മനസ് വൃന്ദാവനമാകുമ്പോൾ

Thursday 10 September 2020 12:00 AM IST

ജഗന്മോഹന സ്വരൂപനായ ശ്രീകൃഷ്ണന്റെ അവതാരദിനമാണ് ഇന്ന്.

നരനാരായണന്മാർ ലോകരക്ഷ ചെയ്യുന്നതിന് യുഗങ്ങൾ തോറും ജന്മമെടുക്കുന്നു. അതിൽ പ്രധാനമാണ് ശ്രീകൃഷ്ണാവതാരം.

. ഈശ്വരാവതാരങ്ങൾക്കെല്ലാം ഓരോ ലക്ഷ്യമുണ്ട്. നിർദ്ദിഷ്ട ലക്ഷ്യപ്രാപ്തി വരുമ്പോൾ അവതരോദ്ദേശ്യം പൂർത്തിയാകുന്നു.

ചിങ്ങമാസത്തിലെ കറുത്തപക്ഷത്തിൽ അഷ്ടമിയും രോഹിണിയും ചേർന്ന പുണ്യമുഹൂർത്തത്തിൽ മഥുരാപുരിയുടെ പുണ്യോദയമായി, ലോകാനുഗ്രഹകരനായി ശ്രീകൃഷ്ണചൈതന്യം പൂർണോദയം കൈക്കൊണ്ടു. കുസൃതിക്കുരുന്നായ കണ്ണനെ പിടികൂടുവാൻ വന്ന യശോദാമ്മയുടെ മുൻപിൽ, വായ് പിളർന്നീരേഴു ലോകവും കാട്ടുന്ന വാതലയേശനെ, ആർക്കാണ് മറക്കാൻ കഴിയുക!

ഗോവർദ്ധനക്കുടക്കീഴിൽ ഗോക്കളെയും ഗോകുലപാലകരെയും സംരക്ഷിച്ചു നിർത്തിയ ഗോപാലബാലനെ എങ്ങനെ മറക്കും? ഉള്ളുകൊണ്ട് ഊറിച്ചിരിച്ച് ഉരലും വലിച്ചു കൊണ്ടോടുന്ന, ഉറിയിലെ വെണ്ണ കട്ട കണ്ണൻ ആരുടെ മാനസവൃന്ദാവനികയിലാണ് ഓടിക്കളിക്കാത്തത്! അസുരന്മാരുടെ ശത്രുവായി, ആർത്തത്രാണപരായണനായി, അഖിലം നിറഞ്ഞുനിൽക്കുന്ന ശ്രീകൃഷ്ണചൈതന്യം മനുഷ്യകുലത്തെയാകമാനം എന്നും സംരക്ഷിക്കുന്നു.

കൃഷ്ണ എന്ന ധാതുവിന് ആകർഷിക്കുക എന്നർത്ഥം. കർഷയതി. എല്ലാ ജീവജാലങ്ങളെയും തന്നിലേക്ക് അടുപ്പിക്കുക എന്നു സാരം. ഭർഗ്ഗമുനിയാണ് ഭഗവാന് 'കൃഷ്ണൻ" എന്നു നാമകരണം ചെയ്തത്. ഭഗവാന്റെ പ്രത്യക്ഷ രൂപമാണ് ശ്രീമദ് ഭാഗവതം.

വർത്തമാനകാല ക്ളേശഭരിതമായ സാഹചര്യങ്ങളിൽ നിന്നും മാറി ബഹുജനഹിതത്തിനും ലോകഹിതകരമായ ധർമ്മത്തിനും ശ്രീകൃഷ്ണജയന്തി എങ്ങും എന്നും അനുഗ്രഹപൂർണമായി ഭവിക്കുമാറാകട്ടെ!