മാറിടത്തിലെ വിടവ് കാട്ടരുതെന്ന് മെസേജ്, ചുട്ട മറുപടി നൽകി അവതാരക

Saturday 12 September 2020 1:55 AM IST

ഒട്ടാവ: മറ്റൊരാളുടെ വസ്ത്രധാരണത്തെ കുറ്റപ്പെടുത്താൻ മടിയില്ലാത്തവരാണേറെയും. ശരീരം പ്രദർശിപ്പിക്കുന്ന ഫോട്ടോകളോ വീഡിയോകളോ സമൂഹമാദ്ധ്യമങ്ങളിലും മറ്റും പോസ്റ്റ് ചെയ്യുന്ന സെലിബ്രിറ്റികളാണ് ഈ സദാചാരവീരന്മാരുടെ ആക്രമണത്തിന് ഇരകളാകുന്നതിൽ ഭൂരിഭാഗവും അത്തരത്തിലൊരു അനുഭവം നേരിട്ട കാനഡയിലെ ചെക് ന്യൂസിലെ വാർത്താ അവതാരകയായ കോരി സിഡാവേയുടെ മറുപടിയാണ് ഇപ്പോൾ വൈറലാകുന്നത്.

കോരി വാർത്താ അവതരണത്തിനിടെ ധരിച്ച വസ്ത്രം മാന്യമല്ലെന്ന് കാണിച്ച് പ്രേക്ഷകരിലൊരാൾ സന്ദേശമയച്ചിരുന്നു. മാറിടത്തിലെ വിടവ് പുറത്ത് കാട്ടുന്ന വസ്ത്രധാരണം നിങ്ങളുടെ വാർത്തയെ ഇല്ലാതാക്കുമെന്നും അതു സംഭവിക്കാൻ ഇടവരുത്തരുതെന്നുമായി സന്ദേശം.

ഞങ്ങൾ കാണുന്നതിനെക്കുറിച്ച് നിങ്ങൾ കരുതുന്നതും യഥാർത്ഥത്തിൽ ഞങ്ങൾ കാണുന്നതും എന്നും പറഞ്ഞ് കോരിയുടെ രണ്ടുചിത്രങ്ങളും മെസേജിനൊപ്പമുണ്ടായിരുന്നു. അവയിലൊന്നിൽ മാറിടത്തിന്റെ ക്ലോസപ് ദൃശ്യവുമായിരുന്നു. എന്നാൽ, സന്ദേശമയച്ചയാൾക്ക് കോരി നല്ല മറുപടി തന്നെ നൽകി.

എന്റെ ശരീരത്തെ അവഹേളിക്കാനാണ് സന്ദേശം എനിയ്ക്കും സഹപ്രവർത്തകർക്കും അയച്ചിരിക്കുന്നത്. സ്ത്രീയെ ഒരു വസ്ത്രമായോ ശരീരഭാ​ഗമായോ ചുരുക്കാൻ ശ്രമിക്കുന്ന കമ്പ്യൂട്ടറിനുള്ളിലെ പേരില്ലാത്ത പോരാളി അറിയാൻ, ഈ തലമുറയിലെ സ്ത്രീകൾ പീഡകൾക്ക് നിലകൊള്ളുന്നില്ലെന്ന് കോരി ട്വീറ്റ് ചെയ്തു.

സമാനമായ അനുഭവങ്ങൾ മുമ്പും ഉണ്ടായിരുന്നെങ്കിലും ഇക്കുറി അവ​ഗണിക്കാൻ തോന്നിയില്ലെന്ന് കോരി പറയുന്നു. താൻ ആ ചിത്രത്തിൽ ശക്തയായും പ്രൊഫഷണലായും മനോഹരമായുമാണ് തോന്നിച്ചത്. ഇതുകേട്ട് ഭയന്നിരിക്കാനില്ലെന്നും താൻ ഇനിയും ആ വസ്ത്രം ധരിച്ച് വാർത്ത അവതരിപ്പിക്കുമെന്നും കോരി പറഞ്ഞു. ട്വീറ്റ് വൈറലായതോടെ തനിക്ക് പിന്തുണ പ്രഖ്യാപിച്ചെത്തിയവർക്കെല്ലാം കോരി നന്ദി അറിയിച്ചു.