ചിലമ്പും ചങ്ങലയും
മനുഷ്യന്റെ തലച്ചോറ് കവിതയോട് പ്രത്യേക വൈദ്യുതി തരംഗങ്ങൾ സൃഷ്ടിച്ചു പ്രതികരിക്കുമത്രേ. സാധാരണ ഗദ്യവും, പ്രാസവും വ്യംഗ്യാർത്ഥങ്ങളുമുള്ള പദ്യവും ഒരേ ആളുക
ളെ കേൾപ്പിക്കുകയും അവരുടെ ഇ.ഇ.ജി (Electro Encephalogram) നിരീക്ഷിക്കുകയും ചെയ്ത് ബ്രിട്ടനിലെ ബാങ്കോർ യൂണിവേഴ്സിറ്റിയിൽ നടത്തിയ പഠനം Frontiers of Psychology എന്ന ജേർണലിൽ പ്രസിദ്ധീകരിച്ചു. ആ പഠനത്തിലാണ് ഈ കണ്ടെത്തൽ. മനുഷ്യന്റെ അബോധ മനസിൽ വരെ സ്വാധീനം ചെലുത്താൻ കവിതാശീലുകൾക്കു സാധിയ്ക്കുമത്രേ.
'ഓമനത്തിങ്കൾ കിടാവോ
നല്ല കോമളത്താമരപ്പൂവോ'
എന്നു താരാട്ടു കേട്ടുറങ്ങുന്ന കുഞ്ഞിന് മനസും അബോധമനസും ശാന്തിയിലേയ്ക്കു വഴുതുന്ന നല്ല ഉറക്കം ലഭിയ്ക്കുന്നതിൽ എന്ത് അദ്ഭുതം? ഇരയിമ്മൻ തമ്പി രചിച്ച ഈ താരാട്ടു പാട്ടു കേട്ടുറങ്ങിയ കുഞ്ഞ് വിശ്വവിഖ്യാതനായ സംഗീതജ്ഞനായി (സ്വാതിതിരുനാൾ) മാറിയതിൽ അദ്ഭുതപ്പെടാനില്ല. ചുറ്റുമുള്ള പ്രപഞ്ചവുമായി ഐക്യപ്പെടുന്ന മാനസിക തരംഗങ്ങൾ സൃഷ്ടിക്കപ്പെടുന്നുവെങ്കിൽ ആ വ്യക്തിയ്ക്ക് സ്വാഭാവികമായി ശാന്തി ലഭിയ്ക്കുന്നു. അതിനുതകുന്ന രീതിയിൽ ശരീരത്തേയും മനസിനെയും പ്രജ്ഞയേയുമെല്ലാംപഞ്ചഭൂതങ്ങളും പ്രപഞ്ചവുമായി സമരസപ്പെടുത്താൻ വളരെ സ്വാഭാവികമായ ഒരു മാർഗമായി ചേലൊത്ത വാക്കുകൾ കൊണ്ടു കോർത്തഭംഗിയാർന്ന മാലയായ കവിത കേട്ടുറങ്ങിയുണർന്നാൽ മതിയത്രേ.വലിയ ഗവേഷണങ്ങളൊന്നുമില്ലാതെ നമ്മുടെ അമ്മമാർ ഇതു കണ്ടെത്തിയിരുന്നു. 'ഓമനക്കുട്ടൻ ഗോവിന്ദൻ ബലരാമനെ കൂടെക്കൂടാതെ' എന്ന ഉറക്കു പാട്ടു പാടി അമ്മ എന്നെ ഉറക്കിയിരുന്നത് ഇന്നും എനിക്കോർമ്മയുണ്ട്.അതും 'എൻ കുഞ്ഞുറങ്ങിക്കൊൾ' എന്നവള്ളത്തോൾ ഉറക്കുപാട്ടും പാടിഞാനെന്റെ കൊച്ചനുജനെ ഉറക്കിയിരുന്നതും ഓർക്കുന്നു.
മോളുണ്ടായപ്പോഴും ഈ താരാട്ടുപാട്ടുകൾ അവളെ ഉറക്കാൻ കൂട്ടിനുണ്ടായിരുന്നു.
പട്ടുനൂലിൽ ഏറെ ശ്രദ്ധയോടെ കോർത്തതുപോലുള്ള വാക്കുകളും ആശയങ്ങളും ചേർന്ന കവിതകൾ കൊച്ചു ക്ലാസിൽ ടീച്ചർ ചൊല്ലിപ്പഠിപ്പിച്ചിരുന്നതെന്തിനാണെന്ന് കുട്ടിയായിരിയ്ക്കുമ്പോൾ അറിയില്ലായിരുന്നു. എങ്കിലും ചെറുശ്ശേരിയുടെയും കുഞ്ചൻനമ്പ്യാരുടെയുമൊക്കെ കവിതകൾ ചൊല്ലിപ്പഠിപ്പിച്ചതും അതു കാണാപ്പാഠമായി ക്ലാസ്സിൽചൊല്ലിയിരുന്നതുമൊക്കെ സുഖകരമായ ഓർമ്മകളാണ്. അവബുദ്ധിയുടെയും മനസ്സിന്റെയും വികാസംശരിയായ ദിശയിലാകാൻ സഹായിച്ചിരുന്നിരിയ്ക്കണം. ആ കവിതകളൊക്കെ ഇന്നും ഏത് ഉറക്കത്തിലും ചൊല്ലാം.'നമ്മടെ തലക്കണ്ടത്തിനു പൊലി പൊലി' എന്നു താളത്തിനു പാടി ഞാറുനടുന്നതിനൊപ്പമിറങ്ങി കുഴഞ്ഞ ചേറിന്റെ മണവും തണവും അറിഞ്ഞു പൊട്ടിപ്പൊട്ടിച്ചിരിച്ചു കളിച്ച കൊച്ചു സന്ധ്യയെ ഓർമ്മ വരുന്നു.
പണിക്കാർക്കൊപ്പം ഒരു തോർത്തുമുടുത്തു കണ്ടത്തിലിറങ്ങുന്ന എന്റെ അപ്പൂപ്പന്റെചുണ്ടത്ത് എന്നെ എടുത്ത് നടക്കുമ്പോഴും താളത്തിൽ നാടൻ പാട്ടുകൾ തത്തിക്കളിച്ചിരുന്നു. പ്രാതലിനു കേറാറായി എന്ന് അമ്മൂമ്മയെ അറിയിക്കാനായിവരമ്പത്തു നിന്ന് ഹോയ് എന്നു നീട്ടി വിളിച്ചറിയിക്കുന്നതിനും ഉണ്ടായിരുന്നു താളം. എല്ലുമുറിയെ പണിതുകയറി അന്നന്നുള്ള വിളകൾ ചേർത്തുണ്ടാക്കുന്ന ആ പ്രാതൽ കഴിക്കുമ്പോഴും അതിനിടെ സ്‌നേഹവർത്തമാനങ്ങൾ കൈമാറുമ്പോഴുമൊക്കെയുള്ള ആ ഹാർമണിയും സിംഫണിയും ഓർക്കസ്‌ട്രേഷനും ജീവിതത്തിൽ മറ്റെവിടെ കാണാനാണ്? മണ്ണും പ്രകൃതിയും മനുഷ്യനും താളബോധവും പരസ്പര സ്‌നേഹവും കൂട്ടായ്മയും ചേരുമ്പോഴുള്ള ഏകാത്മകത! ഒരിക്കൽ ചേറുപറ്റിയ തോർത്തുടുത്ത് കണ്ടത്തിൽ നിന്നിരുന്ന അപ്പൂപ്പനെ കാണാൻ ആരോ വെള്ള മുണ്ടുടുത്തവർ വരമ്പത്തെത്തി. അടുത്തു നിന്നിരുന്ന നാലോ അഞ്ചോ വയസുള്ള കൊച്ചു സന്ധ്യ അപ്പൂപ്പനെ കെട്ടിപ്പിടിച്ചു കൊണ്ടു പറഞ്ഞു, 'എന്റപ്പൂപ്പന്റെ മുണ്ടു നല്ല മുണ്ടാ'.
തൃശൂർ അരിയങ്ങാടിയിൽ ഭാരവണ്ടി വലിക്കുന്നവരുടെ ഹൈലസാ പാട്ടിന്റെ താളബോധം മറ്റെവിടെയും ഞാൻ കണ്ടിട്ടില്ല. വണ്ടിയുടെ ബാലൻസും ഓട്ടത്തിന്റെ വേഗവും പാട്ടിന്റെ താളവുമൊരുമിയ്ക്കുന്ന അധ്വാനത്തിന്റെ സിംഫണി! അതിൽ പൊഴിയുന്ന വിയർപ്പുകണങ്ങളുടെ വില!
സുകുമാർ അഴീക്കോടു സാർ തീരെ സുഖമില്ലാതെ അമല ആശുപത്രിയിൽ കിടക്കുന്ന അവസരം. അദ്ദേഹത്തെ കാണാനായി ഞാൻ അരികിലെത്തി.അദ്ദേഹത്തിന്റെ കണ്ണുകളിലെ സന്തോഷം ഞാൻ വായിച്ചെടുത്തു. സംസാരിയ്ക്കാനാവാത്തതിന്റെ വിഷമവും വായിക്കാനായി. ഞാനെന്തെങ്കിലും ചോദിച്ചാൽ മറുപടി പറയാനായി അദ്ദേഹം പാടുപെടും. അതൊഴിവാക്കാനായി ഞാൻ പറഞ്ഞു.
'മാഷേ, ചങ്ങമ്പുഴയുടെ രമണനിലെ ഗ്രാമവർണ്ണന മാഷിനിഷ്ടമാകു
മല്ലോ. ഞാനതു ചൊല്ലിക്കേൾപ്പിക്കാം'. മാഷിന്റെ മുഖത്ത് ഒരു കൊച്ചുകു
ഞ്ഞിന്റേതുപോലെ സന്തേഷം നിറഞ്ഞ ചിരിവിടർന്നു. ചൊല്ലിക്കഴിഞ്ഞപ്പോഴും നിറ ചിരിയും സന്തോഷവും ആ മുഖത്തു പ്രഭവിടർത്തി. ഇങ്ങോട്ടു വാക്കുകളൊന്നും പറയിപ്പിക്കാതെ മാഷിന്റെ മനസ്സിൽ സ്വാസ്ഥ്യം നിറയ്ക്കുവാനായതിന്റെ ചാരിതാർത്ഥ്യത്തോടെ ഞാൻ മുറി വിട്ടിറങ്ങി.
പ്രപഞ്ചമനസുമായി നമ്മുടെ മനസു സമരസപ്പെടുന്നത് പ്രപഞ്ചസത്തയുമായി ചേരുന്ന വിധത്തിൽ നമ്മിലെ ഭാവങ്ങളുണരുമ്പോഴാണ്. കവിതയും സംഗീതവും നൃത്തവുമൊക്കെ ഇത്തരം സാധ്യതകൾ തുറന്നിടുന്നു. ജീവിതത്തിൽ സ്വാഭാവിക താളബോധം ഉരുത്തിരിയുമ്പോൾ ചിലമ്പണിഞ്ഞു ജീവിതം താളത്തിലാടുന്നു. ചെയ്യുന്ന ഓരോ പ്രവൃത്തിയിലും താളവും ലയവുമുണ്ടെങ്കിൽ ചിലമ്പണിഞ്ഞാടുന്ന ജീവിത നൃത്തം സഫലമാകുന്നു. അദ്ധ്വാനം ചുഷണമാകുമ്പോൾ, മടിയുടെ കൊടുമുടിയിൽ അദ്ധ്വാനം അന്യമാകുമ്പോൾ, പരസ്പര സ്‌നേഹവും വിശ്വാസവും വെറുപ്പിനും മത്സരത്തിനും വഴിമാറുമ്പോൾ ജീവിതത്തിൽ ചിലമ്പിനു പകരം ചങ്ങലകൾ വീഴുന്നു… ജീവിതം താളം തെറ്റുന്നു. താളബോധമുള്ള വാക്കുകളും പ്രവർത്തികളും നമ്മുടെ ജീവിതത്തെ ചിലമ്പണിയിക്കട്ടെ.