വലിയ ലോകത്തെ ചെറിയ ജീവിതങ്ങൾ
സമൂഹത്തിന് നേരെ ഒരു കണ്ണാടി ഉയർത്തിപ്പിടിച്ചാൽ തെളിയുക പല മുഖങ്ങളാണ്. അതിൽ സംതൃപ്തിയുടെ മുഖം കാണാം, ആനന്ദത്തിന്റെ നിറകുടം തെളിയാം, ആഡംബരത്തിന്റെ പൊങ്ങച്ചത്തൂവലുകൾ മിന്നാം.. ഇതെല്ലാം ചേർന്ന സമൂഹത്തിന്റെ ചിന്തകൾ മറിയുന്നത് പല രീതിയിലാണ്. ഇന്ന് കാണുന്ന ചിന്തയായിരിക്കില്ല, നാളെ. ചിലരുടെ ചിന്ത എങ്ങനെയും പണമുണ്ടാക്കുക എന്നതിലായിരിക്കും. അതിന് അവരുടേതായ വഴിയേ കരുക്കൾ നീക്കുന്നു. ചിലർ പേരും പ്രശസ്തിയുമുണ്ടാക്കാനായിരിക്കും ആഗ്രഹിക്കുക. അതിനായി അവർ കളിതുടങ്ങും. സ്വസ്ഥമായി ജീവിക്കാനായിരിക്കും ചിലർ മനസിനെ തുറന്ന് വിടുക. ഒന്നിലും ഇടപെടാതെ സുഖമായങ്ങ് കഴിയുക. ചിലർക്ക് വെട്ടിപ്പിടിക്കുക എന്ന ചിന്തയായിരിക്കും.,അടങ്ങാത്ത മോഹം. വേറെ ചിലരുണ്ട് മറ്റുള്ളവരുടെ ജീവിതം കണ്ട് അസൂയപ്പെടുന്നവർ. അവർ കുറ്റം പറഞ്ഞുകൊണ്ടിരിക്കും. തന്റെ കുറ്റം എന്താണെന്ന് തിരിച്ചറിയാതെ മറ്റുള്ളവരുടെ ജീവിതത്തിൽ കുറ്റവും കുറവും കാണുന്നവർ.
തൊട്ടയൽക്കാരൻ നന്നാവുന്നത് ഒരിക്കലും സഹിക്കില്ല. അവർ നല്ല വസ്ത്രം ധരിക്കുന്നത്, ആഡംബര കാറുകളിൽ വന്നിറങ്ങുകയും പോവുകയും ചെയ്യുന്നത് സഹിക്കാനേ പറ്റില്ല. വീട്ടിൽ അടങ്ങിയിരിക്കാത്ത ഇവർ അടുത്തുള്ള കടത്തിണ്ണയിലോ ആൾമരച്ചുവട്ടിലോ ഇരുന്ന് പരദൂഷണം പറഞ്ഞുകൊണ്ടിരിക്കും. ഒരിക്കലും നന്നാവില്ലെന്ന് ശപഥം ചെയ്തവരാണിവർ. മനസിന്റെ വലിപ്പമില്ലായ്മയാണ് കുറ്റം കൊണ്ട് നിറയ്ക്കുന്നത്. വേറെ ചിലരുണ്ട് അറിഞ്ഞുകൊണ്ട് ഒരു തലമുറയെ നശിപ്പിക്കുന്നവർ. മയക്ക് മരുന്നും മദ്യവും നൽകി വഴി തെറ്റിക്കുന്നവർ. മറ്റുള്ളവരെ ഇതിലൂടെ നശിപ്പിച്ച് ആനന്ദം കൊള്ളുന്നവർ.
ദരിദ്രനായി ജനിക്കുന്നവൻ ദരിദ്രനായി ഒടുങ്ങുന്നതാണ് ഏറെയും കാണുന്നത്. ഇതിൽ നിന്ന് വ്യത്യസ്തമായി കഥയുടെ ഗതി മാറി ദരിദ്രൻ സമ്പന്നനായി മാറുന്ന സീനുകളും സമൂഹത്തിൽ കാണുന്നുണ്ട്. എന്നാൽ സമ്പന്നനായി ജനിച്ച് സമ്പന്നനായി ജീവിച്ച് ദരിദ്രനായി മാറുന്ന കഥയുടെ ക്ളൈമാക്സ് ദൈവത്തിന്റെ വികൃതിയോ വിധിയുടെ മാറാപ്പോ? രണ്ടു നാലു ദിനങ്ങൾ കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാൻ. മാളിക മുകളിലേറിയ മന്നന്റെ തോളിൽ മാറാപ്പ് ചാർത്തുന്നതും ഭവാൻ എന്ന് പൂന്താനം കുറിച്ചത് എക്കാലത്തെയും തത്വസംഹിതയാണ്. ഒരു പൂവ് ചോദിച്ചപ്പോൾ ഒരു പൂക്കാലം കിട്ടിയ അവസ്ഥ കണ്ട് സമ്പന്നതയുടെ തേരിൽ കയറി കുതിക്കുമ്പോൾ വന്ന വഴികൾ മറക്കുന്നവരുണ്ട്. അവരെ ഓർമ്മപ്പെടുത്തിക്കൊണ്ടാണ് റിവേഴ്സ് ഗിയറിൽ പോയ വഴിയെ തിരിച്ചിറക്കുന്നത്.
പണം തട്ടിയെടുത്ത് കടന്നു കളയാൻ അപാര തൊലിക്കട്ടി വേണം. മറ്റൊരാൾ സ്വരൂക്കൂട്ടിയുണ്ടാക്കിയ പണവുമായി മുങ്ങുക എന്നത് അയാളുടെ ജീവിതത്തെ മുക്കിക്കൊല്ലുകയാണ്. അനർഹമായി നേടുന്നതൊന്നും നിലനിൽക്കില്ല എന്നൊരു ചൊല്ലുണ്ട്. അദ്ധ്വാനിച്ച് ഉണ്ടാക്കുന്നവയാണ് എന്നും തലയുയർത്തി നിൽക്കുന്നത്. വലിയ പലിശ വാഗ്ദാനം ചെയ്ത് അന്യരിൽ നിന്ന് പണം വാങ്ങിയിട്ട് പൊട്ടുമ്പോൾ മുങ്ങിക്കളയുന്ന വിദ്യ പണ്ടേയുള്ളതാണ്. അത്തരമൊരു മുങ്ങൽ അടുത്ത കാലത്തും കണ്ടു. കുടുംബസമേതമുള്ള കബളിപ്പിക്കൽ. ഒടുവിൽ മക്കളെ മുംബയ് വിമാനത്താവളത്തിൽ നിന്ന് പൊക്കിയപ്പോൾ തകർന്നത് എന്തായിരിക്കും. അന്തസോ, അഭിമാനമോ. അന്തസിന് എന്ത് വില? മാനം ഇടിഞ്ഞു വീണാലും മാനം വിൽക്കില്ല എന്ന് അന്തസായി പറയുന്നവരാണ് അന്തസിന്റെ വർണപ്പകിട്ടുകാർ. കള്ളത്തരമെല്ലാം ഒളിച്ചുവച്ചിട്ട് മാന്യത നടിച്ച് നടന്നാൽ ഒരുനാൾ കള്ളത്തരം പുറത്ത് ചാടും. അതാണ് ഓണക്കാലത്ത് കണ്ട മറ്റൊരു ജാലവിദ്യ. ഹോസ്റ്റലിൽ ഒപ്പം താമസിച്ച സഹോദരിയെ ചായ എടുക്കാൻ പറഞ്ഞ് വിട്ട് മുറിയിൽ രഹസ്യമായി പ്രസവിക്കാൻ കാണിച്ച ധൈര്യം ഞെട്ടിക്കുന്നതാണ്. അവിഹിത ഗർഭം ഒളിച്ചുവച്ച് പ്രസവം നടത്താൻ കാണിച്ച ധീരതയ്ക്ക് എന്ത് അന്തസാണുള്ളത്. പ്രസവിച്ച കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊന്നിട്ട് എങ്ങനെയാണ് അന്തസോടെ ജീവിക്കാൻ കഴിയുക. ഒരാൾക്ക് കുഞ്ഞിനെ ജന്മം നൽകാൻ അവകാശമുണ്ട്. ആ ജീവനെടുക്കാൻ അധികാരമില്ല. ജനിച്ചുകഴിഞ്ഞാൽ കുഞ്ഞിന് നിയമസംരക്ഷണമുണ്ട്. ഈ മണ്ണിൽ പിറന്നു വീണ ഓരോ ജീവനും ജീവിക്കാൻ അവകാശമുണ്ട്. . ജനിപ്പിച്ചവർക്ക് വേണ്ടെങ്കിൽ അതിനെ സുരക്ഷിതമായി സ്വീകരിക്കാനാണ് അമ്മത്തൊട്ടിലുള്ളത്. അവിടെ ഉപേക്ഷിക്കാമായിരുന്നില്ലേ. പത്ത് മാസം വരെ ചുമന്നിട്ട് കൊല്ലുമ്പോൾ സ്വന്തം ശരീരത്തോടാണ് ക്രൂരത കാട്ടുന്നത്.
അമ്മത്തൊട്ടിലിൽ മണിയടികേട്ട് ഓടിയെത്തുന്ന ആയമാർ ആ കുഞ്ഞിനെ വാരിയെടുക്കുമ്പോൾ, ഉപേക്ഷിച്ചവർ ആശ്വാസ നെടുവീർപ്പോടെ മുങ്ങുന്നു. അമ്മത്തൊട്ടിൽ വന്നതോടെ ഇത്തരം കുഞ്ഞുങ്ങൾക്ക് ഒരു അഭയ കേന്ദ്രമായി. ഇല്ലായിരുന്നെങ്കിലോ ആരോരുമറിയാതെ എത്ര കൊലപാതകങ്ങൾ നടക്കുമായിരുന്നു. അവിഹിത ഗർഭത്തെയും അവിഹിത സന്തതിയെയും അംഗീകരിക്കാൻ വലിയ പ്രയാസമാണ്. കുന്തീദേവി ചെയ്തതും അതാണല്ലോ. പ്രസവിച്ച ഉടൻ കുഞ്ഞിനെ പെട്ടിയിലടച്ച് പുഴയിലൊഴുക്കി. കുന്തി കൊന്നില്ല, പെട്ടിയിലടച്ച് പുഴയിൽ കളഞ്ഞത് കൊലയുടെ മറ്റൊരു രൂപമല്ലേ? അതാണ് ആധുനിക കുന്തിമാരും ചെയ്തുകൊണ്ടിരിക്കുന്നത്.