രഹസ്യങ്ങൾ ബാക്കിയാക്കി നിധി വേട്ടക്കഥയിലെ നായകൻ ഓർമ്മയായി

Sunday 13 September 2020 12:00 AM IST

വാഷിംഗ്ടൺ: ഒരു ദശാബ്ദം നീണ്ട അമേരിക്കൻ നിധിവേട്ടക്കഥയിലെ നായകൻ 'ഫോറസ്‌റ്റ് ഫെൻ" എന്ന ശതകോടീശ്വരൻ അന്തരിച്ചു. 90 വയസായിരുന്നു. ന്യൂമെക്‌സിക്കോയിലെ സാന്റാ ഫേയിലുള്ള വസതിയിൽ വാർദ്ധക്യ സഹജമായ അസുഖം മൂലമാണ് അന്ത്യം. മുൻ വിയറ്റ്നാം ഫൈറ്റർ പൈലറ്റും ആർക്കിയോളജി‌സ്‌റ്റും ബിസിനസുകാരനുമാണ് ഫെൻ. താൻ കാൻസർ ബാധിതനാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് ഫെൻ 2 മില്ല്യൻ ഡോളർ വിലമതിക്കുന്ന മരതകം, മാണിക്യം, വജ്രം തുടങ്ങിയ അമൂല്യ രത്നങ്ങളും സ്വർണവും നിറച്ച പേടകം റോക്കി പർവത നിരയിൽ ഒളിപ്പിച്ചത്. പേടകം കണ്ടെത്തുന്നവർക്കുള്ളതാണ് നിധിയെന്ന് ഫെൻ 2010ൽ പ്രഖ്യാപിച്ചിരുന്നു. ആയിരക്കണക്കിന് പേർ നിധി കണ്ടെത്താൻ ശ്രമിച്ചു. പക്ഷേ, ആർക്കും കിട്ടിയിട്ടില്ല. മാത്രമല്ല, നാല്‌പേർ ദുരൂഹ സാഹചര്യങ്ങളിൽ കൊല്ലപ്പെടുകയും ചെയ്തു. സാന്റാ ഫേയുടെയും കനേഡിയൻ അതിർത്തിയുടെയും ഇടയിൽ സമുദ്രനിരപ്പിൽ നിന്നും 5,000 അടിയിലേറെ ഉയരമുള്ള ഭാഗത്ത് ഒളിപ്പിച്ച 40 പൗണ്ട് ഭാരം വരുന്ന നിധി പേടകം എവിടെയാണെന്ന് ഫെന്നിന് മാത്രമേ അറിയാമായിരുന്നുള്ളു. ലോകത്തിന്റെ പലഭാഗത്ത് നിന്നും ഇതേവരെ 3,50,000 പേർ തന്റെ നിധി കണ്ടെത്താൻ ശ്രമിച്ചെന്നാണ് ഫെന്നിന്റെ കണക്ക്. ഒടുവിൽ ആ നിധി കഴിഞ്ഞ ജൂണിൽ ഒരു അജ്ഞാതൻ കണ്ടെത്തിയതായി ഫെൻ തന്റെ വെബ്സൈറ്റിലൂടെ വെളിപ്പെടുത്തിയിരുന്നു. നിധി കണ്ടെത്തിയ ആൾ ആരാണെന്ന് തനിക്കറിയില്ലെന്നും നിധിക്കൊപ്പമുള്ള ഫോട്ടോ അയാൾ അയച്ചുതന്നപ്പോഴാണ് വിവരം അറിഞ്ഞതെന്നും ഫെൻ പറഞ്ഞു.

ചോദ്യങ്ങൾ ബാക്കി

ടെക്‌സാസിലെ ടെംപിളിലാണ് ഫെന്നിന്റെ ജനനം. ഫെന്നിന്റെ പിതാവ് ഒരു സ്കൂൾ പ്രിൻസിപ്പൽ ആയിരുന്നു. കുട്ടിക്കാലം മുതൽ ഒഴിവുകാലത്ത് യെല്ലോ സ്റ്റോൺ നാഷണൽ പാർക്കിൽ എത്തിയിരുന്ന ഫെന്നിന് സാഹസികത ഏറെ ഇഷ്ടമായിരുന്നു. ഭാര്യയും രണ്ട് പെൺമക്കളുമടങ്ങുന്നതാണ് ഫെന്നിന്റെ കുടുംബം. ശരിക്കും അങ്ങനെയൊരു നിധി ശേഖരം ഫെൻ റോക്കി മലനിരകളിൽ ഒളിപ്പിച്ചിരുന്നോ ? എങ്കിൽ അത് കണ്ടെത്തിയത് ആരാണ് ? നിരവധി ചോദ്യങ്ങൾ ബാക്കിയാക്കി ഫെൻ ഉത്തരമില്ലാത്ത ലോകത്തേക്ക് മടങ്ങിയിരിക്കുന്നു.