75,000 രൂപ കൈക്കൂലി വാങ്ങിയ സംഭവം: അന്വേഷണം ഊർജിതം

Friday 11 September 2020 12:13 AM IST

ആലപ്പുഴ: മത്സ്യം കയറ്റിവന്ന കണ്ടെയ്നർ തടഞ്ഞ് ഹെൽത്ത് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം 75,000 രൂപ കൈക്കൂലി വാങ്ങിയ സംഭവത്തിൽ വിജിലൻസ് അന്വേഷണം ഊർജ്ജിതമാക്കി.

സംഘത്തിൽപ്പെട്ടവരുടെ മൊബൈൽഫോൺ കോളുകളുടെ പൂർണ്ണ വിവരങ്ങൾ ശേഖരിക്കും. കൈക്കൂലിയായി മത്സ്യ മൊത്തവ്യാപാരിയിൽ നിന്ന് വാങ്ങിയ തുകയും സി.സി.ടിവി ദൃശ്യങ്ങളും കഴിഞ്ഞ ദിവസം അന്വേഷണസംഘം കോട്ടയം വിജിലൻസ് കോടതിൽ ഹാജരാക്കി. മത്സ്യം കയറ്റിവന്ന കണ്ടെയ്നർ ലോറി കഴിഞ്ഞ മേയ് 10ന് ഓച്ചിറയിൽ തടഞ്ഞുനിർത്തി മത്സ്യ വിതരണ ഏജന്റായ നൗഷാദിൽ നിന്ന് കൈക്കൂലിയായി ഒരുലക്ഷം രൂപ ആവശ്യപ്പെടുകയും 75,000 രൂപ കൈപ്പറ്റിയെന്നുമായിരുന്നു വിജിലൻസിന് ലഭിച്ച വിവരം. ജില്ലാ അതിർത്തിയിൽ പൊലീസും മറ്റ് വകുപ്പുകളും ചേർന്നായിരുന്നു വാഹന പരിശോധന നടത്തിയത്. കണ്ടെയ്നർ ലോറി ആദ്യം പരിശോധിച്ച ഭക്ഷ്യസുരക്ഷാ വിഭാഗം മത്സ്യത്തിൽ ഐസ് കുറവാണെന്നും ഐസ് ഇടണമെന്നും നിർദേശിച്ചു. സമീപത്തു നിന്ന റാപ്പിഡ് റെസ്ക്യൂ ടീം അംഗങ്ങളായ ഓച്ചിറ കൃഷ്ണപുരം സ്വദേശികളായ നൗഷാദ്, ഷാനവാസ്, വിപിൻ, നവാസ്, നൗഷീർ, ഷിബിൻ മുഹമ്മദ്, സഹീദ് എന്നിവർ ഹെൽത്ത് ഇൻസ്പെക്ടർ ഷാനവാസിന്റെ നേതൃത്വത്തിൽ വാഹനം തടഞ്ഞു. മത്സ്യത്തിന്റെ ചിത്രങ്ങളെടുത്ത് കരുനാഗപ്പള്ളിയൽ ക്വാറന്റൈനിൽ കഴിയുകയായിരുന്ന നൗഷാദിന് വാട്സാപ്പിലൂടെ അയച്ചു കൊടുത്തു. തുടർന്ന് ഒരു ലക്ഷം രൂപ ആവശ്യപ്പെട്ട് കരുനാഗപ്പള്ളി വവ്വാക്കാവിലെ മത്സ്യ ഗോഡൗണിൽ എത്തി. ഇതിനോട് ചേർന്നുള്ള മുറിയിലായിരുന്നു ഏജന്റ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നത്.

75,000 രൂപ നൽകിയതോടെ വാഹനം വിട്ടുകൊടുത്തു. വിവരം രഹസ്യാന്വേഷണ വിഭാഗം വിജിലൻസ് ഡയറക്ടറെ അറിയിച്ചു. ആലപ്പുഴ യൂണിറ്റ് ഇൻസ്പെക്ടർ ബാബുക്കുട്ടന്റെ നേതൃത്വത്തിൽ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ പ്രതികൾ പണം വാങ്ങിയതായി കണ്ടെത്തി. ചോദ്യം ചെയ്യലിൽ ഇവർ ഇത് നിഷേധിച്ചെങ്കിലും ഗോഡൗണലെയും ഓച്ചിറ വടക്കേ പള്ളിക്ക് സമീപത്തെ ഒരുവീട്ടിലെയും സി.സി ടി.വി ദൃശ്യങ്ങൾ കണ്ട പ്രതികൾ അടുത്ത ദിവസം പണം കായംകുളത്തെ മത്സ്യവ്യാപാരി താജുദ്ദീനെ ഏല്പിച്ച് പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചു.ഇതറിഞ്ഞ അന്വേഷണ സംഘം കായംകുളത്തെത്തി ഈ തുക വ്യാപാരിയിൽ നിന്നു വാങ്ങി. ഈ കടയിലെ സി.സി.ടിവി ചിത്രം ഉൾപ്പെടെയാണ് കോട്ടയം വിജിലൻസ് കോടതിയിൽ ഹാജരാക്കിയത്.