സംഭവിച്ചത് ചിന്തിക്കാത്ത പരാമർശം: ഖേദം പ്രകടിപ്പിച്ച് ചെന്നിത്തല

Thursday 10 September 2020 12:02 AM IST

തിരുവനന്തപുരം: കഴിഞ്ഞദിവസം വാർത്താ സമ്മേളനത്തിൽ ചോദ്യത്തിന് ഉത്തരം നൽകുമ്പോൾ വിദൂരമായിപ്പോലും മനസിൽ ഉദ്ദേശിക്കാത്ത പരാമർശമാണുണ്ടായതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഫേസ്ബുക്ക് പോസ്റ്റിൽ വിശദീകരിച്ചു. സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച അദ്ദേഹം വിവാദ വാക്കുകൾ പിൻവലിക്കുകയാണെന്നും വ്യക്തമാക്കി.

വാക്കുകൾ അടർത്തിയെടുത്ത് ദുർവ്യാഖ്യാനം ചെയ്തിട്ടായാലും സ്ത്രീകളുടെ മനസിന് നേരിയ പോറൽ പോലും ഉണ്ടാകാനിടയാകരുത് എന്നതിൽ തനിക്ക് നിർബന്ധമുണ്ട്. തന്റെ പൊതുജീവിതത്തിൽ ഒരിക്കൽ പോലും സ്ത്രീകൾക്കെതിരായി മോശപ്പെട്ട പരാമർശമുണ്ടായിട്ടില്ല. വാർത്താസമ്മേളനത്തിലുണ്ടായത് പോലൊരു പരാമർശം ഒരിക്കലും തന്റെ ഭാഗത്ത് നിന്നുണ്ടാകരുതെന്ന രാഷ്ട്രീയ ബോദ്ധ്യത്തിലാണ് ഇത്രകാലം പ്രവർത്തിച്ചത്.

കേരളത്തെ അപമാനത്തിലാഴ്ത്തിയ ആറന്മുള, തിരുവനന്തപുരം പീഡനങ്ങളുടെ ഉത്തരവാദിത്വം ആരോഗ്യവകുപ്പ് ഏറ്റെടുക്കണം. പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കുന്നതിനൊപ്പം കൊവിഡ് പ്രതിരോധത്തിലെ വീഴ്ചയും അഴിമതിയും സ്വജനപക്ഷപാതവും സർക്കാർ അവസാനിപ്പിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.