നുണപരിശോധനയിൽ സത്യം തെളിയുമോ....?

Friday 11 September 2020 12:25 AM IST

മുപ്പത്തൊൻപതാം വയസിൽ പാതിയിൽ മുറിഞ്ഞുപോയൊരു വിഷാദരാഗം പോലെ, വയലിൻ മാന്ത്രികൻ ബാലഭാസ്കർ മലയാളികളുടെ മനസിൽ നീറുന്ന ഓർമ്മയാണ്. തൃശൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ദീർഘയാത്രയിൽ വീടണയാൻ അല്‌പദൂരം മാത്രം ശേഷിക്കവേയാണ് പള്ളിപ്പുറത്ത് ദേശീയപാതയോരത്തെ തണൽമരത്തിലിടിച്ച് ആ ജീവൻ പൊലിഞ്ഞത്. പ്രാണനായിരുന്ന മകൾ തേജസ്വിനിയും ബാലുവിനൊപ്പം പോയി. തിരുമലയിലെ ഹിരൺമയി വീട്ടിൽ ബാലുവിന്റെ പ്രിയതമ ലക്ഷ്‌മി മാത്രമായി. കൊലപാതകം, സ്വർണക്കടത്തുകാരുടെ പകപോക്കൽ, ദശലക്ഷങ്ങൾ കടം കൊടുത്തവരുടെ ക്വട്ടേഷൻ എന്നിങ്ങനെ ഉയർന്ന ആരോപണങ്ങളുടെ നേരറിയാൻ സിബിഐ എത്തിയിരിക്കുകയാണ്.

അമിതവേഗം കാരണമുള്ള സ്വാഭാവിക അപകടമെന്ന് ക്രൈംബ്രാഞ്ച് അന്തിമ നിഗമനത്തിലെത്തിയെങ്കിലും അതിനു വിരുദ്ധമായ ചില വിവരങ്ങൾ സി.ബി.ഐയ്ക്ക് കിട്ടിയതായാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ ബാലുവിന്റെ സുഹൃത്തുക്കളും മാനേജർമാരുമായിരുന്ന വിഷ്ണു സോമസുന്ദരം, പ്രകാശൻ തമ്പി, ഡ്രൈവർ അർജുൻ, കലാഭവൻ സോബി എന്നിവർക്ക് നുണപരിശോധന നടത്താൻ സി.ബി.ഐ കോടതിയെ സമീപിച്ചിരിക്കുകയാണ്.

ബാലുവിന്റെ അപകടമരണത്തിന് സ്വർണക്കടത്തുമായി ബന്ധമുണ്ടോയെന്നാണ് പ്രധാനമായും അറിയേണ്ടത്. കസ്റ്റംസ് സൂപ്രണ്ടിന്റെ ഒത്താശയിൽ 2019 മേയിൽ തിരുവനന്തപുരം വിമാനത്താവളത്തിലൂടെ 25 കിലോ സ്വർണം കടത്തിയ കേസിൽ ബാലുവിന്റെ മാനേജരായിരുന്ന പ്രകാശൻ തമ്പിയും സുഹൃത്ത് വിഷ്‌ണു സോമസുന്ദരവും വയലിനിസ്​റ്റ് അബ്ദുൾ ജമീലും പ്രതികളായതോടെയാണ് അപകടത്തെക്കുറിച്ച് ബന്ധുക്കൾക്കു സംശയമുണ്ടായത്.

കാറപകടം ആസൂത്രിതമാണെന്നും അപകടസ്ഥലത്ത് നയതന്ത്ര ചാനൽ സ്വ‌ർണക്കടത്ത് കേസിലെ ഒന്നാംപ്രതി സരിത്തിനെ കണ്ടെന്നും വെളിപ്പെടുത്തി ദൃക്‌സാക്ഷിയായ കലാഭവൻ സോബി രംഗത്തെത്തിയതോടെ ബാലഭാസ്കർ കേസിലെ ദുരൂഹതകൾ വർദ്ധിച്ചിരിക്കുകയാണ്. സ്വർണക്കടത്തുകാർക്ക് അപകടവുമായുള്ള ബന്ധം കണ്ടെത്താൻ സി.ബി.ഐ അന്വേഷണം തുടങ്ങിയതിനു പിന്നാലെയാണ് അപകടം ആസൂത്രിതമായിരുന്നെന്ന വെളിപ്പെടുത്തൽ സോബി നടത്തിയത്. കാറോടിച്ചത് താനായിരുന്നെന്ന് ആദ്യം പറഞ്ഞ ഡ്രൈവർ അർജുൻ, ബാലഭാസ്കർ മരിച്ചതോടെ മൊഴിമാറ്റി. ബാലഭാസ്‌കറാണ് വാഹനമോടിച്ചതെന്നായിരുന്നു പൊലീസിന് നൽകിയ മൊഴി. അർജുനാണ് വാഹനമോടിച്ചതെന്നാണ് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെയും ദൃക്‌സാക്ഷി നന്ദുവിന്റെയും മൊഴി. ബാലുവുമായി സാമ്പത്തിക ഇടപാടുണ്ടായിരുന്ന ഡോക്ടറുടെ ബന്ധുവാണ് അർജുനെന്ന് വ്യക്തമായതോടെ ദുരൂഹതയേറി. മൊഴികൾ എന്തായാലും, കാറോടിച്ചിരുന്നത് ഡ്രൈവർ അർജുനായിരുന്നെന്ന് ഫോറൻസിക് പരിശോധനയിൽ വ്യക്തമായിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. സ്​റ്റിയറിംഗിലെയും സീ​റ്റ് ബെൽ​റ്റിലെയും വിരലടയാളം, സീ​റ്റിലുണ്ടായിരുന്ന മുടിയിഴകൾ, രക്തം എന്നിവ പരിശോധിച്ചാണ് കാറോടിച്ചതാരാണെന്ന് സ്ഥിരീകരിച്ചത്. നുണപരിശോധനയിൽ സത്യം തെളിയുമെന്ന് സി.ബി.ഐ പറയുന്നു.

അപകടം ആസൂത്രിതമോ....?

ഗുരുവായൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന കാർ, പള്ളിപ്പുറം സി.ആർ.പി.എഫ് ക്യാമ്പിനടുത്തു വച്ച് റോഡിന്റെ എതിർവശത്തേക്ക് മാറി, റോഡരികിലെ കുഴിയുള്ള മൺപാതയിലൂടെ 200മീറ്ററോളം ഓടിയശേഷം മരത്തിലിടിക്കുകയായിരുന്നു. രാത്രി ഡ്രൈവിംഗിനിടയിൽ കാഴ്ചക്കുറവുണ്ടാകുമെന്നതും ദിശമാറിയാലും അറിയാതിരിക്കുമെന്നതും ശാസ്ത്രീയമാണെങ്കിലും കുഴികളുള്ള റോഡല്ലാത്ത വഴിയിലൂടെ (ഓഫ് റോഡ്) കാർ 200മീറ്റർ ഓടിയാൽ ഡ്രൈവർ ഉണരേണ്ടതാണെന്നും ബ്രേക്കിൽ കാൽ അമർത്താനുള്ള പ്രതിപ്രവർത്തനത്തിന് സമയം കിട്ടുമെന്നും സി.ബി.ഐ വിലയിരുത്തുന്നു. ഇതും ദൃക്‌സാക്ഷി മൊഴിയും പരിഗണിക്കുമ്പോൾ അപകടത്തിന്റെ കാരണമടക്കം ശാസ്ത്രീയമായി അന്വേഷിക്കേണ്ടതുണ്ടെന്ന് സി.ബി.ഐ വ്യക്തമാക്കി. 120 കിലോമീറ്റർ വേഗതയിലായിരുന്ന കാർ നിയന്ത്രണം വിട്ട് മരത്തിലേക്ക് ഇടിച്ചുകയറിയെന്നാണ് പൊലീസിന്റെയും ക്രൈംബ്രാഞ്ചിന്റെയും കണ്ടെത്തൽ.

സാമ്പത്തിക ഇടപാടുകളും ദുരൂഹം

അപകടം ഉണ്ടാകുന്നതിനു തൊട്ടുമുൻപ് ബാലഭാസ്‌കർ എവിടെ എത്തിയെന്നറിയാൻ ഫോൺ കോളുകൾ വന്നിരുന്നതായും അപകടം ഉണ്ടായശേഷം കാറിന്റെ മുൻവശത്തെ രക്തപ്പാടുകൾ ആരോ തുടച്ചു മാ​റ്റിയതായും മൊഴികളുണ്ടായിരുന്നെങ്കിലും കാര്യമായ അന്വേഷണമുണ്ടായില്ല. കാർ കൊല്ലത്തെത്തിയപ്പോൾ ബാലുവും അർജുനും ജ്യൂസ് കുടിച്ച കടയിലെ സിസിടിവി ദൃശ്യങ്ങളും ഹാർഡ് ഡിസ്‌കും പ്രകാശൻതമ്പി കൈക്കലാക്കിയതും ബാലുവിന്റെ കാറിലുണ്ടായിരുന്ന 44 പവൻ സ്വർണവും രണ്ടുലക്ഷം രൂപയും മാനേജർ എന്ന നിലയിൽ മംഗലപുരം സ്റ്റേഷനിൽ നിന്ന് പ്രകാശൻ ശേഖരിച്ചതും ദുരൂഹമാണെന്ന് സി.ബി.ഐ പറയുന്നു. ലോക്ക​റ്റ്, മാല, വള, സ്വർണനാണയം, മോതിരം, താക്കോലുകൾ എന്നിവയാണ് രണ്ട് ബാഗുകളിലുണ്ടായിരുന്നത്. അപകടത്തിന്റെ പിറ്റേന്നാണ് സ്വർണവും പണവും കൈക്കലാക്കിയത്. തൃശൂർ യാത്രയ്ക്ക് അർജുനെ ഡ്രൈവറായി അയച്ചത് വിഷ്‌ണുവാണെന്നതും ഇയാളാണ് ബാലുവിന്റെ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്നതെന്നും പ്രധാനമാണെന്ന് സി.ബി.ഐ വ്യക്തമാക്കുന്നു.

ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തലുകൾ

120 കിലോമീറ്റർ വേഗത്തിലായിരുന്ന കാർ നിയന്ത്രണം വിട്ട് റോഡരികിലെ മരത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു

ബാലഭാസ്‌കർ മദ്ധ്യഭാഗത്തെ സീ​റ്റിൽ കിടക്കുകയായിരുന്നു. സീ​റ്റ് ബെൽ​റ്റിട്ടിരുന്നത് ലക്ഷ്മി മാത്രമായിരുന്നു

 അപകടത്തിനു പിന്നിൽ ബാഹ്യ ഇടപെടലുകളുമില്ല. സുഹൃത്തായ ഡോക്ടർക്ക് കടംനൽകിയ 10ലക്ഷം തിരികെ നൽകി

 ബാലഭാസ്‌കറിന്റെ മരണത്തിന് തിരുവനന്തപുരത്തെ സ്വർണക്കടത്ത് കേസുമായി നേരിട്ട് ബന്ധമില്ല

അപകടം ഇങ്ങനെ

അപകടസമയത്ത് കാറിന്റെ വേഗം 100-120 കിലോമീറ്ററായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്‌പീഡോ മീ​റ്റർ നൂറ് കിലോമീ​റ്ററിൽ കുടുങ്ങിപ്പോയി. പിന്നീട് സ്‌പീഡോമീറ്ററിന്റെ സർക്യൂട്ട് മുറിഞ്ഞു പോയി. ഇടിക്കുശേഷം മീറ്റർ താഴേക്കുവന്നാണ് 100 ൽ കുടുങ്ങിപ്പോയത്. റോഡിന്റെ വളവും പ്രതലത്തിന്റെ സവിശേഷതകളും പരിഗണിച്ചാൽ ഇത്രയും വേഗതയിൽ കാർ തിരിഞ്ഞാൽ നിയന്ത്രണം നഷ്ടമാകും. കാറോടിച്ചയാളിന് വളവിൽ നിയന്ത്രണം നഷ്ടമായി മരത്തിൽ ഇടിച്ചെന്നാണ് ടൊയോട്ടയുടെയും മോട്ടോർവാഹന വകുപ്പിന്റെയും റിപ്പോർട്ട്.

സ്വർണക്കടത്ത് ബന്ധം

 കസ്റ്റംസ് സൂപ്രണ്ട് രാധാകൃഷ്‌ണന്റെ ഒത്താശയിൽ 230 കോടിയുടെ 680 കിലോ സ്വർണം കടത്തിയെന്നാണ് ഡി.ആർ.ഐ കണ്ടെത്തിയത്. 25 കിലോ മാത്രമാണ് പിടിച്ചത്

 കസ്​റ്റംസ് സൂപ്രണ്ടിനെ പ്രകാശൻ തമ്പി പരിചയപ്പെട്ടത് ബാലുവിന്റെ പേരുപയോഗിച്ചാണ്. ഇയാളും വിഷ്ണുവും ചേർന്ന് ദുബായിൽ നിന്ന് 210 കിലോ സ്വർണം കടത്തിയെന്ന് ഡി.ആർ.ഐ

 കേസിലെ മുഖ്യപ്രതി സുനിൽകുമാറിന്റെ അമ്മാവന്റെ മകനാണ് പ്രകാശൻ. ബാലുവിന്റെ വിദേശപരിപാടികളടക്കം നിയന്ത്രിച്ചത് പ്രകാശനാണ്.

 ഭക്ഷ്യസംസ്കരണ ഉപകരണങ്ങളുണ്ടാക്കുന്ന വിഷ്‌ണുവിന്റെ കമ്പനിയിൽ ബാലുവിന് 25 ലക്ഷം നിക്ഷേപം. ഡ്രൈവർ അർജുനെ കൊണ്ടുവന്നത് ഇയാൾ.

 ബാലുവിന്റെ സൗണ്ട് റെക്കോഡിസ്​റ്റ് അബ്ദുൾ ജബ്ബാർ 17കാരിയർമാരിൽ ഒരാൾ. ട്രൂപ്പിന്റെ വിദേശ പര്യടനങ്ങൾക്കിടെയും സ്വർണം കടത്തിയെന്ന് സംശയം

ബാലു അറിയാതെ ഫ്ളാറ്റ് വാടകയ്ക്ക് കൊടുത്തത് ചോദ്യം ചെയ്തതിന്റെ പേരിൽ വിഷ്ണുവിന് വിരോധം ഉണ്ടായിരുന്നെന്ന് അമ്മാവൻ ബി.ശശികുമാർ വെളിപ്പെടുത്തി

സി.ബി.ഐയുടെ ദൗത്യം

 2018 സെപ്‌തംബർ 25ന് പള്ളിപ്പുറത്തുണ്ടായ അപകടത്തിലെ ചുരുളഴിക്കുക

 സ്വർണക്കടത്തുകാർക്ക് അപകടത്തിൽ ബന്ധമുണ്ടോയെന്ന് കണ്ടെത്തുക

 അപകടസ്ഥലത്ത് സരിത്തിനെ കണ്ടതായ വെളിപ്പെടുത്തലിലെ സത്യമറിയണം

 ബാലഭാസ്കർ ജീവിച്ചിരിക്കെ സംഘം സ്വ‌ർണം കടത്തിയോ എന്നറിയുക

 ബാലുവിന്റെ സാമ്പത്തിക ഇടപാടുകളിലെ ദുരൂഹത നീക്കുക