ദിവാൻജിമൂല റെയിൽവേ മേൽപ്പാലം അപ്രോച്ച് റോഡ് തുറന്നുകൊടുത്തു

Thursday 10 September 2020 1:07 AM IST
തൃശൂർ ദിവാൻജി മൂല മേൽപാലത്തിന്റ നാട മുറിക്കൽ ചടങ്ങ് മന്ത്രിമാരായ എ.സി. മൊയ്തീൻ, വി.എസ്. സുനിൽകുമാർ എന്നിവർ ചേർന്ന് നിർവഹിക്കുന്നു.

തൃശൂർ: നഗരത്തിലെ ഏറ്റവും തിരക്കേറിയ ദിവാൻജിമൂല റെയിൽവേ മേൽപ്പാലത്തിന്റെ നിർമ്മാണം പൂർത്തീകരിച്ച അപ്രോച്ച് റോഡ് ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. മന്ത്രിമാരായ എ.സി. മൊയ്തീൻ, അഡ്വ. വി.എസ്. സുനിൽകുമാർ, മേയർ അജിത ജയരാജൻ എന്നിവർ ചേർന്ന് നാട മുറിച്ച് പ്രാദേശിക ഉദ്ഘാടനം നിർവ്വഹിച്ചു. 22 കോടി രൂപ ചെലവഴിച്ചാണ് റോഡിന്റെ നിർമ്മാണം പൂർത്തീകരിച്ചിരിക്കുന്നത്.

മേൽപ്പാല നിർമ്മാണത്തിന് സ്ഥലം വിട്ടു നൽകിയ പ്രദേശവാസിയായ രവിയെ തദ്ദേശ സ്വയംഭരണ മന്ത്രി എ.സി. മൊയ്തീനും പാലം പണിയുടെ കരാറുകാരനായ മുഹമ്മദ് ബുഖാരിയെ കൃഷി മന്ത്രി അഡ്വ വി.എസ്. സുനിൽകുമാറും ആദരിച്ചു. ഡെപ്യൂട്ടി മേയർ റാഫി ജോസ് പി, എം.എൽ. റോസി, ശാന്ത അപ്പു, പി. സുകുമാരൻ, സുരേന്ദ്രൻ ഐനിക്കുന്നത്ത്, ഡി.പി.സി മെമ്പർ വർഗീസ് കണ്ടംകുളത്തി, മുൻ മേയർ അജിത വിജയൻ, കൗൺസിലർ എം എസ് സമ്പൂർണ, കോർപ്പറേഷൻ സെക്രട്ടറി വിനു സി കുഞ്ഞപ്പൻ, നഗരാസൂത്രണ വർക്ക് ഗ്രൂപ്പ് ചെയർമാൻ അനൂപ് ഡേവിസ് കാട തുടങ്ങിയവർ പങ്കെടുത്തു.

അനിവാര്യം തൃശൂർ നഗരത്തിൽ ഏറെക്കാലമായി ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന ഇടമാണ് ദിവാൻജിമൂല റെയിൽവേ മേൽപ്പാലം. കോഴിക്കോട്, മലപ്പുറം, ഗുരുവായൂർ, വാടാനപ്പള്ളി, അയ്യന്തോൾ തുടങ്ങി നിരവധി പ്രദേശങ്ങളിലേക്ക് ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങൾ സഞ്ചരിക്കുന്ന മാർഗമാണിത്. കെ.എസ്ആർ.ടി.സി ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ തുടങ്ങിയവയും ദിവാൻജിമൂലയിലുണ്ട്. ടൂറിസ്റ്റ് കേന്ദ്രമായി വികസിക്കുന്ന വഞ്ചിക്കുളവും തൊട്ടടുത്താണ്.

വികസനം ഈവിധം

എട്ട് മീറ്റർ മാത്രം വീതിയുള്ള പതിറ്റാണ്ടുകൾ പഴക്കമുള്ള പാലമാണ് 270 മീറ്റർ നീളത്തിലും 1.5 മീറ്റർ മുതൽ ഏഴ് മീറ്റർ വരെ ഉയരത്തിലും നിർമ്മിച്ചിരിക്കുന്നത്. സംരക്ഷണഭിത്തിക്ക് മുകളിൽ കൈവരി നിർമ്മാണം, ദിവാൻജി മൂല ജംഗ്ഷനിൽ ഇടത് വശത്തായി 18 മീറ്റർ നീളത്തിൽ സംരക്ഷണ ഭിത്തി നിർമ്മാണം, പെയിന്റിംഗ്, റോഡുകളിൽ റിഫ്‌ളക്ടർ എന്നീ പ്രവൃത്തികളും പുരോഗമിക്കുന്നു.