ഖമറുദീനെതിരായ ജുവലറി ഇടപാട് കേസ് ക്രൈംബ്രാഞ്ചിന് കൈമാറും
കാസർകോട്: മഞ്ചേശ്വരം എം. എൽ.എ ഖമറുദീനും സംഘത്തിനുമെതിരെ കാസർകോട് ജില്ലയിലെ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത ജുവലറി തട്ടിപ്പ് കേസുകൾ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘത്തിന് കൈമാറും. സർക്കാർ ഉത്തരവ് അടുത്ത ദിവസം ഇറങ്ങും.
സ്റ്റേറ്റ് ക്രൈംബ്രാഞ്ച് കാസർകോട് ഡിവൈ. എസ്. പി പി.കെ സുധാകരന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന് കേസ് കൈമാറാനാണ് സാധ്യത.സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരും അന്വേഷണ സംഘത്തിലുണ്ടാകും. കാസർകോട് പൊലീസ് മേധാവി ഡി. ശില്പയുടെ കീഴിൽ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി സതീഷ് കുമാറിനാണ് നിലവിൽ കേസുകൾ കൈമാറിയിട്ടുള്ളത്.
അതിനിടെ ഖമറുദീനെതിരെ ഇന്നലെ ചന്തേരയിൽ 10 വഞ്ചനക്കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. ജുവലറി തുടങ്ങാൻ പണം നിക്ഷേപമായി വാങ്ങിയ ശേഷം തിരിച്ചുനല്കിയില്ലെന്നാണ് പരാതി. ചന്തേരയിൽ മാത്രം എം.എൽ.എക്കെതിരെ 22 കേസുകളായി. കാസർകോട് ടൗൺ പൊലീസ് സ്റ്റേഷനിൽ ഒരു കേസുമുണ്ട്. ഹൊസ്ദുർഗ് കോടതിയിൽ 70 ലക്ഷത്തിന്റെ വണ്ടിച്ചെക്ക് കേസുണ്ട്.
കൂടുതൽ പണം നൽകിയവരുടെ പരാതികൾ ഇനിയും വരുമെന്നാണ് അറിയുന്നത്. പണത്തിന് പകരമായി മുദ്രപത്രത്തിൽ എഴുതിയ എഗ്രിമെന്റും വണ്ടിച്ചെക്കുകളുമാണ് നൽകിയത്. എം.എൽ.എയുടെയും ജുവലറി നടത്തിപ്പിനായി രൂപീകരിച്ച കമ്പനിയുടെ എം.ഡി പൂക്കോയ തങ്ങളുടെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടില്ല. എല്ലാ കമ്പനിയുടെയും ചെയർമാൻ എം.എൽ.എയാണ്.
യുവമോർച്ചയുടെ കരിങ്കൊടി
കുമ്പളയിൽ ഓൺലൈൻ പഠനത്തിനുള്ള ടിവി വിതരണത്തിനെത്തിയ എം.സി ഖമറുദീനു നേരെ യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാണിച്ചു. രാജി ആവശ്യപ്പെട്ടാണ് യുവമോർച്ച കാസർകോട് ജില്ലാ പ്രസിഡന്റ് ധനഞ്ജയൻ മധൂരിന്റെ നേതൃത്വത്തിൽ എം.എൽ.എയുടെ വാഹനത്തിന് മുന്നിൽ ചാടിവീണ് കരിങ്കൊടി കാണിച്ചത്. പൊലീസ് ഇവരെ നീക്കം ചെയ്തു.
ജുവലറി തട്ടിപ്പിൽ കൂടുതൽ വെളിപ്പെടുത്തലുകൾ
കാസർകോട് ജുവലറി തട്ടിപ്പ് കേസിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി പണം നൽകിയവർ. എം സി ഖമറുദ്ദീൻ എം എൽ എ യും എം ഡി പൂക്കോയ തങ്ങളും നിക്ഷേപമായി കിട്ടിയ പണം വകമാറ്റി എന്നാണ് ആരോപണം. ഈ പണം എടുത്ത് ബംഗളൂരുവിലും മംഗളുരുവിലും സ്ഥലം വാങ്ങുകയും ബിസിനസ് നടത്തുകയും ചെയ്തു. ജുവലറിക്ക് കൂടുതൽ പ്രചരണം കിട്ടാൻ അജ്മാനിൽ ജുവലറി തുടങ്ങി ഉടനെ പൂട്ടിയെന്നും തിരിമറി സംബന്ധിച്ച് പരാതി പറഞ്ഞിട്ട് ലീഗ് നേതാക്കൾ ഇടപെട്ടില്ലെന്നും 70ലക്ഷം നൽകിയ കള്ളാറിലെ സുബൈർ പറഞ്ഞു.