കോർപറേഷനിൽ മാസ്റ്റർ പ്ളാൻ പൈതൃക വിവാദ ബഹളം

Friday 11 September 2020 10:11 PM IST

തൃശൂർ: മാസ്റ്റര്‍ പ്ലാനിലെ പൈതൃക മേഖലയിലെ ഭേദഗതി വരുത്തിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ കോർപറേഷൻ കൗൺസിലിൽ ഭരണ-പ്രതിപക്ഷ ബഹളം. മുൻ മേയറും പ്രതിപക്ഷ കക്ഷി നേതാവുമായ രാജൻ പല്ലനെതിരെ സി.പി.എം പ്രമേയം അവതരിപ്പിച്ചതിനെതിരെ കോൺഗ്രസ് അംഗങ്ങൾ രംഗത്തെത്തിയതോടെ ബഹളത്തിലായി.

ചർച്ചയില്ലാതെ അജണ്ട അംഗീകരിച്ച് യോഗം അവസാനിപ്പിച്ചു. കൗൺസിൽ ആരംഭിച്ച ഉടനെ സി.പി.എമ്മിലെ പ്രേംകുമാർ ആണ് തനിക്ക് പ്രമേയം അവതരിപ്പിക്കാനുണ്ടെന്ന ആവശ്യമുയർത്തിയത്. എന്നാൽ ചട്ടപ്രകാരം അനുവദിക്കാനാവില്ലെന്ന് പ്രതിപക്ഷം നിലപാടെടുത്തു. എന്നാൽ അജണ്ടയിലെ വിഷയവുമായി ബന്ധപ്പെട്ടാണെന്ന് അറിയിച്ചതോടെ അവതരണാനുമതി നൽകി. മാസ്റ്റർ പ്ളാനിൽ പൈതൃക മേഖലകൾ പൊളിക്കാന്‍ ഒപ്പിടുകയും പിന്നീട് തെറ്റുപറ്റിയെന്ന് പറഞ്ഞ് കോണ്‍ഗ്രസിനായി മാപ്പു പറയുകയും ചെയ്ത രാജൻ പല്ലൻ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും മാസ്റ്റർ പ്ളാൻ വഴി പൈതൃകം തകർക്കുന്നുവെന്ന പ്രചാരണം നടത്തിയതിൽ രാജൻ പല്ലൻ മാപ്പ് പറ‍യണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രമേയം. പ്രമേയത്തെ പിന്തുണച്ച് അനൂപ് കരിപ്പാലും, ഇടത് കൗൺസിലർമാരും രംഗത്തെത്തിയതോടെ പ്രതിപക്ഷവും ഭരണപക്ഷത്തിനെതിരെ മുദ്രാവാക്യമുയർത്തി. ഇതിനിടയിൽ രാജൻ പല്ലൻ മറുപടി പറയാൻ എഴുന്നേറ്റുവെങ്കിലും ഭരണപക്ഷാംഗങ്ങൾ മുദ്രാവാക്യം മുഴക്കി രാജൻ പല്ലൻ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു. സ്വരാജ് റൗണ്ടിൽ നിന്നും 150 മീറ്റർ വരെ പൈതൃകമേഖല മാറ്റം വരുത്തിയതിൽ മറുപടി പറയാൻ പറ്റാതെ മേയറും സംഘവും ഒളിച്ചോടിയെന്ന് രാജൻ ജെ. പല്ലൻ കുറ്റപ്പെടുത്തി. മാസ്റ്റർപ്ലാൻ വിഷയത്തിൽ ഭരണപക്ഷത്തിന് മറുപടി ഇല്ലാത്തതിനാൽ ചർച്ച ഒഴിവാക്കുന്നതിനായുള്ള സമരനാടകമായിരുന്നു നടത്തിയതെന്ന് ജോൺ ഡാനിയേൽ കുറ്റപ്പെടുത്തി. അജണ്ട വായിക്കാതെ പാസാക്കിയ നടപടി അംഗീകരിക്കാനാകില്ലെന്ന് എം.എസ്. സമ്പൂർണ പറഞ്ഞു. സംസാരിക്കാൻ അനുവദിക്കാത്തതിലും അവർ പ്രതിഷേധിച്ചു.