കണ്ണീർ കൊയ്‌ത് നെൽ കർഷകർ

Saturday 12 September 2020 12:40 AM IST

കിളിമാനൂർ: കാലം തെറ്റിച്ച കാലാവസ്ഥ കാരണം കഷ്ട നഷ്ടങ്ങളുടെ നടുവിലാണ് നെൽക്കർഷകർ. ഒന്നാം വിള ഇറക്കേണ്ട മേയ്, ജൂൺ മാസങ്ങളിലെ കനത്ത മഴ കാരണം ജൂലായിലും ആഗസ്റ്റിലുമാണ് കൃഷിയിറക്കിയത്. തുടർന്ന് കള പറിക്കൽ തുടങ്ങിയെങ്കിലും എല്ലാം മഴയിൽ ഒലിച്ചുപോയി. മഴ പെയ്തതോടെ ബാക്കിയുള്ള കതിരെല്ലാം പതിരായി. പ്രദേശത്തെ ' മിക്ക പഞ്ചായത്തുകളുടെയും അവസ്ഥ ഇതാണ്. കടം വാങ്ങിയും ലോണെടുത്തും തരിശ് വരെ പാട്ടത്തിനെടുത്ത് കൃഷിയിറക്കിയവർ ഇപ്പോൾ പ്രതിസന്ധിയുടെ പടുകുഴിയിലാണ്. ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, കൃഷിഭവൻ, പാഠശേഖര സമിതി എന്നിവരുടെ ശ്രമഫലമായി പ്രദേശത്തെ തരിശ് നിലങ്ങളിൽ പോലും നെൽക്കൃഷിയിരക്കിയപ്പോഴാണ് മഴ വില്ലനായത്. കഴിഞ്ഞ വർഷത്തെക്കാൾ ഇത്തവണ ഇരട്ടി സ്ഥലലങ്ങളാണ് കൃഷി ഇറക്കിയത്. മഴതുടർന്നാൽ ബാക്കിയുള്ള കൃഷികൂടി വെള്ളമെടുക്കുമോ എന്ന ആശങ്കയിലാണ് കർഷകർ.

പ്രതിസന്ധികൾ പലത്

 ഒന്നാം വിളയിറക്കിത് വൈകി

 മഴയത്ത് കതിരെല്ലാം പതിരായി

 മഴകാരണം കൊയ്തു യന്ത്രം ഇറക്കാനാകുന്നില്ല

 പന്നി ശല്യവും രൂക്ഷം

 കർഷകർ സാമ്പത്തിക പ്രതിസന്ധിയിൽ

'ഒന്നാംവിള താമസിച്ചതും മഴയും കാരണം വിളവെടുക്കാൻ വൈകി. ഇതുകാരണം രണ്ടാംവിള ഇറക്കാൻ കഴിയുമോ എന്ന് ആശങ്കയുണ്ട്. കടം വാങ്ങിയും പലിശക്കെടുത്തും കൃഷി ചെയ്‌തവർ ഇപ്പോൾ വന്യമൃഗശല്യവും വിളവില്ലായ്‌മയും കാരണം വിഷമിക്കുകയാണ്".

- ബിനിൽ, നെൽ കർഷകൻ