പെരിയ ഇരട്ടക്കൊലപാതകം : കോടതിയലക്ഷ്യക്കേസ് പിൻവലിച്ചു

Thursday 10 September 2020 12:03 AM IST

കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസിൽ സി.ബി.ഐ അന്വേഷണത്തിന് സിംഗിൾബെഞ്ച് ഉത്തരവിട്ടിട്ടും രേഖകൾ കൈമാറിയില്ലെന്നാരോപിച്ചുള്ള കോടതിയലക്ഷ്യകേസ് പിൻവലിച്ചു. സി.ബി.ഐ തുടരന്വേഷണത്തിന് ഡിവിഷൻബെഞ്ച് പിന്നീട് ഉത്തരവിട്ട സാഹചര്യത്തിൽ കോടതിയലക്ഷ്യ നടപടിയുമായി സിംഗിൾബെഞ്ചിന് മുന്നോട്ടുപോകാൻ കഴിയില്ലെന്ന സർക്കാരിന്റെ വിശദീകരണത്തെത്തുടർന്നാണ് കേസ് പിൻവലിച്ചത്. എന്നാൽ കോടതിയലക്ഷ്യ നടപടി തേടി ഹർജിക്കാർക്ക് ഡിവിഷൻബെഞ്ചിനെ സമീപിക്കാമെന്ന് സിംഗിൾബെഞ്ച് വ്യക്തമാക്കി.

പെരിയയിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന കൃപേഷിന്റെയും ശരത് ലാലിന്റെയും മാതാപിതാക്കൾ നൽകിയ ഹർജിയിൽ സിംഗിൾബെഞ്ച് സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതിനെതിരെ സർക്കാർ ഡിവിഷൻബെഞ്ചിൽ അപ്പീൽ നൽകി. ഹർജിയിൽ വാദം തുടർന്നെങ്കിലും അന്വേഷണ ഉത്തരവ് സ്റ്റേചെയ്തിരുന്നില്ല. ഇൗ സാഹചര്യത്തിലാണ് കേസിന്റെ വിവരങ്ങൾ സി.ബി.ഐക്കു കൈമാറുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കൊല്ലപ്പെട്ട യുവാക്കളുടെ മാതാപിതാക്കൾ സിംഗിൾബെഞ്ചിൽ കോടതിയലക്ഷ്യകേസ് നൽകിയത്.