സലാഹുദ്ദീൻ വധം: വാഹനങ്ങൾ തിരിച്ചറിഞ്ഞു
കൂത്തുപറമ്പ്: എസ്.ഡി.പി.ഐ.പ്രവർത്തകൻ കണ്ണവത്തെ സയ്യിദ് സലാഹുദ്ദീനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികൾ സഞ്ചരിച്ച വാഹനങ്ങൾ പൊലീസ് തിരിച്ചറിഞ്ഞു. സലാഹുദ്ദീൻ സഞ്ചരിച്ച കാറിൽ ഇടിച്ച ബൈക്ക് ഉൾപ്പെടെയുള്ള വാഹനങ്ങളെ സംബദ്ധിച്ചാണ് അന്വേഷണ സംഘത്തിന് കൃത്യമായ സൂചനകൾ ലഭിച്ചിട്ടുള്ളത്.
പ്രതികൾ സഞ്ചരിച്ച കാർ കഴിഞ്ഞ ദിവസം ഉപേക്ഷിക്കപ്പെട്ട നിലയിൽ ചിറ്റാരിപ്പറമ്പ് അമ്മറമ്പ് കോളനി പരിസരത്തുനിന്നും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കോളയാട് സ്വദേശിയിൽ നിന്നും വാടകക്കെടുത്ത കാറാണ് കൃത്യം നിർവ്വഹിച്ച ശേഷം കോളനി പരിസരത്ത് ഉപേക്ഷിച്ചിരുന്നത്. അതേ സമയം മറ്റ് പ്രതികളെ കണ്ടെത്തുന്നതിന് വേണ്ടിയുള്ള അന്വേഷണവും പൊലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്.
ഒളിവിൽ കഴിയുന്ന പ്രതികളെ കണ്ടെത്തുന്നതിന് വേണ്ടി ഇന്നലെയും കണ്ണവം ഭാഗത്ത് പൊലീസ് തിരച്ചിൽ നടത്തി.എന്നാൽ പ്രതികൾക്ക് ശക്തമായ രാഷ്ട്രീയബന്ധമുള്ളതാണ് പൊലീസിനെ കുഴക്കുന്നത്. കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് ആർ.എസ്.എസ്. പ്രവർത്തകരെയാണ് പ്രത്യേക അന്വേഷണ സംഘം ഇതുവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്. ചിറ്റാരിപ്പറമ്പിനടുത്ത ചൂണ്ടയിലെ അമൽരാജ്, പ്രബിൻ, ആഷിഖ് ലാൽ എന്നിവരാണ് അറസ്റ്റിലായത്. റിമാൻഡിൽ കഴിയുന്ന പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനുള്ള നീക്കവും പൊലീസ് ആരംഭിച്ചിട്ടുണ്ട്. കൊലപാതകവുമായി പത്തോളം പേർക്ക് ബന്ധമുണ്ടെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുള്ള സൂചനകൾ. എന്നാൽ സംഭവം നടന്ന് നാലുദിവസം പിന്നിട്ടിരിക്കെ പ്രധാന പ്രതികളെ ഉൾപ്പെടെ പിടിക്കാനാവാത്തത് പൊലീസിന് ക്ഷീണമായി മാറിയിട്ടുണ്ട്.