ക‌ൃഷി നശിപ്പിച്ച് വന്യജീവികൾ

Thursday 10 September 2020 5:23 AM IST

വെള്ളറട: കൃഷിചെയ്ത് കുടുംബം പുലർത്താൻ കഴിയാതെ മലയോര കർഷക‌ർ. വന്യജീവികളുടെ കൃഷി നശീകരണത്തിന് പരിഹാരം കണ്ടെത്താൻ അധികൃതരും തയ്യാറാകാതെ വന്നതോടെ ജീവിതം തന്നെ പ്രതിസന്ധിയിലായിരിക്കുകയാണെന്ന് ഇവർ പറയുന്നു.

ഭക്ഷ്യധാന്യങ്ങളൊന്നും കൃഷിചെയ്യാൻ കഴിയാതെയായിട്ട് വർഷങ്ങൾ പലതുകഴിഞ്ഞു. നിവേദനങ്ങൾ നിരവധി തവണ വിവിധ രാഷ്ട്രീയ പാർട്ടികൾക്ക് നൽകി. കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം രാഷ്ട്രീയ പാർട്ടികളുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊതുങ്ങും.

തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ കർഷകരുടെ കാര്യം എല്ലാവരും മറക്കുകയാണ് പതിവെന്ന് മലയോര കർഷകർ പറയുന്നു.

ഹെക്ടർകണക്ക് സ്ഥലങ്ങളാണ് കൃഷിയിറക്കാനാകാതെ തരിശാക്കിയിട്ടിരിക്കുന്നത്. മരച്ചീനി(കപ്പ) വാഴ, ചേമ്പ്, ചേന, മറ്റുനാണ്യവിളകൾ ഒന്നും തന്നെ കൃഷിചെയ്യാൻ കഴിയുന്നില്ല.

ഒരു കാലത്ത് എല്ലാനാണ്യവിളകളും സുലഭമായി കൃഷിചെയ്ത് ആദായം ലഭിച്ചിരുന്നതിനാൽ കർഷകർക്ക് ബുദ്ധിമുട്ടില്ലാതെ ജീവിച്ച് പോകാൻ കഴിയുമായിരുന്നു. വന അതിർത്തി കഴിഞ്ഞ് എത്തുന്ന വന്യജീവികളെ തടയുന്നതിനുള്ള മാർഗങ്ങൾ സർക്കാർ അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടായില്ലെങ്കിൽ മലയോരത്ത് ഇനി കൃഷിഭൂമി കാണില്ല. റബർ കൃഷിയെ ആശ്രയിക്കാമെന്നു വിചാരിച്ചാൽ കൃഷിക്ക് മുടക്കുന്ന പണം പോലും തിരികെ കിട്ടാത്ത സാഹചര്യവും കർഷകനെ ദുരിതത്തിലാക്കുന്നു.