നൂറാം വയസ്സിലും ഫ്രഞ്ച് കവിതകളെ സ്നേഹിച്ച്...

Friday 11 September 2020 12:09 AM IST
മംഗലാട്ട് രാഘവൻ

തലശ്ശേരി:നൂറാം വയസ്സിന്റെ പടിവാതിൽക്കലെത്തി നിൽക്കുമ്പോഴും മയ്യഴിവിമോചന സമര നായകൻ മംഗലാട്ട് രാഘവന് ഫ്രഞ്ച് കവിതകളോടുള്ള പ്രണയത്തിന് തെല്ലും കുറവില്ല. പുതിയ ഫ്രഞ്ച് കവിതകളുടെ പരിഭാഷയുടെ പണിപ്പുരയിലാണ് ഈ അക്ഷര സ്‌നേഹി.

പാവങ്ങൾ' എന്ന നോവലിലൂടെ മാത്രം മലയാളി അറിഞ്ഞ ലോകപ്രശസ്തഫ്രഞ്ച് സാഹിത്യകാരൻ വിക്തർ ഹ്യൂഗോ കവി കൂടിയാണെന്ന് മലയാളത്തിന് പരിചയപ്പെടുത്തിയത് മംഗലാട്ട് രാഘവനായിരുന്നു. ഹ്യൂഗോയുടെ ഫ്രഞ്ച് കവിതകൾ മലയാളീകരിച്ചിട്ടുണ്ട് മംഗലാട്ട് . മൂന്ന് ഫ്രഞ്ച് കവിതാസമാഹരങ്ങളുടെ പരിഭാഷകൾ മംഗലാട്ട് രചിച്ചിട്ടുണ്ട്.ഫ്രഞ്ച് കവിതാ ലോകത്തെ,ആദിമ ദശ മുതൽ അത്യന്താധുനിക കാലഘട്ടം വരെയുള്ള 50 കവികളുടെ രചനകൾ ഫ്രഞ്ച് പ്രണയ ഗീതങ്ങൾ' എന്ന പേരിലും പരിഭാഷപ്പെടുത്തി.

വിക്തർ ഹ്യൂഗോ,ഹോൽവെർലെൻ,സ്യൂല്ലി പ്രദോം,അൽ ബ്രദ് ദ് മ്യൂസെ,പൊൽണേർ തുടങ്ങിയ 50 കവികളുടെ വ്യത്യസ്ത കവിതകളാണ് ഫ്രഞ്ച് പ്രണയ ഗീതങ്ങൾ'ഫ്രഞ്ച് കവിതാ ശകലങ്ങളോടൊപ്പം,സമാന സ്വഭാവമുള്ള വൈലോപ്പിള്ളി,അക്കിത്തം,തുടങ്ങിയ പ്രമുഖ മലയാള കവികളുടെ,കവിതാകളും ഇവയോടൊപ്പം ചേർത്തിട്ടുണ്ട്.

ഫ്രഞ്ച് കവിതകൾ എന്ന സമാഹാരത്തിന് കേരള സാഹിത്യ അക്കാദമി അവാർഡും അയ്യപ്പ പണിക്കർ അവാർഡുമടക്കം നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. തീഷ്ണമായ അനുഭവസമ്പത്തിന്റെ ഉടമ കൂടിയാണ് മയ്യഴിയുടെ മഹാനായ ഈ പുത്രൻ. ഫഞ്ചിനെ പ്രണയിച്ചുകൊണ്ടുതന്നെ ഫ്രഞ്ച് കോളനി വാഴ്ചയെ അതിശക്തമായി ചെറുത്ത ഇദ്ദേഹം 1942 ലെ ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്ത് കൊടിയ മർദ്ദനങ്ങൾക്കിരയായി. സോഷ്യലിസ്റ്റായ രാഘവൻ 1948 ൽ മാഹിയിൽ നടന്ന ഐതിഹാസികമായ ഒക്ടോബർ വിപ്ലവത്തിൽ നായകനിരയിലുണ്ടായിരുന്നു.ഇതിന്റെ പേരിൽ ഫ്രഞ്ച് കോടതി 20 വർഷം തടവിന് വിധിച്ചിരുന്നു. 1942 മുതൽ മാദ്ധ്യമപ്രവർത്തനത്തിൽ സജീവമായി.ഇന്ത്യൻ എക്സ്പ്രസ്സ് ഡെക്കാൻ ക്രോണിക്കിൾ തുടങ്ങിയ പത്രങ്ങളുടെ ലേഖകനായിരുന്നു.1954ൽ ഫ്രഞ്ചു വിമുക്ത മയ്യഴിയുടെ ഭരണ കൗൺസിലിലും അംഗമായിരുന്നു. ഇപ്പോൾ തലശേരി ക്രിക്കറ്റ് സ്റ്റേഡിയത്തിനടുത്താണ് താമസം.