വിമാനത്താവള നഗരിയിൽ കിൻഫ്ര പാർക്ക്

Thursday 10 September 2020 12:16 AM IST

കണ്ണൂർ:കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ കാർഗോ കോംപ്ലക്‌സ് തുടങ്ങുന്ന പശ്ചാത്തലത്തിൽ വെള്ളിയാംപറമ്പിലെ കിൻഫ്ര വ്യവസായ പാർക്കിൽ 5000 പേർക്ക് തൊഴിൽ സാദ്ധ്യതയുള്ള പദ്ധതി ഒരുങ്ങുന്നു. ഇവിടേക്ക് വൈദ്യുതി, വെള്ളം എന്നിവ എത്തിക്കുന്നതിനുള്ള പ്രവൃത്തിക്ക് തുടക്കമായി. അഞ്ചുകോടി ചെലവിട്ട് നിർമ്മിക്കുന്ന വാട്ടർ ടാങ്കിന്റെ പണിയും പൈപ്പിടലും അന്തിമഘട്ടത്തിലാണ്.

പഴശ്ശി അണക്കെട്ടിൽനിന്നാണ് പാർക്കിലേക്ക് വെള്ളം എത്തിക്കുന്നത്. ഇതിനാവശ്യമായ പൈപ്പിടുന്നതിന് 40 സെന്റ് സ്ഥലം കൂടി ഏറ്റെടുക്കണം. രണ്ടുമാസത്തിനുള്ളിൽ പ്രവൃത്തി പൂർത്തീകരിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. വൈദ്യുതി എത്തിക്കുന്നതിന് സബ് സ്റ്റേഷൻ നിർമ്മിക്കുന്നതിനായി പാർക്കിൽ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. കിൻഫ്ര ഇതിനുള്ള എസ്റ്റിമേറ്റും കെ.എസ്.ഇ.ബി.ക്ക് കൈമാറി. അനുമതി ലഭിക്കുന്ന മുറയ്ക്ക് സബ് സ്റ്റേഷന്റെ നിർമ്മാണവും തുടങ്ങും. വെള്ളിയാംപറമ്പിൽ 140 ഏക്കർ സ്ഥലമാണ് വ്യവസായ പാർക്കിനായി ഏറ്റെടുത്തിട്ടുള്ളത്. പാർക്കിൽ 13 കോടി രൂപയോളം ചെലവിട്ട് അഞ്ചു കിലോമീറ്റർ റോഡ്, ഓവുചാൽ, ജലസംഭരണി എന്നിവ നിർമ്മിച്ചിരുന്നു. ഇനി വൈദ്യുതി, വെള്ളം അടക്കമുള്ള അടിസ്ഥാനസൗകര്യങ്ങൾ കൂടി ഏർപ്പെടുത്തിയാൽ പാർക്കിൽ സംരംഭകർക്ക് വ്യവസായം തുടങ്ങാൻ സ്ഥലം വിട്ടുനൽകാൻ കഴിയും. തറക്കല്ലിടൽ കഴിഞ്ഞ് ഒരുവർഷത്തിലധികം കാലം വ്യവസായ പാർക്കിനുള്ള പ്രവൃത്തികൾ മന്ദഗതിയിലായിരുന്നു. പാർക്കിന്റെ ഭൂമിയിൽനിന്ന് മരംകൊള്ളയും മറ്റും വ്യാപകമായതോടെ ചുറ്റുമതിലും ഗേറ്റും നിർമിച്ചു. കഴിഞ്ഞ ഡിസംബറിലാണ് റോഡ് ഉൾപ്പെടെയുള്ള ആദ്യഘട്ട വികസനപദ്ധതികൾ മന്ത്രി ഇ.പി. ജയരാജൻ ഉദ്ഘാടനം ചെയ്തത്. 2021ൽ നിർമ്മാണം പൂർത്തിയാക്കാനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും കൊവിഡ് ലോക്ക്ഡൗൺ മൂലം പ്രവൃത്തി വൈകുകയായിരുന്നു.

വൻകയറ്റുമതി സാദ്ധ്യത

വിമാനത്താവളത്തിൽ കാർഗോ കോംപ്ലക്‌സ് പ്രവർത്തനം തുടങ്ങുന്നതോടെ കയറ്റുമതി സാദ്ധ്യതകൾ പ്രയോജനപ്പെടുത്താനാണ് വ്യവസായപാർക്ക് വഴി ലക്ഷ്യമിടുന്നത്. എക്‌സ്‌പോർട്ട് എൻക്ലേവ്, അന്താരാഷ്ട്ര കൺവെൻഷൻ എക്‌സിബിഷൻ സെന്റർ, ഇലക്‌ട്രോണിക്‌സ് വാഹന നിർമ്മാണ യൂണിറ്റ് തുടങ്ങിയ പദ്ധതികളും വ്യവസായ പാർക്കിനോടനുബന്ധിച്ച് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. കിൻഫ്ര നൽകിയ 15 ഏക്കർ സ്ഥലത്താണ് കൺവെൻഷൻ എക്‌സിബിഷൻ സെന്റർ വരുന്നത്. ഇതിനുള്ള രൂപരേഖ തയ്യാറാക്കുന്നുണ്ട്. മണ്ഡലം എം.എൽ.എയും മന്ത്രിയുമായ ഇ.പി. ജയരാജന്റെ പ്രത്യേക താൽപ്പര്യപ്രകാരമാണ് പദ്ധതിയൊരുങ്ങുന്നത്.