പരേഷ് റാവൽ നാഷണൽ സ്‌കൂൾ ഒഫ് ഡ്രാമ ചെയർമാൻ

Friday 11 September 2020 2:20 AM IST

ന്യൂഡൽഹി : നാഷണൽ സ്‌കൂൾ ഒഫ് ഡ്രാമ ചെയർമാനായി ബി.ജെ.പി മുൻ എം.പിയും നടനുമായ പരേഷ് റാവലിനെ നിയമിച്ചു.

റാവലിന്റെ നേതൃത്വത്തിൽ നാഷണൽ സ്‌കൂൾ ഒഫ് ഡ്രാമ കൂടുതൽ ഉയരങ്ങളിലെത്തുമെന്ന് കേന്ദ്ര സാംസ്‌കാരിക മന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേൽ പറഞ്ഞു.നാലുവർഷമാണ് കാലാവധി. 2017 മുതൽ ചെയർമാൻ സ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു. നാടക സംവിധായകനും എഴുത്തുകാരനുമായ അർജുൻ ഡിയോ ചരൻ ആക്ടിംഗ് ചെയർമാനായി പ്രവർത്തിച്ചു വരുകയായിരുന്നു.

മൂന്നു പതിറ്റാണ്ടായി സിനിമാ രംഗത്ത് പ്രവർത്തിക്കുന്ന റാവൽ 1984 ൽ ഗുജറാത്തി ചിത്രത്തിലൂടെയാണ് സിനിമാ രംഗത്തെത്തിയത്. 1980 - 90 എൽ വില്ലൻ റോളുകളിൽ അഭിനയിച്ച പരേഷ് 2000ത്തിന് ശേഷം ഹാസ്യ വേഷങ്ങളിൽ ശ്രദ്ധേയനായി. 1994ൽ മികച്ച സ്വഭാവ നടനുള്ള ദേശീയ പുരസ്‌ക്കാരം ലഭിച്ചു. 2014 പത്മശ്രീ ലഭിച്ച പരേഷ് അതേ വർഷം അഹമ്മദാബാദ് ഈസ്റ്റിൽ നിന്ന് ബി.ജെ.പി ടിക്കറ്റിൽ ലോക്‌സഭാംഗമായി .