റിയയുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

Friday 11 September 2020 1:00 AM IST

മുംബയ്: മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ നടി റിയ ചക്രവർത്തിയുടെ ജാമ്യാപേക്ഷയിൽ മുംബയ് സ്പെഷ്യൽ കോടതി ഇന്ന് വിധി പറയും.

താൻ ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും കേസിൽ തന്നെ തെറ്റായി പ്രതി ചേർത്തതാണെന്നും റിയ കോടതിയിൽ വാദിച്ചു. സ്വയം കുറ്റസമ്മതം നടത്താൻ ഉദ്യോഗസ്ഥർ നിർബന്ധിച്ചെന്നും ജുഡിഷ്യൽ കസ്റ്റഡിയിൽ തന്റെ ജീവൻ അപകടത്തിലാണെന്നും ജാമ്യാപേക്ഷയിലുണ്ട്. തനിക്കെതിരെ ബലാത്സംഗ, വധ ഭീഷണികളുണ്ട്. മൂന്ന് ഏജൻസികളുടെ അന്വേഷണം മാനസികമായി ഏറെ തകർത്തു. ചോദ്യംചെയ്യുമ്പോൾ ഒരു വനിതാ ഉദ്യോഗസ്ഥ പോലും ഉണ്ടായിരുന്നില്ല. സ്വയം കുറ്റം സമ്മതം നടത്താൻ ഉദ്യോഗസ്ഥർ നിർബന്ധിക്കുകയായിരുന്നു. ഈ കുറ്റസമ്മതമെല്ലാം താൻ പിൻവലിച്ചതായും റിയയുടെ ജാമ്യാപേക്ഷയിൽ പറയുന്നു.

സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിൽ ചൊവ്വാഴ്ചയാണ് റിയയെ എൻ.സി.ബി. അറസ്റ്റ് ചെയ്തത്. നേരത്തെ മജിസ്‌ട്രേറ്റ് കോടതിയിൽ നൽകിയ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതിനുപിന്നാലെയാണ് പുതിയ ജാമ്യാപേക്ഷ സമർപ്പിച്ചത്. നിലവിൽ ബൈക്കുളയിലെ വനിതാ ജയിലിലാണ് റിയ.