന ഫലിതങ്ങൾ, വീട്ടിൽ ആൺകുട്ടിക്ക് കിട്ടുന്ന പ്രാധാന്യവും പ്രത്യേക പരിഗണനയും , സ്ത്രീകളുമായി തുറന്നബന്ധം പുലർത്താനുള്ള സാഹചര്യങ്ങളുടെ അഭാവം എന്നിവയെല്ലാം പുരുഷന്റെ മനോഭാവങ്ങളെ വികലമാക്കുന്നു.
ലൈംഗിക വിഷയത്തിൽ തന്നിഷ്ടം പ്രവർത്തിക്കാൻ തനിക്കു അവകാശമുണ്ടെന്നും അതാണ് ആണത്തമെന്നും ഈ മൂഢന്മാർ ധരിച്ചുപോകുന്നു. ആ പ്രേരണയിൽ നിന്ന് അവനെ നേർവഴിക്കു നടത്തിക്കാൻ വീട്ടുകാർക്കോ കൂട്ടുകാർക്കോ സാധിക്കുന്നില്ല. നല്ല സൗഹൃദം പെൺകുട്ടികളുമായി വച്ചുപുലർത്താൻ കഴിഞ്ഞിരുന്നെങ്കിൽ തീർച്ചയായും ചില മാറ്റങ്ങൾ വരുമായിരുന്നു. ഇവിടെ നമ്മുടെ സ്കൂളുകളിലും വീടുകളിലും ഈ ആൺകോയ്മയ്ക്കു നമ്മളൊക്കെ വളം വച്ചുകൊടുക്കുന്നുണ്ട്. ആൺകുട്ടികളും പെൺകുട്ടികളും തങ്ങളിൽ അകലം പാലിക്കണമെന്ന ചിന്ത നമ്മുടെ സമൂഹത്തിൽ രൂഢമൂലമാണ്. ആണും പെണ്ണും കൂടി ഇടകലരുന്നത് അനാരോഗ്യകരമാണെന്നു നമുക്കൊരു ധാരണയുണ്ട്. ബോയ്സ് സ്കൂൾ, ഗേൾസ് സ്കൂൾ, വിമെൻസ് കോളേജ് എന്നിങ്ങനെയുള്ള ആൺപെൺ വ്യത്യാസത്തിന് അടിവരയിടുന്ന സമീപനം ഗുണമായോ ദോഷമായോ എന്ന് ആലോചിക്കണം. ചെറിയ പ്രായം മുതൽ തന്നെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമിടയിൽ നല്ല സഹൃദങ്ങൾ വളരാനുള്ള സാഹചര്യങ്ങൾ ഇല്ലാതെ പോകുന്നതിനു കൊടുക്കേണ്ടിവരുന്ന വില കൂടിയല്ലേ ഇത്തരം ഭീകരതകൾ? വീട്ടിലും വിദ്യാലയത്തിലും സമൂഹത്തിലും ജോലിസ്ഥലത്തുമെല്ലാം സ്ത്രീപുരുഷ ബന്ധം സൗഹൃദപൂർണമാകണം.
ആണിലെ ആ പിശാചിനെ മെരുക്കാൻ നിയമവും ശിക്ഷയും മാത്രം പോരാ. പെണ്ണിന്റെ അനുമതിയില്ലാതെ അവളെ സ്പർശിക്കാൻ പോലും തനിക്കു അവകാശമില്ലെന്ന ബോധം പുരുഷനിൽ കുത്തിവയ്ക്കാൻ ഓരോ സന്ദർഭവും ഉപയോഗപ്പെടുത്താൻ എല്ലാവർക്കുമുണ്ട് ഉത്തരവാദിത്വം. ആൺകുട്ടിക്ക് പെൺകുട്ടിയെക്കാൾ എന്തോ അവകാശമുണ്ടെന്ന് അംഗീകരിക്കുന്ന ഓരോ വാക്കും ഫലിതവും തീരുമാനവും ശ്രദ്ധയില്ലാതെ പറയുന്ന ഓരോ അഭിപ്രായവും ഒരു പീഡകനെയാണ് വളർത്തുന്നതെന്ന് നമ്മൾ ഓർമ്മിക്കണം. അവസരം കിട്ടിയാൽ പീഡിപ്പിക്കാം എന്ന് വിചാരിക്കുന്ന മൂഢനും മൃഗീയനുമായ പുരുഷനെ ഇനിയെങ്കിലും വളരാൻ അനുവദിക്കരുത്. പുരുഷൻ എന്ന നിലയ്ക്ക് എന്നെയും ബഹുഭൂരിപക്ഷം ആണുങ്ങളെയും ഈ പീഡകന്മാർ ലജ്ജിപ്പിക്കുന്നു.