കാലാവസ്ഥ വ്യതിയാനത്തിനെതിരെ അർദ്ധനഗ്ന പ്രതിഷേധം

Saturday 12 September 2020 1:44 AM IST

ലണ്ടൻ: കാലാവസ്ഥ വ്യതിയാനങ്ങൾക്കെതിരെ മേൽ വസ്ത്രം ധരിക്കാതെ എക്സ്റ്റിൻഷൻ റിബല്യൻ എന്ന സംഘടന ബ്രിട്ടീഷ് പാർലമെന്റിന് മുന്നിൽ പ്രതിഷേധം ആരംഭിച്ചു. 'നഗ്ന സത്യത്തെ മറച്ചു വയ്ക്കാനാവുമോ' എന്നെഴുതിയ ബാനറും കൈയിലേന്തിയാണ് പത്ത് ദിവസമായി നീളുന്ന ഇവരുടെ പ്രതിഷേധം. ഈ സ്ത്രീകൾ കഴുത്തിലണിഞ്ഞിരുന്ന ഡെഡ്‌ലോക്കുകൾ പിന്നീട് പൊലീസെത്തി ബലമായി അഴിച്ചു മാറ്റി. ലോക്കുകൾ പാർലമെന്റിന് മുന്നിലെ ഗെയിറ്റ് അഴികളിൽ കുടുക്കിയ നിലയിലായിരുന്നു.

പ്രകൃതി ചൂഷണം ഒരു നഗ്ന സത്യമാണ് എന്നതിനെ പ്രതീകാത്മകമായി കാണിക്കാനായാണ് ഇവർ അർദ്ധ നഗ്നരായി എത്തിയത്. മുഖത്ത് നാല് ഡിഗ്രി സെൽഷ്യസ് എന്ന് എഴുതിയ മാസ്‌കുകളും ഇവരണിഞ്ഞിരുന്നു. ഭൂമിയിലെ താപനില നാല് ഡിഗ്രി വരെ ഉയരാം എന്ന ശാസ്ത്രജ്ഞന്മാരുടെ മുന്നറിയിപ്പിനെ സൂചിപ്പിക്കാനാണ് ഇത്. പട്ടിണി, തുടച്ചുമാറ്റപ്പെടൽ, അക്രമം തുടങ്ങിയ വാക്കുകളും ഇവർ ശരീരത്തിൽ പെയിന്റ് ചെയ്തിരുന്നു.