ജലീലിനെ സംരക്ഷിക്കുന്നതിൽ ദുരൂഹത: കെ.സുരേന്ദ്രൻ

Saturday 12 September 2020 12:46 AM IST

തിരുവനന്തപുരം: അന്താരാഷ്ട്ര സ്വർണക്കള്ളക്കടത്ത് കേസിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടേറ്റ് മന്ത്രി കെ.ടി. ജലീലിനെ ചോദ്യം ചെയ്തിട്ടും മുഖ്യമന്ത്രി അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെടാത്തത് സംശയാസ്‌പദമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പറഞ്ഞു. ലൈഫ് പദ്ധതിയിലും മറ്റ് സാമ്പത്തികക്രമക്കേടുകളിലും ജലീൽ മുഖ്യമന്ത്രിയെ സഹായിച്ചിട്ടുണ്ടോയെന്ന സംശയം ന്യായമാണെന്ന് അദ്ദേഹം തിരുവനന്തപുരത്ത് മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. ജലീൽ ഖുറാന്റെ മറവിൽ സ്വർണ്ണം കടത്തിയോയെന്ന സംശയം അതീവഗൗരവമായി നിലനിൽക്കുകയാണ്. യു. എ.ഇ കോൺസുലേറ്റുമായി ജലീൽ നടത്തിയ ചട്ടലംഘനവും സ്വർണ ക്കടത്ത് കേസിലെ പ്രതികളുമായുള്ള അദ്ദേഹത്തിന്റെ വഴിവിട്ട ബന്ധവും ഇ.ഡിക്ക് മനസിലായിട്ടുണ്ട്. ജലീൽ രാജിവയ്ക്കും വരെ സംസ്ഥാന വ്യാപകമായി ബി.ജെ.പി പ്രക്ഷോഭം നടത്തും.