വെഞ്ഞാറമൂട് ഇരട്ടക്കൊല: സി.ബി.ഐ വേണ്ടെന്ന് കോടിയേരി

Thursday 10 September 2020 12:21 AM IST

തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകക്കേസ് അന്വേഷിക്കാൻ സി.ബി.ഐ വേണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. യഥാർത്ഥ പ്രതികളെ കണ്ടെത്താൻ സി.ബി.ഐ അന്വേഷണം വേണമെന്ന് അടൂർ പ്രകാശ് എം.പിയും മറ്റ് നേതാക്കളും ആവശ്യപ്പെടുമ്പോഴാണ് കോടിയേരിയുടെ നിലപാട്.

കോൺഗ്രസ് നേതൃത്വത്തിന്റെ അറിവോടെ പ്രാദേശിക കോൺഗ്രസ് ഗുണ്ടാസംഘം നടത്തിയ ഇരട്ടക്കൊലപാതകത്തിലെ പ്രതികളെയും ഗൂഢാലോചനക്കാരെയും നിയമത്തിന് മുന്നിലെത്തിക്കാൻ സംസ്ഥാന പൊലീസിന് കഴിയുമെന്നാണ് സി.പി.എം മുഖപത്രത്തിലെഴുതിയ ചടയൻ ഗോവിന്ദൻ അനുസ്മരണലേഖനത്തിൽ കോടിയേരി പറയുന്നത്. പ്രതികളായി വരാൻ സാദ്ധ്യതയുള്ള കോൺഗ്രസ് നേതാക്കളെ രക്ഷിക്കാനാണ് കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് കെ.പി.സി.സിയും പ്രതിപക്ഷവും ആവശ്യപ്പെടുന്നതെന്ന് കോടിയേരി ലേഖനത്തിൽ പറയുന്നു. കേരള പൊലീസിന്റെ മികവിനെക്കുറിച്ച് സൂചിപ്പിക്കുമ്പോഴും സി.ബി.ഐ വേണ്ടെന്ന് തീർത്ത് പറയാതിരുന്നതും ശ്രദ്ധേയമാണ്.