കൊവിഡ് പ്രതിരോധത്തിന്റെ മറവിൽ കോടികളുടെ ക്രമക്കേട്: മുല്ലപ്പള്ളി

Thursday 10 September 2020 12:14 AM IST

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിന്റെ മറവിൽ ആരോഗ്യമന്ത്രിയെ നോക്കുകുത്തിയാക്കി കോടികളുടെ ക്രമക്കേടാണ് മുഖ്യമന്ത്രിയുടെ ഓഫീസിനെ ചുറ്റിപ്പറ്റി നടന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചു. ഇതേപ്പറ്റി സമഗ്രമായ ഓഡിറ്റിംഗ് നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി കേന്ദ്ര സർക്കാർ എത്ര തുക അനുവദിച്ചെന്നും, ഇതുവരെ എത്ര തുക ചെലവാക്കിയെന്നും സർക്കാർ വിശദീകരിക്കണം. പി.പി.ഇ കിറ്റ് ഒന്നിന് 350 രൂപ വിലയുള്ളപ്പോൾ, കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ വഴി സ്വകാര്യ കമ്പനിയിൽ നിന്ന് 1550 രൂപയ്ക്ക് 50,000 കിറ്റുകളാണ് വാങ്ങിയത്. ഇതിന്റെ ചെലവ് 7.75 കോടിയാണ്. സർക്കാർ ഖജനാവിന് 6 കോടിയുടെ നഷ്ടം .എൻ-95 മാസ്‌ക് 160 രൂപ നിരക്കിലാണ് ഇതേ കമ്പനിയിൽ നിന്ന് വാങ്ങിയത്. ഉയർന്ന നിരക്കിൽ ലക്ഷക്കണക്കിന് മാസ്‌കുകൾ കോടികൾ ചെലവാക്കി വാങ്ങിക്കൂട്ടി. ഇൻഫ്രാ റെഡ് തെർമോമീറ്റർ വിപണിയിൽ 1500 മുതൽ 2500 രൂപയ്ക്ക് വരെ ലഭ്യമാകുമ്പോൾ, സർക്കാർ 6000 രൂപ നിരക്കിലാണ് വാങ്ങിയത്. . കോടിക്കണക്കിന് രൂപയുടെ ക്രമക്കേടാണ് കൊവിഡിന്റെ മറവിൽ മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും അറിഞ്ഞ് നടന്നത്. സ്വന്തം വകുപ്പിൽ നടക്കുന്ന ഇത്തരം ക്രമക്കേടുകളെ ആരോഗ്യമന്ത്രി കണ്ടില്ലെന്ന് നടിക്കുന്നതാണോ, അറിയാത്തതാണോയെന്ന് വ്യക്തമാക്കണം.

എമർജൻസി മെഡിക്കൽ ടെക്നിഷ്യൻ, ലൈഫ് സേവിങ് എക്യുപ്‌മെൻസ്, മരുന്ന് എന്നിവയടക്കം ആംബുലൻസിൽ ലഭ്യമാക്കുമെന്ന ഉറപ്പിലാണ് കിലോമീറ്ററിന് 224 രൂപ നിരക്കിൽ 315 ആംബുലൻസിന് കരാർ നൽകിത്. കരാറെടുത്ത കമ്പനി വ്യവസ്ഥകൾ പാലിക്കുന്നില്ല. ക്രിമിനൽ പശ്ചാത്തലമുള്ളവർക്കും പിൻവാതിൽ നിയമനം നൽകിയതാണ് ആറന്മുള സംഭവത്തിന് വഴിയൊരുക്കിയതെന്നും മുല്ലപ്പള്ളി പറഞ്ഞു.