കൊവിഡിനെതിരെ ഗോമൂത്ര സാനിറ്റൈസർ

Thursday 10 September 2020 12:59 AM IST

ന്യൂഡൽഹി: കൊവിഡ് പ്രതിരോധത്തിനായി ഗോമൂത്രം കൊണ്ട് സാനിറ്റൈസർ നിർമ്മിച്ച് ഗുജറാത്ത് കമ്പനി. ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസറിന് ബദലായി പ്രകൃതി ദത്തമായി നിർമിക്കുന്ന ഗോമൂത്ര സാനിറ്റൈസറുമായി വിപണി കീഴടക്കുകയാണ് ലക്ഷ്യം. ഗുജറാത്ത് ജാംനഗർ ആസ്ഥാനമായി പ്രവർത്തിക്കുന്ന വനിത കോർപ്പറേറ്റീവ് സൊസൈറ്റിയായ കാമധേനു ദിവ്യ ഔഷധി മഹിള മന്ദാലിയാണ് 'ഗോ സേഫ്' എന്ന പേരിൽ ഹാൻഡ് സാനിറ്റൈസർ നിർമിക്കുന്നത്. അടുത്തയാഴ്ചയോടെ ലൈസൻസ് ലഭിക്കുമെന്ന് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഡയറക്ടർ മനീഷ ഷാ പറഞ്ഞു. ഗോമൂത്രത്തിനൊപ്പം തുളസിയും വേപ്പിലയും ചേർത്താണ് സാനിറ്റൈസർ നിർമിക്കുന്നത്.

ലോക്ക്ഡൗണിൽ ഗോമൂത്രം ഉപയോഗിച്ച് തറ വൃത്തിയാക്കുന്ന ലോഷനും മറ്റും പുറത്തിറക്കിയിരുന്നു. നേരത്തേ രാജസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന നിർമാണ വിതരണ കമ്പനി ചാണകവും പേപ്പറും ഉപയോഗിച്ച് നിർമിച്ച മാസ്‌ക് വിപണിയിലെത്തിച്ചിരുന്നു.