മരണം ലൈവായി കാണിക്കേണ്ടെന്ന് ഫേസ്ബുക്ക്, മറ്റ് വഴി തേടുമെന്ന് അലെയ്ൻ

Friday 11 September 2020 1:54 AM IST

പാരീസ്: തന്റെ മരണം സോഷ്യൽ മീഡിയയിൽ ലൈവായി കാണിക്കാനൊരുങ്ങിയ ഫ്രഞ്ച് പൗരൻ അലെയ്ൻ കോക്കിന്റെ (57) നീക്കത്തെ തടഞ്ഞ് ഫേസ്ബുക്കും ഫ്രഞ്ച് സർക്കാരും. വളരെ ഗുരുതരമായ ഒരു രോഗത്തിന്റെ പിടിയിലായ അലെയ്‌ന് ഇനി ഏതാനും ദിവസങ്ങൾ കൂടിയേ ആയുസുള്ളൂ. അത്രയും ദിവസും കൂടി കടുത്ത വേദന സഹിക്കാനാകാത്തതിനാൽ ദയാവധത്തിന് സർക്കാരിന്റെ അനുവാദം തേടിയെങ്കിലും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ നിരസിച്ചു. തുടർന്ന് ഭക്ഷണവും വെള്ളവും മരുന്നും തനിക്കിനി വേണ്ടെന്നും അലെയ്ൻ തീരുമാനിച്ചിരുന്നു. മരണം വേഗത്തിലാക്കാനാണിത്. തന്നെ പോലെ മരണം മുന്നിൽ കണ്ട് യാതന അനുഭവിക്കുന്നവരുടെ മാനസികാവസ്ഥ സമൂഹം തിരിച്ചറിയാൻ വേണ്ടിയാണ് തന്റെ മരണം സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ ലൈവ് ആയി കാണിക്കാൻ അലെയ്ൻ ഒരുങ്ങിയത്. എന്നാൽ ഈ ശ്രമത്തെ ഫേസ്ബുക്ക് കഴിഞ്ഞ ദിവസം തടഞ്ഞു. സുപ്രധാനമായ ഒരു വിഷയം ഫ്രഞ്ച് ഭരണകൂടത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നതിന് അലന്റെ നീക്കം തങ്ങൾ ബഹുമാനിക്കുന്നതായും എന്നാൽ ഇത്തരത്തിൽ മരണം ലൈവായി കാണിക്കുന്നത് മറ്റ് സാമൂഹ്യ പ്രശ്‌നങ്ങൾക്ക് വഴിതെളിക്കാമെന്നതിനാലും ആരോഗ്യ മേഖലയിലെ ഉൾപ്പെടെ വിദഗ്ദ്ധരുടെ ഉപദേശം മാനിച്ച് അലെയ്ന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ ലൈവ് ബ്രോഡ്കാസ്‌റ്റിംഗ് ബ്ളോക്ക് ചെയ്യുകയാണെന്നും ഫേസ്ബുക്ക് വൃത്തങ്ങൾ അറിയിച്ചിരുന്നു. ഫ്രഞ്ച് സർക്കാരും ഇതിൽ വിയോജിപ്പ് അറിയിച്ചിരുന്നു. ഇതോടെ മരണം ലൈവായി കാണിക്കാൻ മറ്റ് വഴികൾ തേടുകയാണ് അലെയ്ൻ. ധമനികളുടെ ഭിത്തികൾ പരസ്പരം ഒട്ടിച്ചേർന്നു പോകുന്ന അപൂർവ രോഗമാണ് അലെയ്ന്. ഒരാഴ്ചയ്ക്കുള്ളിൽ അലെയ്ൻ മരിക്കുമെന്നാണ് ഡോക്ടർമാർ പറയുന്നത്.